ലോക്‌സഭ തിരഞ്ഞെടുപ്പിൽ തോറ്റത് സർക്കാർ വിരുദ്ധ വികാരം കൊണ്ടല്ല; കോൺഗ്രസിന് വോട്ട് ചെയ്തത്‌ കേന്ദ്രത്തിൽ ബി.ജെ.പി വരരുത് എന്ന് ആശിച്ചവർ; രാജ്യത്തെ മുൻനിര സർക്കാരാണ് തന്റേതെന്ന് നിയമസഭയിൽ എണ്ണിപ്പറഞ്ഞ് പിണറായി ! വികസനത്തിലും ക്ഷേമത്തിലും  മുന്നിലെന്നും അവകാശവാദം; തിരഞ്ഞെടുപ്പ്‌ പരാജയത്തെ പിണറായി ന്യായീകരിക്കുന്നത് പാർട്ടിക്കാർക്കു പോലും മനസിലാകാത്ത ഭാഷയില്‍

ലോക്‌സഭ തിരഞ്ഞെടുപ്പിൽ തോറ്റത് സർക്കാർ വിരുദ്ധ വികാരം കൊണ്ടല്ലെന്നും രാജ്യത്തെ മുൻനിര സർക്കാരാണ് തന്റേതെന്നും നിയമസഭയിൽ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pinarayi vijayan

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ തോറ്റത് സർക്കാർ വിരുദ്ധ വികാരം കൊണ്ടല്ലെന്നും രാജ്യത്തെ മുൻനിര സർക്കാരാണ് തന്റേതെന്നും നിയമസഭയിൽ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരരുത് എന്ന് ആശിച്ചവർ കോൺഗ്രസിന് വോട്ട് ചെയ്തതുകൊണ്ടാണ് തോറ്റത്. അല്ലാതെ സർക്കാരിന് എതിരല്ല ആ വോട്ടുകൾ. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം നിയമസഭയിലാണ് പിണറായി പരാജയത്തിന്റെ ന്യായീകരണം നിരത്തിയത്.

Advertisment

തന്റെ സർക്കാരിനെക്കുറിച്ച് പിണറായി പറയുന്നത് ഇവ- രാജ്യത്ത് പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണ്.

2021 മെയ് 21 മുതൽ 31.05.2024 വരെ വിവിധ തസ്തികകളിലെ നിയമനത്തിനായി 2808 റാങ്ക് ലിസ്റ്റുകൾ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കാലയളവിൽ 88,852 ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി   നിയമന ശുപാർശ നൽകിയിട്ടുണ്ട്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൻറെ കാലത്ത് 1,61,268 പേർക്ക് നിയമന ശിപാർശ നൽകിയിരുന്നു. 2016 മെയ് മാസം മുതൽ നാളിതുവരെ 2,50,120 നിയമന ശിപാർശകൾ പി.എസ്.സി നൽകി.

നിലവിൽ വാർഷിക കലണ്ടർ തയ്യാറാക്കി പരീക്ഷകളുടെ വിജ്ഞാപനവും തുടർനടപടികളും സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകൾ ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.

 കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിന്  ഇന്നവേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച കേരള ഡെവലപ്മെൻറ് & ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്ക്) വിവിധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഇതിൻറെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻറ് സിസ്റ്റം വഴി 1.10 ലക്ഷം ഉദ്യോഗാത്ഥികളെ നിയമിക്കാനും കഴിഞ്ഞിട്ടുണ്ട്.
 സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചു. 79 ഇനം സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ ഒരു സർക്കാർ അധികാരിയെയും സമീപിക്കേണ്ടതില്ല എന്ന് സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഫയൽ നീക്കം വേഗത്തിലാക്കുന്നതിന് നടപ്പാക്കിയ ഇ-ഓഫീസ് സംവിധാനം സെക്രട്ടേറിയേറ്റിന് പുറമെ വകുപ്പ് മേധാവികളുടെയും ജില്ലാ മേധാവികളുടെ ഓഫീസുകളിലും നടപ്പിലാക്കിയിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനിലൂടെ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി ഇക്കൊല്ലം ജനുവരി 1ന് കെ-സ്മാർട്ട് പദ്ധതി ആരംഭിച്ചിട്ടുണ്ട്. നവംബർ 1 മുതൽ 152 ബ്ലോക്ക് പഞ്ചായത്തുകളിലും 941 പഞ്ചായത്തുകളിലും കൂടി കെ-സ്മാർട്ട് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. 14 ലക്ഷത്തോളം അപേക്ഷ ലഭിച്ചതിൽ പത്ത്  ലക്ഷത്തോളം അപേക്ഷകൾ കെ-സ്മാർട്ട് വഴി തീർപ്പാക്കാൻ  കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിൽ അതിദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് നടത്തിയ പഠനത്തിൽ 64,006 കുടുംബങ്ങളിൽപ്പെട്ട 1,03,099 വ്യക്തികൾ അതിദാരിദ്ര്യമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 30923 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചിട്ടുണ്ട്. 2025 നവംബർ 1 ന് സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഉറപ്പുവരുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് 2,62,131 വീടുകൾ നിർമ്മിച്ചു. ഈ സർക്കാർ 1,41,680 വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.  ആകെ 4,04,278 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് 1,02,780 വീടുകളുടെ നിർമ്മാണം പുരോഗമിച്ചുവരുന്നു. ഇത് കൂടാതെ ഭൂരഹിത-ഭവന രഹിതരുടെ പുനരധിവസാത്തിനായി നിർമ്മിച്ചു നൽകുന്ന പദ്ധതിയും ഫ്ളാറ്റുകളുടെ നിർമ്മാണവും പുരോഗമിച്ചുവരുന്നു.

ഫ്ളാറ്റുകളിൽ 6 എണ്ണത്തിൻറെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. തീരദേശ വാസികൾക്കായുള്ള പുനർഗേഹം പദ്ധതിയിൽ 2246 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തിയാക്കി. 390 കുടുംബങ്ങൾക്ക് ഫ്ളാറ്റുകൾ നിർമ്മിച്ച് കൈമാറി. 752 കുടുംബങ്ങൾക്കുള്ള വീടുകളുടെയും 1112 കുടുംബങ്ങൾക്കുള്ള ഫ്ളാറ്റുകളുടെയും നിർമ്മാണം പുരോഗമിച്ചുവരുന്നു.
 
2016 നുശേഷം നാളിതുവരെ 5443 സ്റ്റാർട്ടപ്പുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇതിൽ 2662 എണ്ണം കഴിഞ്ഞ രണ്ടു വർഷ കാലയളവിൽ പ്രവർത്തനമാരംഭിച്ചതാണ്. 2016 വരെ സംസ്ഥാനത്ത് 300 സ്റ്റാർട്ടപ്പുകളാണ് ഉണ്ടായിരുന്നത്.

2016-നുശേഷം സ്റ്റാർട്ടപ്പുകളിൽ 5600 കോടി രൂപയുടെ നിക്ഷേപമുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ നിക്ഷേപം 1200 കോടി രൂപയാണ്. 2016 വരെ 207 കോടി മാത്രമായിരുന്നു നിക്ഷേപം. ഈ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ടെക്നോപാർക്കിൽ 2016-നുശേഷം 490 പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 2016-നുശേഷം 75,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.  ഇൻഫോപാർക്കിൽ 2016-നുശേഷം 583 പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

2016-നുശേഷം 70,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അന്തർദേശീയ നിലവാരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞു. നിപ്പ, കോവിഡ്, സിക്ക, ചിക്കുൻഗുനിയ തുടങ്ങി 80 ലേറെ വൈറസുകളെ പരിശോധനയിലൂടെ കണ്ടെത്തുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് സുസജ്ജമാണ്.  രോഗപ്രതിരോധത്തിനോടൊപ്പം വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾക്കും ഇവിടെ സൗകര്യമൊരുക്കും.

