/sathyam/media/media_files/2025/03/08/BZKCWDeQMYFhvWHWNChJ.jpg)
തിരുവനന്തപുരം : കടുത്ത സാമ്പത്തിക ഞെരുക്കമെന്ന് സർക്കാർ പറയുമ്പോഴും ചെലവു ചുരുക്കലെന്ന സ്വയം നിയന്ത്രണത്തിന് ഇല്ലെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് സർക്കാരിന്റെ പോക്ക്.
പി.എസ്.സി അംഗങ്ങളുടെ ശമ്പള വർധനയ്ക്കും കെ.വി തോമസിന്റെ യാത്ര ബത്ത വർധനയ്ക്കും ശേഷം സർക്കാരിന്റെ പറക്കാത്ത ഹെലികോപ്റ്ററിന് കൂടി കുടിശിഖ പണം ചിലവഴിച്ച് ധൂർത്തടിക്കാൻ ധനവകുപ്പിന് മടിയൊട്ടുമില്ല.
നാമമാത്രമായ ശമ്പളം വർധിപ്പിക്കണമെന്ന് കാട്ടി നടത്തുന്ന ആശ വർക്കറുമാരുടെ സമരത്തെ പുച്ഛിക്കുന്ന സർക്കാരാണ് മൂന്നുമാസത്തെ കോപ്റ്ററിന്റെ വാടകയിനത്തിൽ കുടിശികയായ 2.40 കോടി രൂപ അനുവദിച്ചത്.
2024 ഒക്ടോബർ 20 മുതൽ 2025 ജനുവരി വരെയുള്ള കുടിശികയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് പണം അനുവദിച്ചത്.
നിയന്ത്രണത്തിൽ ഇളവ് ഉള്ളതുകൊണ്ട് തുക ഉടൻ ഹെലികോപ്റ്റർ ഉടമകളായ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് ലഭിക്കും.
വാടക കുടിശിക ആവശ്യപ്പെട്ട് പോലിസ് മേധാവി ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പണം അനുവദിക്കാൻ മുഖ്യമന്ത്രി ധനമന്ത്രി കെ.എൻ. ബാലഗോപാലിന് അടിയന്തിര നിർദ്ദേശം നൽകുക ആയിരുന്നു.
ഈ മാസം ആറിനാണ് തുക അനുവദിച്ചു ധനവകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയത്. പ്രതിമാസം 80 ലക്ഷം രൂപയാണ് വാടകയിനത്തിൽ സർക്കാർ ഹെലികോപ്റ്ററിന് വേണ്ടി ചിലവഴിക്കുന്നത്.
2023 സെപ്റ്റംബർ 20 മുതലാണ് ഹെലികോപ്റ്ററിന്റെ സേവനം സർക്കാർ വിനിയോഗിക്കുന്നത്. അന്നു മുതൽ 2024 ജൂൺ 19 വരെ 7.20 കോടി രൂപ വാടകയിനത്തിൽ നൽകിയിട്ടുണ്ടെന്ന് നിയമസഭയിൽ സർക്കാർ ചോദ്യത്തിനുത്തരമായി വെളിപ്പെടുത്തിയിരുന്നു.
ഒരു മാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയും അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപയും വാടക നൽകിയാണ് ന്യൂഡൽഹി കേന്ദ്രമായ ചിപ്‌സൻ ഏവിയേഷൻ കമ്പനിയുടെ ഇരട്ട എൻജിൻ ഹെലികോപ്റ്റർ സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്തത്.
മൂന്നു വർഷത്തേക്കാണു കരാർ. കരാർ കാലാവധി പൂർത്തിയായാൽ അന്നത്തെ സാഹചര്യം പരിശോധിച്ചു രണ്ടു വർഷത്തേക്കു കൂടി കരാർ നീട്ടാനും വ്യവസ്ഥയുണ്ട്.