പ്രത്യാശയുടെ പൊന്നിൻ ചിങ്ങം: മലയാളികൾ സ്വപ്നം കാണുന്ന മാസം

New Update
chin

കൊല്ലവർഷം 1201-ന്റെ ചിങ്ങം ഒന്ന് ഇന്ന് പിറന്നു. മലയാള മാസങ്ങളിൽ ഏറ്റവും മനോഹരവും സമൃദ്ധിയുടെ പ്രതീകവുമായ ചിങ്ങം മാസത്തിന് തുടക്കമായി. 

Advertisment

കർക്കിടകത്തിന്റെ വറുതിയും കഷ്ടപ്പാടുകളുടെ ദിനങ്ങളുംമാറ്റി, പ്രത്യാശയുടെ പുതുവെളിച്ചവുമായി ഇങ്ങ് എത്തുന്ന ചിങ്ങം മലയാളികൾക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്. കർഷക ദിനം കൂടിയായ ഇന്ന്, മലയാള വർഷത്തിന്റെ ആരംഭവും കേരളക്കര ഇന്ന് ആഘോഷമാക്കുന്നു.

കർക്കിടകത്തിന്റെ കാലവർഷത്തിന് പിന്നാലെ, പൊന്നിൻ ചിങ്ങം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സന്ദേശവുമായി എത്തുന്നു എന്നതാണ് പ്രത്യേകത. കാർഷിക സംസ്കൃതിയുടെ ഓർമപ്പെടുത്തലായ ഈ മാസം പാടങ്ങളിൽ വിളഞ്ഞ പൊന്നിൻ കതിർ കൊയ്ത് അറകളും പത്തായങ്ങളും നിറക്കുന്ന കാലമാണ് ഇത്. 

എന്നാൽ ഓണത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഉത്സവലഹരി പടർന്നു പിടിക്കുന്നു. ചിങ്ങമാസം എത്തിയതോടെ, ഓരോ മലയാളിയും പ്രതീക്ഷയോടെ ഈ മാസത്തെ വരവേൽക്കുകയാണ്.

ഒരു പക്ഷ ഇത്തവണ ചിങ്ങത്തിലും മഴ തുടരുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എങ്കിലും, എല്ലാ ദുരിതങ്ങളും അവസാനിച്ച് സമൃദ്ധിയുടെ നല്ല നാളുകൾ വരുമെന്ന വിശ്വാസത്തിലാണ് കർഷകരും നാട്ടുകാരും. 

കൊയ്ത്തിന്റെ ആഘോഷത്തിൽപണ്ട്പാടങ്ങളിൽ പാട്ടും ചിരിയും നിറയ്ക്കുന്ന കാഴ്ചകൾ, ഇന്ന് മലയാളികൾക്ക് അത് അന്യമായിക്കൊണ്ടിരിക്കുന്നുവെങ്കിലും, ചിങ്ങം മാസം ഈ പാരമ്പര്യത്തിന്റെ ഓർമകൾ പുതുക്കലാണ്.

ഓണത്തിനായുള്ള കാത്തിരിപ്പിന്റെ മാസമായ ചിങ്ങം, കേരളത്തിന്റെ സാംസ്കാരികവും കാർഷികവുമായ സമ്പന്നതയുടെ പ്രതീകമാണ്. പൊന്നോണത്തിന്റെ വരവറിയിച്ച്, മലയാളിയുടെ മനസ്സിൽ പ്രത്യാശയുടെ പൂക്കാലം വിരിയിക്കാൻ ചിങ്ങം ഒന്ന് ഇന്ന് കേരളത്തെ ഒരുക്കുകയാണ്.

പുതുവർഷത്തിന്റെ തുടക്കത്തിൽ, സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഈ മാസം മലയാളികൾക്ക് പുത്തൻ ഉണർവ് പകരട്ടെ.

( വാഹിദ് കൂട്ടത്ത്, കായംകുളം )

Advertisment