കോൺഗ്രസ് സംസ്ഥാന നേതൃക്യാംപിന് വയനാട്ടിൽ നാള തുടക്കം. വരാനിരിക്കുന്ന തദ്ദേശഭരണ-നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് പാർട്ടിയെ സജ്ജമാക്കുക രണ്ട് ദിവസത്തെ ക്യാംപിൻെറ പ്രധാന അജണ്ട. വയനാട് ലോകസഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുളള ഉപതിരഞ്ഞെടുപ്പിൻെറ തന്ത്രങ്ങളും യോഗത്തിൽ ചർച്ചയാകും. പാർട്ടിയുടെ സംഘടനാ ദൗ‍ർബല്യങ്ങൾ പരിഹരിക്കാനുളള ഇടപെടലുകളും ബത്തേരിയിൽ നടക്കുന്ന ക്യാംപിൽ നിന്ന് പ്രതീക്ഷിക്കുന്നു

New Update
congress win.jpg

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിൻെറ പശ്ചാത്തലത്തിൽ ഭാവിയിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർ‍ട്ടിയെ സജ്ജമാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ കെ.പി.സി.സി സംസ്ഥാന ക്യാംപ് ചൊവ്വാഴ്ച സുൽത്താൻ ബത്തേരിയിൽ ആരംഭിക്കും.

Advertisment

വരാനിരിക്കുന്ന തദ്ദേശ ഭരണ സ്ഥാപന - നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കുക ലക്ഷ്യമിട്ടുളള ഒരുക്കങ്ങളാണ് രണ്ട് ദിവസം നീളുന്ന ക്യാംപ് എക്സിക്യൂട്ടിവിൻെറ പ്രധാന അജണ്ട. വയനാട് ലോകസഭാ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പും യോഗത്തിൽ ചർ‍ച്ചയാകും.വയാനാട്ടിൽ രാഹുൽ ഗാന്ധിക്ക് പകരക്കാരിയായി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനാൽ മണ്ഡലത്തിൽ വെച്ച് നടക്കുന്ന ക്യാംപിന് സംഘടനാതലത്തിൽ വലിയപ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്.

ലോകസഭാ തിരഞ്ഞെെടുപ്പിൽ 18 സീറ്റിൽ നേടിയ മിന്നുന്ന ജയത്തിൻെറ കാരണങ്ങളും ആലത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടതും തൃശൂരിലെ മൂന്നാം സ്ഥാനത്തേക്ക് പോയ തോൽവിയും ക്യാംപിൽ വിലയിരുത്തും. എന്നാൽ തൃശൂരിലെ തോൽവിക്ക് ശേഷം അതൃപ്തിയിലുളള കെ. മുരളീധരൻ ക്യാംപിൽ പങ്കെടുക്കില്ല.പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് അകലം പാലിക്കുന്ന മുരളീധരൻ പ്രതിഷേധം പ്രകടിപ്പിച്ചാണ് ക്യാംപിൽ നിന്ന് വിട്ടുനിൽക്കുന്നത്.

തോൽവിക്കൊപ്പം വിജയവും പഠിക്കുമെന്ന് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന കെ.പി.സി.സി യോഗത്തിൽ സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.വിജയത്തിന് ചേരുവയായത് ഏതൊക്കെ ഘടകങ്ങളാണ്, വിജയത്തിന് സഹായകരമായ രാഷ്ട്രീയാന്തരീക്ഷം നിയമസഭാ തിരഞ്ഞെടുപ്പ് വരെ എങ്ങനെ നിലനിർത്താം എന്നത് വിശദമായി ചർച്ചചെയ്യും. ഇതിൻെറ അടിസ്ഥാനത്തിലായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുളള ഒരുക്കങ്ങൾ ആരംഭിക്കുക.തോൽവി പിണഞ്ഞ തൃശൂരിലും ജയിച്ച ഇതര മണ്ഡലങ്ങളിലും പാർട്ടിയുടെ വോട്ടുകൾ ഏറിയും കുറഞ്ഞും വോട്ടുകൾ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ടെന്നാണ് കെ.പി.സി.സിയുടെ വിലയിരുത്തൽ.

ഭാവിയിൽ ഈ വോട്ടൊഴുക്ക് എങ്ങനെ തടഞ്ഞ് നിർത്താനും, പോയവോട്ടുകൾ എങ്ങനെ തിരിച്ചുപിടിക്കാനുമുളള തന്ത്രങ്ങൾക്ക് ക്യാംപ് രൂപം നൽകുമെന്നാണ് സൂചന.ഇതിനായി പ്രത്യേക ക‍ർമ്മ പദ്ധതി തയാറാക്കണമെന്നാണ് ആവശ്യം.

 ചൊവ്വാഴ്ച രാവിലെ 10നാണ് കെ.പി.സി.സി സംസ്ഥാന ക്യംപ് വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ആരംഭിക്കുക. കേരളത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ക്യാംപിൽ പൂർണസമയവും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് ദേശിയ അധ്യക്ഷൻ മല്ലികാർജുന ഖാർഗേ, ലോകസഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, വയനാട്ടിലെ നിയുക്ത സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി എന്നിവർ ഓൺലൈനായി ക്യാംപിനെ അഭിസംബോധന ചെയ്യും.

കെ.പി.സി.സി ഭാരവാഹികൾ,രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ,നിർവാഹക സമിതി അംഗങ്ങൾ, ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷന്മാർ, പാർട്ടിയുടെ എം.പിമാർ, എം.എൽ.എമാർ പോഷക സംഘടനകളുടെ പ്രസിഡന്റുമാർ എന്നിവരടക്കം മൊത്തം 123 പ്രതിനിധികളാണ് ക്യാംപിൽ പങ്കെടുക്കുക. ഇത് രണ്ടാം തവണയാണ് കേരളത്തിലെ കോൺഗ്രസിൻെറ ദിദ്വിന ക്യാംപിന് വയനാട് വേദിയാകുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിനുളള തയാറെടുപ്പുകളുടെ ഭാഗമായി ഒരു വ‍ർഷം മുൻപ് വയനാട്ടിൽ വെച്ച് പഠന ശിബിരം സംഘടിപ്പിച്ചിരുന്നത്.

ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് നടന്ന കെ.മുരളീധരനും ടി.എൻ.പ്രതാപനും അത്തരം കാര്യങ്ങൾ സ്വയം പ്രഖ്യാപിക്കേണ്ടെന്നും പാർ‍ട്ടിയാണ് തീരുമാനമെടുക്കുകയെന്നുമുളള കർശനമായ താക്കീത് നൽകപ്പെട്ടത് ആ പഠന ശിബരത്തിലായിരുന്നു.സംഘടനാ പരമായ ദൗർബല്യങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ കോൺഗ്രസിനെ അലട്ടുന്ന പ്രധാന പ്രശ്നം.

പലയിടത്തും ബൂത്ത് കമ്മിറ്റി പോലുമില്ലാത്ത സ്ഥിതിയായിരുന്നു.ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ സ്ഥാനാർത്ഥിയായി വന്നശേഷമാണ് നാനൂറോളം ബൂത്തുകളിൽ കമ്മിറ്റികളായത്.സംഘടനാ സാഹചര്യത്തെ കുറിച്ച് കെ.സി.വേണുഗോപാലിന് നേരിട്ട് അറിവുളളതിനാൽ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാനുളള നടപടികളും ക്യാംപിലുണ്ടായേക്കും.

Advertisment