സംസ്ഥാനത്ത് അതിവേഗ ഇൻറർനെറ്റ് സൗകര്യം ഒരുക്കുന്നതിന് ആരംഭിച്ച കെ-ഫോൺ പദ്ധതിയിൽ ഇതുവരെ 10,080 വീടുകൾക്കുള്ള വാണിജ്യ കണക്ഷനുകൾ ഉൾപ്പെടെ 15,753 ഉം 21506 സർക്കാർ ഓഫീസ് ഉൾപ്പെടെ 37,259 കണക്ഷനുകളും നൽകിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 5856 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ ഇതിനകം നൽകിക്കഴിഞ്ഞു.

സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന അഗളി, അട്ടപ്പാടി, കോട്ടൂർ തുടങ്ങിയ ആദിവാസി ഊരുകളിലും കെ-ഫോൺ സേവനം ലഭ്യമാണ്.  സിംഗപ്പൂർ കേന്ദ്രമായുള്ള ഏഷ്യൻ ടെലികോമിൻറെ 2024 ലെ "ഇൻഫ്രാസ്ട്രക്ച്ചർ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയർ ഇൻ ഇൻഡ്യ" പുരസ്കാരം ഇക്കൊല്ലം കെ-ഫോണിന് ലഭിച്ചിട്ടുണ്ട്.

ആർദ്രം മിഷൻറെ ഭാഗമായി താലൂക്ക് തലം വരെയുള്ള ആശുപത്രികളിൽ സ്പെഷ്യാലിറ്റി സേവനങ്ങളും ജില്ലാതല ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നു. മെഡിക്കൽ കോളേജ് ആശുപത്രികളെ മികവ് കേന്ദ്രങ്ങളാക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. ഈ സർക്കാരിൻറെ കാലത്ത് ആരോഗ്യമേഖലയിൽ 1,005 അധിക തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിവഴി  5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ 42.5 ലക്ഷത്തോളം വരുന്ന കുടുംബങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്ക് നൽകിവരികയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി ദേശീയ പുരസ്കാരങ്ങൾ പദ്ധതിയുടെ നടത്തിപ്പിന് ലഭിച്ചിട്ടുണ്ട്.
   
കേരളത്തിൻറെ മുഖച്ഛായ മാറ്റുന്ന മലയോര-തീരദേശ ഹൈവേകളുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. ദേശീയപാത വികസനത്തിൻറെ പ്രവർത്തനങ്ങൾ നാല് റീച്ചുകൾ പൂർത്തീകരിച്ചു. മറ്റു റീച്ചുകൾ അതിവേഗം പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം സാമ്പത്തിക വിഹിതം നൽകുന്നത് ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിൻറെ പ്രവർത്തനങ്ങളാണ് ദേശീയപാത വികസനം യാഥാർത്ഥ്യമാക്കിയത്. കാസർഗോഡ് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ നീളുന്ന മലയോര ഹൈവേ പദ്ധതി നിർമ്മാണം പുരോഗമിച്ചുവരികയാണ്.

 793 കി. മീ ദൈർഘ്യമുള്ള ഹൈവേയുടെ 149 കി.മീ റോഡിൻറെ പ്രവൃത്തി പൂർത്തിയായി.  297 കി.മീ റോഡിൻറെ പ്രവർത്തി പുരോഗമിക്കുന്നു. 474 കി.മീ ദൈർഘ്യമുള്ള തീരദേശ ഹൈവേയുടെ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ തുടർന്നുവരികയാണ്. പുനരധിവാസ പാക്കേജിന് 194 കോടി രൂപയുടെ ധനാനുമതി നൽകിയിട്ടുണ്ട്. അടുത്ത വർഷം ഡിസംബറോടെ 150 കി.മീ ദൈർഘ്യത്തിൽ പ്രവൃത്തി ആരംഭിക്കാൻ കഴിയും.

