മലയാളം വാ‍ർത്താ ചാനലുകളുടെ റേറ്റിങ്ങിൽ അജയ്യത തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. പോയിന്റ് നിലയിൽ വൻ ഇടിവ് ഉണ്ടായെങ്കിലും രണ്ടാം സ്ഥാനത്ത് റിപോർട്ടർ ടിവി തന്നെ. പതിവുപോലെ ട്വന്റി ഫോർ ന്യൂസ് മൂന്നാമത്. ഒരു വർഷത്തോളമായി മനോരമ ന്യൂസിന് പിന്നിലായിരുന്ന മാതൃഭൂമി ന്യൂസ് ആട്ടിമറിയിലൂടെ നാലാം സ്ഥാനത്തേക്ക് കുതിച്ചു. ഒരേ റൂട്ടിലോടുന്ന ബസായ മനോരമ അഞ്ചാമതും !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
asianet reporter 24 channel

കോട്ടയം: മലയാളം വാ‍ർത്താ ചാനലുകളുടെ റേറ്റിങ്ങിൽ അജയ്യത തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. ബ്രോഡ് കാസ്റ്റ് ഓ‍ഡിയൻസ് റിസർച്ച് കൗൺസിൽ (BARC) പുറത്തുവിട്ട വാർത്താ ചാനലുകളുടെ 51-ാം ആഴ്ചയിലെ റേറ്റിങ്ങിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.

Advertisment

93.82 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തിയത്. പോയിന്റ് നിലയിൽ വൻ ഇടിവ് ഉണ്ടായെങ്കിലും റിപോർട്ടർ ടിവി തന്നെയാണ് രണ്ടാം സ്ഥാനത്ത്. 70.81 പോയിന്റാണ് റിപോർട്ടർ ടിവി 51-ാം ആഴ്ചയിൽ കരസ്ഥമാക്കിയത്.


65.56 പോയിന്റുമായി ട്വന്റി ഫോർ ന്യൂസ് മൂന്നാം സ്ഥാനത്തുണ്ട്. രണ്ടാം സ്ഥാനക്കാരായ റിപോർട്ടറും ട്വൻറി ഫോറും തമ്മിൽ വെറും 5.25 പോയിന്റ് വ്യത്യാസം മാത്രമേയുളളു.


ആദ്യ മുന്ന് സ്ഥാനക്കാർ റേറ്റിങ്ങിൽ അതേ സ്ഥാനം നിലനിർത്തിയെങ്കിലും നാലാം സ്ഥാനത്ത് വൻ അട്ടിമറിയുണ്ട്.

ഒരു വർഷത്തോളമായി മനോരമ ന്യൂസിന് പിന്നിൽ അഞ്ചാം സ്ഥാനത്തായിരുന്ന മാതൃഭൂമി ന്യൂസാണ് അട്ടിമറി നടത്തിയിരിക്കുന്നത്. മനോരമ ന്യൂസിനെ നേരിയ വ്യത്യാസത്തിൽ മറികടന്ന മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്തേക്ക് എത്തി.


51-ാം ആഴ്ചയിൽ മാതൃഭൂമി ന്യൂസ് 39.61 പോയിൻറ് നേടിയപ്പോൾ മനോരമ ന്യൂസിന് 38.24 പോയിന്റ് മാത്രമേ നേടാനായുളളു. നാലും അഞ്ചും സ്ഥാനക്കാർ തമ്മിലുളള വ്യത്യാസം ഒരു പോയിന്റാണ്.


റിപോർട്ടറിൻെറ റീലോഞ്ച് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോൾ മുതൽ എന്നും മാതൃഭൂമി ന്യൂസ് മനോരമക്ക് പിന്നിൽ അഞ്ചാം സ്ഥാനത്തായിരുന്നു. അതിന് മുൻപ് മനോരമ മൂന്നാമതും മാതൃഭൂമി

ന്യൂസ് നാലാം സ്ഥാനത്തും എന്നതായിരുന്നു സ്ഥാനക്രമം.ഇടക്ക് രണ്ട് പോയിന്റ് വ്യത്യാസത്തിൽ മനോരമക്ക് അടുത്ത് വന്നിട്ടുളള മാതൃഭൂമി ന്യൂസ് വർഷങ്ങൾക്ക് ശേഷമാണ് ചാനൽ റേറ്റിങ്ങിൽ മനോരമയെ മറികടക്കുന്നത്.

നാലാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടത് മനോരമ ന്യൂസിന് കനത്ത പ്രഹരമായി.


