/sathyam/media/media_files/2025/01/03/velappally-natesan.jpg)
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോൺഗ്രസിൻെറ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ചടുലമായ നീക്കങ്ങൾ നടത്തുന്നതിനിടെ രമേശ് ചെന്നിത്തലക്ക് തിരിച്ചടി.
വിവിധ മത-സാമുദായിക സംഘടനകളുടെ പിന്തുണയുറപ്പിച്ച് മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യം വെച്ച് നീങ്ങുമ്പോൾ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ അതൃപ്തി പ്രകടിപ്പിച്ചതാണ് ചെന്നിത്തലക്ക് തിരിച്ചടി ആയത്.
ചെന്നിത്തല എൻ.എസ്.എസിൻെറ പ്രിയപുത്രനാണെന്ന ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രതികരണമാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുളള ശ്രമത്തിൽ പിന്തുണച്ചിരുന്ന വെളളാപ്പളളിയെ പ്രകോപിപ്പിച്ചത്.
രമേശ് ചെന്നിത്തലയെ എൻ.എസ്.എസിൻെറ പ്രിയ പുത്രൻ എന്ന് പറഞ്ഞത് കടന്നുപോയെന്നാണ് വെള്ളപ്പള്ളി നടേശൻെറ പ്രതികരണം. എൻ.എസ്.എസിൻെറ പുത്രനാണെന്നല്ലേ പറഞ്ഞത്. അത് അൽപ്പം കടന്നുപോയെന്നാണ് എൻെറ അഭിപ്രായം.
പുത്രനാണെങ്കിൽ രാഷ്ട്രീയത്തിൽ പിന്നെ എൻ.എസ്.എസിന് വേണ്ടിയല്ലേ പ്രവർത്തിക്കൂ. അച്ഛന് വേണ്ടിയല്ലേ മകൻ പ്രവർത്തിക്കു'' വെളളാപ്പളളി പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഇകഴ്ത്തിയും രമേശ് ചെന്നിത്തലയെ പുകഴ്ത്തിയും കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വന്നിരുന്ന വെളളാപ്പളളിയിൽ നിന്നുണ്ടായ ഈ പ്രതികരണം ആപ്രതീക്ഷിതമായിരുന്നു.
എൻ.എൻ.എസിൻെറ പ്രസ്താവനയിലുളള അതൃപ്തിയാണ് വെളളാപ്പളളി തൻെറ പ്രതികരണത്തിലൂടെ കൃത്യമായി നടത്തിയിരിക്കുന്നത്.
സമുദായ നേതാക്കളുടെയും മതസംഘടനകളുടെയും പിന്തുണയുറപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടിയിലാണ് വെളളാപ്പളളിയുടെ അനിഷ്ടം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
ഇത് മുന്നോട്ടുളള പ്രയാണത്തിൽ രമേശ് ചെന്നിത്തലക്ക് ക്ഷീണമാണ്. വെളളാപ്പളളിയെ തളളാനോ കൊളളാനോ കഴിയാത്ത പ്രതിസന്ധിയിലേക്കാണ് രമേശ് ചെന്നിത്തല എത്തിപ്പെട്ടിരിക്കുന്നത്.
വെളളാപ്പളളിയെ തളളിപ്പറഞ്ഞാൽ സുകുമാരൻ നായരുടെ പ്രസ്താവനയോട് യോജിക്കുന്നുവെന്ന ധാരണ ഉറയ്ക്കും. സുകുമാരൻ നായരെ തളളിപ്പറഞ്ഞ് വെളളാപ്പളളി നടേശനൊപ്പം നിന്നാൽ എൻ.എസ്.എസ് നേതൃത്വത്തിൻെറ പ്രീതി നഷ്ടമാകുകയും ചെയ്യും.
ഇതാണ് രമേശ് ചെന്നിത്തല എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധി.11 കൊല്ലത്തെ പിണക്കം മാറ്റിക്കൊണ്ട് മന്നം ജയന്തി സമ്മേളനത്തിൻെറ ഉൽഘാടകനായി ക്ഷണിച്ചതിൽ രമേശ് ചെന്നിത്തല ഇന്നും എൻ.എസ്.എസ് നേതൃത്വത്തിന് നന്ദി പറഞ്ഞു.
നിർണായകഘട്ടങ്ങളിൽ അഭയം തന്ന പ്രസ്ഥാനം എൻ.എസ്.എസ് ആണ്.എൻ.എസ്.എസുമായുളള ബന്ധം ആര് വിചാരിച്ചാലും മുറിച്ച് മാറ്റാനാകുന്നതല്ല.
മന്നത്ത് പത്മനാഭൻ സമൂഹത്തിൽ ഇടപെട്ടത് പോലെ സുകുമാരൻ നായർ നടത്തുന്ന ഇടപെടൽ ആശാവഹമാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ തന്നെ രമേശ് ചെന്നിത്തലയെ ഒരു സമുദായത്തിൻെറ വക്താവായി മാറ്റാൻ ശ്രമം നടക്കുന്നുണ്ടായിരുന്നു.അതിന് അടിത്തറയിട്ടത് 2013ൽ തലസ്ഥാനത്ത് നടന്ന എൻ.എസ്.എസ് സമ്മേളനത്തിൽ സുകുമാരൻനായർ നടത്തിയ താക്കോൽ സ്ഥാന പ്രസ്താവനയായിരുന്നു.
അതേ സുകുമാരൻ നായർ തന്നയാണ് ഇന്നലെ നടന്ന മന്നം ജയന്തി സമ്മേളനത്തിൽ ചെന്നിത്തലയെ സമുദായത്തിൻെറ പ്രിയപുത്രനായി പ്രഖ്യാപിച്ചത്.
വേദിയിൽ ഉണ്ടായിരുന്നു എൻ.എസ്.എസ്.ഡയറക്ടർ ബോർഡ് അംഗമായ കെ.ബി.ഗണേഷ് കുമാറും എൻ.എസ്.എസിൻെറ പുത്രനാണെന്ന് പറഞ്ഞെങ്കിലും രമേശിനോടാണ് പ്രിയം എന്ന് വ്യക്തമാക്കുന്നതായിരുന്നു സുകുമാരൻ നായരുടെ പ്രസംഗം.
മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകാനുളള കോൺഗ്രസിലെ മത്സരത്തിൽ സജീവമായിരിക്കുന്ന രമേശ് ചെന്നിത്തലക്ക് ഇത് ഗുണകരമല്ലന്നതിൻെറ സൂചനകൂടിയാണ് വെളളാപ്പളളി നൽകിയിരിക്കുന്നത്.