വയനാട് തുരങ്കപാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിലാണ്.  ഒന്നാം ഘട്ടത്തിന് വനം മന്ത്രാലയത്തിൻറെ    ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്.  പരിസ്ഥിതി ആഘാത പഠനം പൂർത്തിയായി ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാകും. കോവളം മുതൽ കാസർഗോഡ് ബേക്കൽ വരെ 616 കി.മീ. ദൈർഘ്യമുള്ള പശ്ചിമ തീര കനാലിൻറെ വികസനത്തിനുളള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണ്.  36 ബോട്ട് ജെട്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. രണ്ട് പാലങ്ങളുടെയും ഒരു ലോക്കിൻറെയും നിർമ്മാണവും 5 റീച്ചുകളിലായി നടന്നുവരുന്ന വടകര-മാഹി കനാലിൻറെ മൂന്ന് റീച്ചുകളിലെ പ്രവർത്തികളും പൂർത്തിയാക്കി.

എറണാകുളം ജില്ലയിലെ ഗതാഗത സൗകര്യവും ടൂറിസവും മെച്ചപ്പെടുത്തുന്നതിന് വിഭാവനം ചെയ്തിട്ടുള്ള കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ 10 ടെർമിനലുകൾ പ്രവർത്തിച്ചുവരികയാണ്.  4 ടെർമിനലുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. 24 ടെർമിനലുകളുടെ നിർമ്മാണത്തിനായുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. 7 ബോട്ടുകൾ നിലവിൽ സർവ്വീസ് നടത്തുന്നു. കൊച്ചി മെട്രോ ഫേസ് ക ൻറെ അവസാന ഘട്ടമായ എസ് എൻ  ജംഗ്ഷൻ - തൃപ്പുണിത്തുറ സ്ട്രെച്ച് പൂർത്തിയാക്കി സർവ്വീസ് ആരംഭിച്ചു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിൻറെ നിർമ്മാണത്തനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
 
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ കൊമേഴ്സ്യൽ ഓപ്പറേഷൻ ട്രയൽ പുരോഗമിക്കുകയാണ്. തുറമുഖത്തിൻറെ ഒന്നാം ഘട്ടം 2024 സെപ്റ്റംബറിൽ പൂർണ്ണ തോതിൽ കമ്മീഷൻ ചെയ്യാൻ കഴിയും.  പദ്ധതിയുടെ ഭാഗമായി 3050 മീറ്റർ ബ്രേക്ക് വാട്ടർ നിർമ്മാണമാണ് പൂർത്തിയാക്കേണ്ടത്. ഇതിൽ 2,975  മീറ്റർ പൂർണ്ണമായും പൂർത്തിയായി. നിർമ്മാണം പൂർത്തിയാക്കേണ്ട 800 മീറ്റർ ബെർത്തിൽ 760 മീറ്റർ ബെർത്ത് നിർമ്മാണം പൂർത്തിയായി. ഹരിതകേരള മിഷൻറെ പ്രവർത്തനത്തിലൂടെ ഇതുവരെ 30,953 കി.മീ നീർച്ചാലുകളും 3234 കുളങ്ങളും പുനരുജ്ജീവിപ്പിച്ചു.  4844 കുളങ്ങൾ നിർമ്മിച്ചു.  16,815 തടയണകൾ നിർമ്മിച്ചു.  

