/sathyam/media/media_files/2025/08/07/anto-ajith-johny-2025-08-07-15-44-50.png)
കോട്ടയം: വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ റിപോർട്ടർ ടിവിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. വി.എസിൻെറ നിര്യാണം പ്രധാന വാർത്തയായ വാരത്തിൽ വൻ കുതിപ്പ് നടത്തി ഒന്നാമെതിത്തിയ റിപോർട്ടർ ടിവിയെ അട്ടിമറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തി.
ചാനൽ റേറ്റിങ്ങ് നടത്തുന്ന ഏജൻസിയായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ അഥവാ ബാർക് ഇന്ന് പുറത്തുവിട്ട റേറ്റിങ്ങ് കണക്കിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്താ ചാനൽ രംഗത്തെ മേധാവിത്വം തിരിച്ചുപിടിച്ചത്.
ജൂലൈ 27 മുതൽ ഓഗസ്റ്റ് 2 വരെയുളള ഒരാഴ്ച്ചക്കാലത്തെ റേറ്റിങ്ങാണ് ഇന്ന് പുറത്തുവന്നത്. റേറ്റിങ്ങിലെ കേരള യൂണിവേഴ്സ് വിഭാഗത്തിൽ 95 പോയിൻറ് നേടിക്കൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തേക്ക് മടങ്ങി വന്നിരിക്കുന്നത്.
വി.എസിൻെറ നിര്യാണം സംഭവിച്ച ആഴ്ചയിലെ റേറ്റിങ്ങിൽ യൂണിവേഴ്സ് വിഭാഗത്തിൽ 191 പോയിൻറ് നേടിയ റിപോർട്ടർ ടിവി ഇതര ചാനലുകളെ ഞെട്ടിച്ചിരുന്നു.
153 പോയിൻ്റ് നേടിയ ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. വി.എസ് കവറേജ് ആഴ്ചയിലെ ഉയർന്ന പോയിൻ്റ് നേട്ടം നിലനിർത്താനായില്ലെങ്കിലും 95 പോയിൻ്റുമായി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു വരാൻ ഏഷ്യാനെറ്റ് ന്യൂസിന് സാധിച്ചു.
മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 58 പോയിൻ്റാണ് ഏഷ്യാനെറ്റ് ന്യൂസിൻ്റെ നഷ്ടം. എന്നാൽ 191 പോയിൻ്റിൽ നിന്ന് 88 പോയിൻ്റിലേക്ക് റിപോർട്ടർ ടിവി കൂപ്പുകുത്തിയതാണ് ഏഷ്യാനെറ്റ് ന്യൂസിന് അനുഗ്രഹമായത്.
മുൻ ആഴ്ചയിൽ നിന്ന് 101 പോയിൻ്റ് നഷ്ടപെട്ട് 88 പോയിൻ്റിലേക്ക് വീണതോടെ റിപോർട്ടർ ടിവി രണ്ടാം സ്ഥാനത്തേക്ക് എത്തി.
വി.എസ് അന്തരിച്ച ആഴ്ചയിലെ പ്രകടനം ആവർത്തിക്കാൻ കഴിയാതെ പോയാൽ ഒന്നാം സ്ഥാനം നഷ്ടമാകുമെന്ന് കഴിഞ്ഞ ദിവസത്തെ എഡിറ്റോറിയൽ യോഗത്തിൽ റിപോർട്ടർ മാനേജിങ് ഡയറക്ടർ ആൻ്റോ അഗസ്റ്റിൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഈ ആശങ്ക ശരിവെക്കുന്ന പോയിൻ്റ് നിലയാണ് ഇന്ന് പുറത്ത് വന്ന റേറ്റിങ്ങ് കണക്കുകളിലുളളത്. പ്രധാന സംഭവങ്ങൾ നടക്കുമ്പോഴല്ലാതെ ഒന്നാം സ്ഥാനത്തേക്ക് വരാൻ റിപോർട്ടറിന് കഴിയുന്നില്ലെന്ന വസ്തുത കൂടിയാണ് ഇത്തവണത്തെ റേറ്റിങ്ങിലൂടെ പുറത്തുവരുന്ന മറ്റൊരു വസ്തു.
വൻസംഭവങ്ങൾ ഇല്ലാത്ത ആഴ്ചകളിൽ റേറ്റിങ്ങിൽ മുന്നിലെത്തണമെങ്കിൽ നല്ല കണ്ടൻറുളള വാർത്തകൾ കൊണ്ടുവരാൻ കഴിയണം. റീലോഞ്ച് ചെയ്ത് രണ്ട് വർഷം പിന്നിട്ടിട്ടും ഈ ദൗർബല്യം പരിഹരിക്കാൻ റിപോർട്ടർ ടിവിക്ക് കഴിയുന്നില്ല.
