പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയന്‍, സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതം: ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

New Update
pinarayi vijayan Baselios Thomas I

തിരുവനന്തപുരം: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ജീവിതമാകെ സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ബാവാ തിരുമേനിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisment

യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് ബാവാ തിരുമേനി നൽകിയത്. പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ ക്രൈസ്തവ മേൽപട്ടക്കാരിൽ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിർന്ന പിതാക്കന്മാരിൽ ഒരാളായിരുന്നു തോമസ് പ്രഥമൻ ബാവ. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള അദ്ദേഹത്തിന്റെ ധൈര്യവും സമർപ്പണവുമായിരുന്നു ബാവാ തിരുമേനിയുടെ ഏറ്റവും വലിയ സവിശേഷത. ഒന്നിന്റെയും മുന്നിൽ അദ്ദേഹം പതറിയിട്ടില്ല, എല്ലാത്തിനെയും അദ്ദേഹം ധീരതയോടെ നേരിട്ടു.

 മറ്റൊരു സവിശേഷത, അർഹതപ്പെട്ടതു നേടിയെടുക്കാനായി ഏതറ്റം വരെയും പോകുന്ന അദ്ദേഹത്തിന്റെ സ്ഥൈര്യമായിരുന്നു; നിലപാടുകളിൽ അചഞ്ചലനായിരുന്നു അദ്ദേഹം. ഈ രണ്ടു പ്രത്യേകതകളും ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അർത്ഥത്തെ അന്വർത്ഥമാക്കുന്ന വ്യക്തിത്വമായി ബാവാ തിരുമേനിയെ മാറ്റിയിരുന്നു.

22 വർഷക്കാലം യാക്കോബായ സുറിയാനി സഭയുടെ തലവനായിരുന്നു ശ്രേഷ്ഠ ബാവ. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകൾക്കു സാരഥ്യം വഹിക്കുന്നവരിൽ ഏറ്റവും അനുഭവ സമ്പത്തുള്ള വ്യക്തിയായിരുന്നു ബാബാ തിരുമേനി. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലാവട്ടെ, സാമൂഹ്യ മേഖലയിലാവട്ടെ, സംവാദത്തിന്റെ മേഖലയിലാവട്ടെ, സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലയിലാവട്ടെ, സമഗ്രമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്.

കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ഒക്കെയായി അതിവിശാലമായി വളർന്നു പന്തലിച്ചു നിൽക്കുന്ന യാക്കോബായ സുറിയാനി സഭയുടെ തലവനായ, ലോകത്താകെയുള്ള വിശ്വാസികളുടെ വലിയ ഇടയനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സഭാംഗങ്ങളുടെയും ബാവാ തിരുമേനിയുടെ ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Advertisment