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്നുവരുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് കാലാവസ്ഥാ വ്യതിയാന കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായും, സംസ്ഥാനം കാർബൺ ന്യൂട്രൽ ആക്കുന്നതിനും, ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനും, ഹരിത തൊഴിലുകളെ അടിസ്ഥാനമാക്കിയുള്ള ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയായി മാറുന്നതിനുമുള്ള കാഴ്ചപ്പാട് പ്രാവർത്തികമാക്കുകയും ചെയ്യുന്ന ലക്ഷ്യത്തോടെയാണ് കമ്മീഷൻ രൂപീകരിച്ചിട്ടുള്ളത്.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സബ്സിഡി ഇനത്തിൽ സപ്ലൈകോയ്ക്ക് 232.63 കോടി രൂപ നൽകിയിട്ടുണ്ട്. 2016-21 കാലയളവിൽ 575 കോടി രൂപ സബ്സിഡി ഇനത്തിൽ നൽകിയിട്ടുണ്ട്.  സംസ്ഥാനത്തെ ജനങ്ങൾക്ക് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാൻ കഴിയുന്ന നല്ലയിനം അരി വിതരണം ചെയ്യുക എന്നതാണ് കെ-റൈസ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇതിൻറെ ഭാഗമായാണ് 41-42 രൂപ നിരക്കിൽ പൊതുവിപണിയിൽ നിന്നും അരി സംഭരിച്ച് 12 രൂപയുടെ ബാധ്യത സപ്ലൈകോ ഏറ്റെടുത്തുകൊണ്ടാണ് കെ-റൈസ് വിതരണം പുരോഗമിക്കുന്നത്. സാമൂഹ്യക്ഷേമ പെൻഷൻ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള സംവിധാനം 2016-ൽ അധികാരത്തിൽ വന്ന സർക്കാർ ഏർപ്പെടുത്തി. കേന്ദ്ര നടപടികളുടെ ഭാഗമായുണ്ടായ സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമപെൻഷനുകളുടെ വിതരണം ഉറപ്പുവരുത്താൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്.

ദേശീയതലത്തിൽ കേന്ദ്രസർക്കാർ പഞ്ചവത്സരപദ്ധതി നിർത്തലാക്കിയശേഷവും കേരളത്തിൽ പഞ്ചവത്സരപദ്ധതി ഫലപ്രദമായി നടപ്പാക്കിവരുന്നു. 2023- 24 സാമ്പത്തിക വർഷം അസാധാരണ സാമ്പത്തിക ഞെരുക്കമാണ് കേരളം നേരിട്ടത്. അതിനിടയിലും പദ്ധതി അടങ്കലിൻറെ (30,370.25 കോടി) 81.66 ശതമാനം (24,799.63 കോടി) ചെലവഴിക്കാൻ സാധിച്ചു എന്നുള്ളത് ഒരു നേട്ടമായി കരുതുന്നു. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ 2024 മെയ് വരെ 2,36,344 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.  നാളികേരത്തിൻറെ വിലയിടിവ് തടയാൻ കിലോയ്ക്ക് 34 രൂപയ്ക്ക് 17026 ടൺ പച്ചത്തേങ്ങ സംഭരിച്ചു. നാളികേരത്തിൻറെ ഉൽപ്പാദന വർദ്ധനവിനായി 232 കേരഗ്രാമങ്ങൾ ആരംഭിച്ചു.

'ഒരു വർഷം ഒരു ലക്ഷം സംരംഭം' പദ്ധതി ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങളുടെ ഫലമായി 2022 ഏപ്രിൽ 1 മുതൽ ഇതുവരെയുള്ള കാലയളവിൽ 2,50,029 പുതിയ സംരംഭങ്ങൾ ആംരഭിച്ചതിലൂടെ 15,964 കോടി രൂപയുടെ നിക്ഷേപവും 5,32,089 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. 20 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ സുതാര്യമാക്കുന്നതിന് കേരള സ്റ്റേറ്റ് പബ്ലിക് എൻറർപ്രൈസസ് സെലക്ഷൻ ആൻറ് റിക്രൂട്ട്മെൻറ് ബോർഡ് രൂപീകരിച്ചു. പ്രൈവറ്റ് ഇൻഡസ്ട്രീയൽ പാർക്ക് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത് വഴി കൂടുതൽ വ്യവസായങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചു.

Advertisment