/sathyam/media/media_files/2025/08/14/channel-rating-this-week-4-2025-08-14-16-17-52.jpg)
തിരുവനന്തപുരം: വാർത്താ ചാനലുകളുടെ റേറ്റിങ്ങ് മത്സരത്തിൽ അജയ്യത തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്.തൂടർച്ചയായി മൂന്നാമത്തെ ആഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്.
വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുത്തനെ കുറഞ്ഞിട്ടും ശക്തമായ മത്സരത്തെ അതിജീവിച്ച് ഒന്നാം സ്ഥാനത്ത് തുടരാനായത് ഏഷ്യാനെറ്റ് ന്യൂസിൻെറ ആത്മവിശ്വാസം ഉയർത്താൻ പോന്നതാണ്.
വാർത്താ ചാനലുകളുടെ റേറ്റിങ്ങ് വിലയിരുത്തുന്ന ഏജൻസിയായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) പുറത്തുവിട്ട റേറ്റിങ്ങിലാണ് ഏഷ്യാനെറ്റ് ന്യൂസിൻെറ അജയ്യ നേട്ടം.
റേറ്റിങ്ങിലെ പ്രധാന വിഭാഗങ്ങളിൽ ഒന്നായ കേരളാ യൂണിവേഴ്സ് അടക്കമുളള വിഭാഗങ്ങളിലാണ് ഏഷ്യാനെറ്റ് ഒന്നാമതെത്തിയത്.യൂണിവേഴ്സ് വിഭാഗത്തിൽ 86 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിൻെറ നേട്ടം.
തൊട്ടു മുൻപുളള ആഴ്ചയിലേക്കാൾ ഏഷ്യാനെറ്റ് ന്യൂസിന് 10 പോയിന്റ് കുറഞ്ഞിട്ടുണ്ട്. വലിയ വാർത്താ സംഭവങ്ങളില്ലാത്തത് കൊണ്ട് പ്രേക്ഷകർ കൂട്ടത്തോടെ ചാനലുകൾ വിട്ട് പോകുന്നു എന്നതിൻെറ തെളിവാണ് പോയിന്റ് നിലയിലെ ഈ ഇടിവ്.
ഏഷ്യാനെറ്റ് ന്യൂസിന് വെട്ടി ഒന്നാം സ്ഥാനത്തേക്ക് കടന്നിരിക്കാൻ ശ്രമിക്കുന്ന റിപോർട്ടർ ടിവി ഇത്തവണയും രണ്ടാം സ്ഥാനത്താണ്. കേരള യൂണിവേഴ്സ് വിഭാഗത്തിൽ 78 പോയിന്റ് നേടിയാണ് റിപോർട്ടർ ടിവി രണ്ടാം സ്ഥാനം നിലനിർത്തിയത്.
ഏഷ്യാനെറ്റിനെ മറികടന്ന് ഒന്നാമതെത്താനുളള റിപോർട്ടറിൻെറ ശ്രമം തുടർച്ചയായി മൂന്നാം ആഴ്ചയിലും പരാജയപ്പെട്ടുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നാൽ മുൻ ആഴ്ചയുമായി തട്ടിച്ച് നോക്കുമ്പോൾ പോയിന്റ് നിലയിൽ കാര്യമായ നഷ്ടമില്ല എന്നത് റിപോർട്ടറിന് പ്രതീക്ഷ നൽകുന്നുണ്ട്.
ഒന്നാം സ്ഥാനക്കാരായ ഏഷ്യാനെറ്റുമായി 8 പോയിന്റിൻെറ വ്യത്യാസം മാത്രമാണ് റിപോർട്ടറിനുളളത്. രാഹൂൽ മാങ്കൂട്ടത്തിലിന് എതിരായ പരാതിയിൽ ആക്രമണോത്സുകമായ റിപോർട്ടിങ്ങ് നടത്തുകയും ഇതര ചാനലുകൾ പുറത്തവിടാൻ മടിച്ച അശ്ലീല ചുവയുളള ഫോൺ സംഭാഷണങ്ങൾ സംപ്രേഷണം ചെയ്യുകയും ചെയ്ത റിപോർട്ടർ ടിവി അടുത്തയാഴ്ച റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടാൻ സാധ്യതയുണ്ട്.
കോൺഗ്രസുമായി കലഹിച്ച് നിൽക്കുന്ന റിപോർട്ടർ ടിവി ഇപ്പോൾ പ്രകടമായി ഇടതുപക്ഷ അനുകൂല റിപോർട്ടിങ്ങാണ് നടത്തുന്നത്. കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വാർത്തകൾ സംഭവിക്കുന്ന സമയത്ത് ഇടത് അനുഭാവമുളള പ്രേക്ഷകർ കൂട്ടത്തോടെ റിപോർട്ടറിലേക്ക് എത്തുന്ന പ്രവണതയുണ്ട്.
ഈ പ്രവണത രാഹുൽ മാങ്കൂട്ടത്തിൽ രാജി വാർത്തയിലും ആവർത്തിച്ചാൽ വരുന്നയാഴ്ച റിപോർട്ടർ ടിവി ഒന്നാം സ്ഥാനത്തേക്ക് എത്തും.
