/sathyam/media/media_files/2024/10/20/WIIv7be3RvhK53ucMElM.jpeg)
തൃശ്ശൂർ: പാലക്കാട് യുഡിഎഫിനെ പിന്തുണയ്ക്കുന്നതിന് പകരമായി ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന അൻവറിന്റെ ഉപാധി തള്ളിയ കോൺഗ്രസ് ഉശിരൻ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട്.
നാളെ രാവിലെ 10 മണിക്ക് ചേലക്കര ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോയോട് കൂടിയാണ് വമ്പൻ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുക. ചേലക്കര നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചേലക്കര സ്റ്റാർ ഓഡിറ്റോറിയത്തിൽ വച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യും.
നാളെ നടക്കുന്ന കൺവെൻഷനിൽ നിലവിലെ രാഷ്ട്രീയ ആക്രമണങ്ങൾക്ക് വ്യക്തമായ മറുപടി വി ഡി സതീശനിൽ നിന്നും പ്രതീക്ഷിക്കാം. മറുകണ്ടം ചാടിയ സരിനും അൻവറിന്റെ മോഹത്തിനും കൃത്യമായ മറുപടി ഉറപ്പ്.
കൺവെൻഷനിൽ പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തും. പി.കെ.കുഞ്ഞാലിക്കുട്ടി, എം.എം ഹസൻ, എം.എൽ.എമാരായ മോൻസ് ജോസഫ് , അനൂപ് ജേക്കബ്, മാണി സി കാപ്പൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബഹനാൻ തുടങ്ങി മറ്റു പ്രമുഖരും പങ്കെടുക്കും.
ചേലക്കരയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ ചെയർമാൻ പി എം അമീർ, കൺവീനർ ഇ വേണുഗോപാല മേനോൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി എം അനീഷ് , ഡിസിസി സെക്രട്ടറി ടി എം കൃഷ്ണൻ, ജോൺ ആടുപാറ, ഷാജി തുടങ്ങിയവർ പങ്കെടുത്തു.