/sathyam/media/media_files/RrYdcy7LWpasgkgErv8g.jpg)
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഉൾപ്പെട്ട മാസപ്പടി കേസിൽ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന് എതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി എസ്.എഫ്.ഐ.ഒ.
ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുളള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അഥവാ എസ്.എഫ്.ഐ.ഒ ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്.
ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സി.എം.ആർ.എൽ പണം നല്‍കിയിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് എസ്.എഫ്.ഐ.ഒ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
എക്സാലോജിക്കിന് നൽകിയ പണം കമ്പനിയുമായി ബന്ധമുളള പ്രമുഖ വ്യക്തിക്കാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി എസ്.എഫ്.ഐ.ഒ കോടതിയിൽ വെളിപ്പെടുത്തി.മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെച്ചുളള പരാമർശമാണിതെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട എക്സാലോജിക് – സി.എം.ആർ.എൽ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ്.എഫ്.ഐ.ഒ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
എക്‌സാലോജിക്ക് കമ്പനിയുമായുള്ള മാസപ്പടി കേസിലെ അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎല്ലിന്റെ ഹർജിയിൽ വാദം തുടരവേയാണ് ഡൽഹി ഹൈക്കോടതിയിൽ എസ്.എഫ്.ഐ.ഒ ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്.
സി.എം.ആർ.എൽ പണം നൽകിയത് ഭീകര പ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കാണോ എന്ന് സംശയം ഉണ്ടെന്നതാണ് എസ്.എഫ്.ഐ.ഒ ഡൽഹി ഹൈക്കോടതിയെ അറിയിച്ച വിവരങ്ങളിൽ ഏറ്റവും പ്രധാനം.
ഇതുമായി ബന്ധപ്പെട്ട ചില തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്നും എസ്.എഫ്.ഐ.ഒ. കോടതിയിൽ അറിയിച്ചു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും എസ്.എഫ്.ഐ.ഒ കോടതിയിൽ പറഞ്ഞു.
മൊത്തം 184 കോടിയുടെ പണമിടപാട് സി.എം.ആർ.എൽ നടത്തിയിട്ടുണ്ടെന്നും എസ്.എഫ്.ഐ.ഒ കോടതിയെ അറിയിച്ചു. രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണോ സി.എം.ആർ.എൽ എക്സാലോജിക്കിന് പണം നല്‍കിയതെന്ന് അന്വേഷിക്കുന്നുണ്ടെന്നും എസ്.എഫ്.ഐ.ഒ കോടതിയിൽ പറഞ്ഞു.
ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ വിഷയത്തിൽ മറ്റൊരു ഏജൻസി അന്വേഷണം നടത്തുന്നത് ചട്ടവിരുദ്ധമാണെന്ന വാദമാണ് സി.എം.ആർ.എൽ കോടതിയിൽ ഉന്നയിച്ചത്. കേസിൽ ഈ മാസം 23ന് ഡൽഹി ഹൈക്കോടതി വീണ്ടും വാദം കേൾക്കും.
ബി.ജെ.പി നേതാവായ ഷോൺ ജോർജിൻെറ പരാതിയിലാണ് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചത്. ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിട്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്.
എട്ട് മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കുമെന്നായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയിരുന്നതെങ്കിലും പലകാരണങ്ങൾ കൊണ്ട് നീണ്ടുപോയി.
ഇപ്പോൾ അന്വേഷംണം പൂർത്തിയാകുമ്പോൾ മാസപ്പടി ഇടപാടിനെ കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്.
ഇപ്പോൾ ഡൽഹി ഹൈകോടതിയിൽ എസ്.എഫ്.ഐ.ഒ നൽകിയിരിക്കുന്നത് പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങൾ മാത്രമാണെന്നും വിശദമായ വിവരങ്ങൾ ലഭിക്കണമെങ്കിൽ ഇടപാടിൽ ഉൾപ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യാനും അറസ്റ്റ് ചെയ്യാനുമുളള അനുമതി കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കേണ്ടതുണ്ടെന്ന് ഷോൺ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ മാസപ്പടി കേസിനെ രാഷ്ട്രീയ വിമർശനത്തിന് ആയുധമാക്കിയ കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ എസ്.എഫ്.ഐ.ഒ അന്വേഷണ റിപോർട്ടിനെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
ഇടപാടിന് പിന്നിലെ വസ്തുതകൾ മനസിലാക്കിയിട്ടും നടപടി എടുക്കാതെ കേസിനെ മറ്റ് ദിശകളിലേക്ക് വഴിനടത്തുന്ന എസ്.ഏഫ്.ഐ.ഒ മുഖ്യമന്ത്രി പിണറായി വിജയൻെറ രാഷ്ട്രീയ ആയുസ് നീട്ടികൊടുക്കാനുളള ശ്രമമാണ് നടത്തുന്നതെന്നാണ് കുഴൽനാടൻെറ ആരോപണം.