വിശ്വാസ്യതയുളള റിപോർട്ടർമാർ ഇല്ലാത്തതും വായിൽതോന്നിയതെന്തും വിളിച്ചുപറയുന്ന അവതാരകരുമാണ് മികച്ച കണ്ടൻറ് പ്രദാനം ചെയ്യുന്നതിന് റിപോർട്ടർ ടിവിക്ക് മുന്നിലുളള തടസം.
മാനേജ്മെൻറ് ഉണ്ടാക്കുന്ന വിവാദങ്ങളും ചാനലിൻെറ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. വി.എസിൻെറ നിര്യാണവാർത്ത സംഭവിച്ച ആഴ്ചയിൽ മൂന്നാം സ്ഥാനത്തേക്ക് വീണ ട്വൻറി ഫോറിന് ഈയാഴ്ചയിലും ആഗ്രഹിച്ച രണ്ടാം സ്ഥാനത്തേക്ക് വരാനായിട്ടില്ല.
യൂണിവേഴ്സ് വിഭാഗത്തിൽ യൂണിവേഴ്സ് വിഭാഗത്തിൽ 76 പോയിൻറാണ് ട്വൻറി ഫോറിൻെറ സമ്പാദ്യം. മുൻ ആഴ്ചയിൽ 125 പോയിൻറ് ഉണ്ടായിരുന്ന ട്വൻറി ഫോറിന് 49 പോയിൻറാണ് നഷ്ടം. അവതാരകരെ മാത്രം ആശ്രയിച്ചുളള ഷോ ബിസിനസിൽ ശ്രദ്ധ ഊന്നുന്നതാണ് ട്വൻറിഫോർ നേരിടുന്ന പ്രശ്നം.
മൂന്ന് ആഴ്ചയിലേറെയായി അഞ്ചാം സ്ഥാനത്ത് തുടരുന്ന മനോരമ ന്യൂസിന് ഈയാഴ്ചയും അതിൽ നിന്ന് കരകയറാനായിട്ടില്ല. കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 39 പോയിൻറ് മാത്രമുളള മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസിന് പിന്നിൽ അഞ്ചാം സ്ഥാനത്താണ്.
41 പോയിൻറുളള മാതൃഭൂമി ന്യൂസ് നാലാം സ്ഥാനം നിലനിർത്തി. കെട്ടിലും മട്ടിലും കാര്യമായ അഴിച്ചുപണി നടത്തിയ ശേഷം മനോരമ ന്യൂസിന് റേറ്റിങ്ങിൽ ഇടിവ് സംഭവിക്കുകയാണ്.
ലുക്ക് ആൻറ് ഫീലിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ചാനലിൻെറ സ്ഥിരം പ്രേക്ഷകർക്ക് പോലും സ്വീകാര്യമായിട്ടില്ലെന്ന് വേണം കരുതാൻ. വാർത്താ കാമ്പെയ്നുകളും മറ്റുമായി വാർത്താവതരണത്തിൽ ജനപ്രിയ ശൈലി സ്വീകരിച്ചതാണ് മാതൃഭൂമി ന്യൂസിന് നേട്ടമായത്.
കഴിഞ്ഞ വാരം കൈരളി ന്യൂസിന് പിന്നിലായി ഏഴാം സ്ഥാനത്തേക്ക് വീണുപോയ ന്യൂസ് മലയാളം 24x7 ചാനൽ ഈയാഴ്ച പഴയ ആറാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
യൂണിവേഴ്സ് വിഭാഗത്തിൽ 26 പോയിൻറ് നേടിയാണ് ന്യൂസ് മലയാളം ചാനൽ കൈരളിയെ മറികടന്ന് ആറാം സ്ഥാനം തിരിച്ചുപിടിച്ചത്.
ഏഴാം സ്ഥാനത്തേക്ക് പോയ കൈരളി ന്യൂസിന് 18 പോയിൻറ് മാത്രമേ നേടാനായുളളു. വി.എസിൻെറ നിര്യാണ വാർത്തയുടെ കവറേജാണ് കഴിഞ്ഞയാഴ്ച കൈരളിക്ക് റേറ്റിങ്ങ് കുതിപ്പ് സമ്മാനിച്ചത്.
14 പോയിൻറുമായി ന്യൂസ് 18 കേരളമാണ് റേറ്റിങ്ങിൽ എട്ടാം സ്ഥാനത്തുളളത്. 9 പോയിൻറുമായി മീഡിയാ വൺ ചാനൽ ഒൻപതാം സ്ഥാനത്തുമുണ്ട്. ജനം ടിവിയുടെ റേറ്റിങ്ങ് ഈയാഴ്ചയും ബാർക് പുറത്തുവിട്ടിട്ടില്ല.