കേരളത്തിലെ പ്രധാന മീഡിയാ ഹൗസ് എന്ന നിലിയിൽ പുലർത്തിയിരുന്ന മേധാവിത്വ മനോഭാവം വിട്ട് ചാനലിൻെറ കാര്യത്തിൽ മനോരമ മാനേജ്മെന്റ് വലിയ വിട്ടുവീഴ്ചകൾക്ക് തയാറായിട്ടും റേറ്റിങ്ങിൽ പിന്നാക്കം പോകുന്നത് കനത്ത ക്ഷീണമായി.


സത്യൻ അന്തിക്കാട് സിനിമയെപ്പറ്റി നടൻ സലിം കുമാർ കളിയാക്കിയത് പോലെ ഒരേ റൂട്ടിലോടുന്ന ബസാണ് വാർത്താ ചാനലുകളിലെ മനോരമ ന്യൂസ്.

പഴയ വാർത്താവതരണ രീതിയിൽ കാര്യമായ മാറ്റത്തിനോ പരിഷ്കാരങ്ങൾക്കോ മനോരമ തയാറായിട്ടില്ല. പത്രത്തെപോലെ പരമ്പരാഗത പ്രേക്ഷകർ പിന്തുണക്കും എന്ന പ്രതീക്ഷയിലായിരുന്നു ചാനലിൻെറ മുന്നോട്ട് പോക്ക്.


എന്നാൽ ചാനൽ പ്രക്ഷകരുടെ കാഴ്ചാഭിരുചിയിൽ വൻമാറ്റം വന്നതോടെ ഈ പ്രതീക്ഷയറ്റു. ഡിജിറ്റൽ പ്ലാറ്റ് ഫോമുകളെ പിന്തുടർന്ന് ഫുഡ് ട്രാവൽ വാർത്താ രീതികളിൽ നിന്ന് പിൻവലിഞ്ഞതാണ് മാതൃഭൂമി ന്യൂസിന് ഉയിർപ്പ് നൽകിയത്.


ഗൗരവമുളള വാർത്തകൾ കൈകാര്യം ചെയ്യുന്ന പഴയരീതിയിലേക്ക് വന്നതോടെ മാതൃഭൂമിക്ക് പ്രേക്ഷക പിന്തുണ കൂടി.സാമൂഹ്യ വിഷയങ്ങളിൽ ഊന്നിയുളള വാർത്താശൈലിയാണ് മാതൃഭൂമി ന്യൂസ് ഇപ്പോൾ പിന്തുടരുന്നത്.

വാർ‍ത്താ ചാനൽ റേറ്റിങ്ങിൽ കേരളാ യൂണിവേഴ്സ് വിഭാഗത്തിലാണ് 93.82 പോയിന്റ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്. മുൻ ആഴ്ചയിലേക്കാൾ 2 പോയിൻേറാളം ഏഷ്യാനെറ്റ് ന്യൂസിന് കുറഞ്ഞു.


രണ്ടാം സ്ഥാനക്കാരായ റിപോർട്ടർ ടിവിക്കാണ് വൻനഷ്ടം സംഭവിച്ചത്. തൊട്ട് മുൻപുളള ആഴ്ചയിൽ 78 പോയിന്റ് ഉണ്ടായിരുന്ന റിപോർട്ടർ 70.81 പോയിന്റിലേക്ക് കൂപ്പുകുത്തി. 


തൊട്ടുമുൻപുളള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 7 പോയിന്റിൻെറ കുറവാണ് റിപോർട്ടറിന് ഉണ്ടായിരിക്കുന്നത്. ഇതോടെ മൂന്നാം സ്ഥാനക്കാരായ ട്വന്റി ഫോറുമായുളള വ്യത്യാസം 5 പോയിന്റായി കുറയുകയും ചെയ്തു.

ഇതും റിപോർട്ടറിന് ആശങ്കയുണ്ടാക്കാൻ പോന്നതാണ്. ഈയാഴ്ചയിലും ജനം ടിവിയാണ് വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ ആറാം സ്ഥാനത്തുളളത്. 20.08 പോയിന്റാണ് ജനം ടിവിയുടെ നേട്ടം.

16.11 പോയിന്റുമായി കൈരളി ന്യൂസ് ഏഴാം സ്ഥാനത്തും 13.53 പോയിന്റുമായി ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തുമുണ്ട്. 8.15 പോയിന്റുമായി മീഡിയാ വണ്ണാണ് ഏറ്റവും പിന്നിലുളളത്.

Advertisment