/sathyam/media/media_files/2024/12/10/Hw3ux045QvrBJm1aoGb8.jpg)
മലപ്പുറം: മുന്നണിയിൽ തർക്കമെന്ന വ്യാജ പ്രചരണത്തെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങാൻ യു.ഡി.എഫ്. കൺവൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ എതിരാളികൾ പ്രചരണ വിഷയമാക്കിയ സാഹചര്യത്തിലാണ് തീരുമാനം.
ഈ തീരുമാനത്തിൻെറ ഭാഗമായാണ് നിലമ്പൂരിൽ കോൺഗ്രസ് - ലീഗ് തർക്കമെന്ന ഇടത് മുന്നണിയുടെ ആരോപണം നിഷേധിച്ച് കൊണ്ട് മുന്നണി നേതാക്കൾ കൂട്ടത്തോടെ രംഗത്ത് വന്നത്.
യു.ഡി.എഫിൽ കോൺഗ്രസ് - ലീഗ് ഭിന്നത എന്നത് വ്യാജ പ്രചാരണമാണെന്ന് കെ.പി.സി.സി വർക്കിങ്ങ് പ്രസിഡൻറ് പി.സി.വിഷ്ണുനാഥ് ആരോപിച്ചു.
ബ്രേക്കിങ്ങ് ന്യൂസുകൾക്കും എക്സ്ക്ലൂസിവുകൾക്കും അപ്പുറത്താണ് സത്യമെന്ന് വർക്കിങ്ങ് പ്രസിഡന്റ് ഷാഫി പറമ്പിലും പ്രതികരിച്ചു. സംസ്ഥാനത്തും മലപ്പുറത്തും നിലമ്പൂരിലും കോൺഗ്രസും മുസ്ളിം ലീഗും ഒരുമിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് വി എസ് ജോയിയും പ്രതികരിച്ചു.
പ്രചരണ പരിപാടിയിൽ നിന്ന് പാണക്കാട് കുടുംബം വിട്ടുനിന്നുവെന്ന പ്രചരണം മറി കടക്കുന്നതിനായി മുസ്ളിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി തങ്ങൾ സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് ഒപ്പം വേദി പങ്കിടുകയും ചെയ്തു.
ആര്യാടൻ ഷൗക്കത്ത് പാണക്കാട് തങ്ങന്മാരെ ആക്ഷേപിച്ചത് കൊണ്ടാണ് തങ്ങൾ കുടുംബത്തിലെ ആരും കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്നായിരുന്നു പി.വി അൻവറിൻെറയും ഇടത് മുന്നണിയുടെയും ആക്ഷേപം.
മുന്നണിയിൽ യോജിപ്പില്ലെന്ന് വരുത്തി തീർക്കുന്നതിന് വേണ്ടിയുളള ഇത്തരം പ്രചരണങ്ങളെ മുളയിലെ നുളളുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർത്ഥി പര്യടനത്തിൻെറ ഉൽഘാടകനായി പാണക്കാട് അബ്ബാസലി തങ്ങളെ കൊണ്ടുവന്നത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പരിശുദ്ധ ഹജ് കർമ്മത്തിനായി മക്കയിലാണ്. അൻവറിനെ മുന്നണിയിലെടുക്കുന്നതിനെ ചൊല്ലി കോൺഗ്രസിനും ലീഗിനും ഇടയിൽ തർക്കമുണ്ടെന്നും ആക്ഷേപമുണ്ട്.
എന്നാൽ ഒരു കാലത്തും ഇല്ലാത്ത തരത്തിലുളള യോജിപ്പോടെയാണ് കോൺഗ്രസും മുസ്ളിം ലീഗും മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പരസ്പരം ആലോചിച്ചാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്.
ലീഗ് നേതൃത്വവുമായി ഏറ്റവും ഇഴയടുപ്പമുളള ബന്ധമാണ് കോൺഗ്രസ് സൂക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരുതരത്തിലുള്ള അഭിപ്രായഭിന്നതകളും ഇല്ലാതെയാണ് ലീഗും കോൺഗ്രസ്സും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇതിനിടയിൽ ഉയർന്ന് വരുന്ന വിവാദങ്ങളെ പാടെ അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്താനാണ് യു.ഡി.എഫിൻെറ തീരുമാനം. പി.വി അൻവറിനെ മുന്നണിയിൽ എടുക്കേണ്ടെന്ന് യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത നിലപാടാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
അൻവറിനു മുന്നിൽ യു.ഡി.എഫിൻെറ വാതിൽ എന്നന്നേക്കുമായി അടച്ചുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പരസ്യ പ്രചരണം തീരുന്നത് വരെ പ്രതിപക്ഷ നേതാവും, മുസ്ലിം ലീഗ് നേതാക്കളും നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കും.
കോൺഗ്രസും ലീഗും തമ്മിൽ ഭിന്നതയുണ്ടെന്ന പ്രചരണത്തിന് പിന്നിൽ ഇടതുപക്ഷത്തെ സഹായിക്കുന്നതിന് വേണ്ടി ചില മാധ്യമങ്ങൾ ആസൂത്രിതമായി പ്രവർത്തിക്കുന്നതായി യു.ഡി.എഫ് നേതൃത്വം ആരോപിക്കുന്നുണ്ട്.
ചാനലുകളിൽ ഒരുപോലെ ബ്രേക്കിങ്ങ് ന്യൂസുകൾ നിരക്കുന്നത് അതിൻെറ തെളിവാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസിനും പ്രതിപക്ഷ നേതാവിനും എതിരെ നിരന്തരം പ്രചരണം നടത്തുന്ന റിപോർട്ടർ ചാനൽ തന്നെയാണ് ഇത്തരം പ്രചരണങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്.
യു.ഡി.എഫ് കണവൻഷനിൽ നിന്ന് പാണക്കാട് കുടുംബം വിട്ടു നിന്നുവെന്ന പ്രചരണത്തിനൊപ്പം കോൺഗ്രസ് നേതാക്കളായ കെ.സുധാകരനും രമേശ് ചെന്നിത്തലയും വിട്ടുനിന്നതായും പ്രചരണം നടന്നിരുന്നു.
വ്യക്തിപരമായ അസൗകര്യങ്ങളെ തുടർന്നാണ് രമേശും സുധാകരനും കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്നാണ് ഔദ്യോഗിക വീശദീകരണം.