ഈയാഴ്ച പുറത്തുവന്ന റേറ്റിങ്ങിലും ട്വൻറിഫോർ ന്യൂസ് മൂന്നാം സ്ഥാനത്ത് തന്നെയാണ്. മൂന്നാം സ്ഥാനത്ത് തുടരുന്ന ട്വൻറിഫോറിന് 57 പോയിന്റാണുളളത്.
മൂന്നാം സ്ഥാനത്ത് തുടരുന്നതിനേക്കാൾ പോയിന്റ് നിലയിൽ ഉണ്ടായ കുത്തനെയുളള ഇടിവാണ് ട്വന്റിഫോറിന് ആഘാതമായിരിക്കുന്നത്. തൊട്ടുമുൻപുളള ആഴ്ചയിൽ നേടിയ 71 പോയിന്റിൽ നിന്നാണ് ട്വന്റിഫോർ 57 പോയിന്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്.
മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 14 പോയിൻറിൻെറ ഇടിവാണ് ട്വന്റിഫോറിന് സംഭവിച്ചിരിക്കുന്നത്. ഒന്നം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസും ട്വന്റി ഫോറും തമ്മിൽ 29 പോയിന്റ് വ്യത്യാസമുണ്ട്.
ചിരവൈരികളും രണ്ടാം സ്ഥാനക്കാരുമായ റിപോർട്ടർ ടിവി ട്വന്റി ഫോറിനേക്കാൾ 21 പോയിന്റ് മുന്നിലാണ്. ഇതും ആർ.ശ്രീകണ്ഠൻ നായരുടെ ട്വന്റിഫോറിനെ കുത്തിനോവിക്കാൻ പോന്നതാണ്.
ശ്രീകണ്ഠൻ നായരുടെ മാധ്യമ ജീവിതത്തിൻെറ നാൽപ്പതാം വാർഷികത്തിൻെറ ഭാഗമായുളള രണ്ടാം യാത്രയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ട്വന്റി ഫോറിൻെറ പോയിൻറ് നിലയിൽ കുറവ് വരാൻ കാരണം.
ഗൗരവമുളള വാർത്തകളോട് താൽപര്യം കാട്ടാതിരിക്കുന്ന ട്വന്റി ഫോറിന് പഥ്യം സോഫ്റ്റ് ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറികളോടാണ്.എന്നാൽ രാഷ്ട്രീയ വിവാദങ്ങളാണ് കേരളത്തിലെ പ്രധാന വാർത്തയെന്നിരിക്കെ ട്വന്റി ഫോറിൻെറ ശൈലി ചാനലിൽ നിന്ന് പ്രേക്ഷകർ അകലാൻ കാരണമാകുന്നുണ്ട്.
വാർത്താ ചാനൽ പ്രേക്ഷകർ കുത്തനെ ഇടിഞ്ഞപ്പോൾ നാലാം സ്ഥാനത്തിനായി മാതൃഭൂമി ന്യൂസിനോട് മത്സരിച്ചിരുന്ന മനോരമ ന്യൂസിന് ചെറിയ ആശ്വാസം കിട്ടിയിട്ടുണ്ട്.
പ്രേക്ഷകരുടെ എണ്ണം കുറഞ്ഞപ്പോൾ 4 ആഴ്ചയായി അഞ്ചാം സ്ഥാനത്തായിരുന്ന മാതൃഭൂമി ന്യൂസിൻെറ പേോയിന്റ് 42 ൽ നിന്ന് 36ലേക്ക് താഴ്ന്നു.യൂണിവേഴ്സ് വിഭാഗത്തിൽ 36 പോയിന്റ് തന്നെ മനോരമയും കരസ്ഥമാക്കിയതോടെ റേറ്റിങ്ങിലെ നാലാം സ്ഥാനം മനോരമയും മാതൃഭൂമിയും പങ്കിട്ടു.
റേറ്റിങ്ങ് ചാർട്ടിലേക്ക് തിരിച്ചെത്തിയ ജനം ടിവിയും നേരത്തെ മനോരമ ന്യൂസിന് പിന്നിൽ ആറാം സ്ഥാനത്തായിരുന്ന ന്യൂസ് മലയാളം 24x7 ഉം അഞ്ചാം സ്ഥാനം പങ്കിട്ടു.
ന്യൂസ് മലയാളത്തിന് മുൻ ആഴ്ചയിൽ നിന്ന് 1 പോയിന്റ് കുറഞ്‍ഞിട്ടുണ്ട്. 16 പോയിന്റുമായി കൈരളി ന്യൂസാണ് ആറാം സ്ഥാനത്ത്.15 പോയിന്റ് നേടിക്കൊണ്ട് ന്യൂസ് 18 കേരളം ഏഴാം സ്ഥാനത്തുമുണ്ട്.
7 പോയിന്റുമായി മീഡിയാ വൺ ചാനലാണ് റേറ്റിങ്ങിൽ ഏറ്റവും പിന്നിൽ. ഓണം സീസൺ വന്നതോടെ ചാനലുകളിൽ വാർത്തകളേക്കാൾ കൂടുതൽ പരസ്യങ്ങളാണെന്നും വിമർശനമുണ്ട്.