കോൺഗ്രസ് പുന:സംഘടന പ്രഖ്യാപനം 10 നകം. 4 ഡി.സി.സി അധ്യക്ഷന്മാരെ നിലനിർത്താൻ ആലോചന. കൊല്ലം നിലനിർത്താൻ കൊടിക്കുന്നിലും ആലപ്പുഴക്കായി ചെന്നിത്തലയും രംഗത്ത്. ജംബോ കമ്മിറ്റിക്ക് സാധ്യത. 5 വൈസ് പ്രസിഡന്റുമാരും 30 ജനറൽ സെക്രട്ടറിമാരും ഉറപ്പ്. സെക്രട്ടറിമാരുടെ എണ്ണം 70 വരെയും ആയേക്കും

New Update
vd satheesan sunny joseph

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പുന:സംഘടന സംബന്ധിച്ച പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകും. പുന:സംഘടന സംബന്ധിച്ച ചർച്ചകൾക്കായി പ്രതിപക്ഷ നേതാവും കെ.പി.സി.സി നേതൃത്വവും ചൊവ്വാഴ്ച ഡൽഹിയിൽ എത്തും.

Advertisment

സംസ്ഥാനത്തെ പ്രധാന നേതാക്കളുമായും എം.പിമാരുമായും കൂടിയാലോചിച്ച് തയാറാക്കിയ പട്ടികയുമായാണ് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വർക്കിങ്ങ് പ്രസിഡൻറുമാരായ എ.പി.അനിൽ കുമാറും പി.സി.വിഷ്ണുനാഥും ഷാഫി പറമ്പിലും ഹൈക്കമാൻഡിനെ കാണുന്നത്.


പട്ടിക പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി ഹൈക്കമാൻഡായിരിക്കും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുക. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ട് ദിവസത്തെ ചർച്ചയാണ് ഹൈക്കമാൻഡുമായി നിശ്ചയിച്ചിട്ടുളളത്. പുതിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ ഓഗസ്റ്റ് പത്തോടെ പുതിയ പ്രഖ്യാപനം വന്നേക്കും.


ഡി.സി.സി അധ്യക്ഷന്മാരെ മാറ്റുന്നതിലാണ് പ്രശ്നങ്ങൾ വരാൻ സാധ്യത. തൃശൂർ ഒഴികെയുളള മുഴുവൻ ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റണോ അതോ മികച്ച പ്രകടനം കാഴ്ചവെച്ച കോഴിക്കോട്, കണ്ണൂർ, മലപ്പുറം, എറണാകുളം ഡി.സി.സി അധ്യക്ഷന്മാരെ ഒഴിവാക്കി ബാക്കി 9 ജില്ലകളിൽ മാത്രം അഴിച്ചുപണി നടത്തിയാൽ മതിയോ എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.


ഇക്കാര്യത്തിൽ ഹൈക്കമാൻഡ് സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. സംസ്ഥാനത്തെ ഡി.സി.സി അധ്യക്ഷന്മാരുടെ പ്രവർത്തനം സംബന്ധിച്ച റിപോർട്ട് എ.ഐ.സി.സിക്ക് മുന്നിലുണ്ട്.

9 ഡി.സി.സി അധ്യക്ഷന്മാരുടെ പ്രവർത്തനം പരിതാപകരമാണെന്നാണ് കേരളത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നൽകിയിരിക്കുന്ന റിപോർട്ടിലുളളത്.

എന്നാൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവർ എന്ന നിലയിൽ 4 ഡി.സി.സി അധ്യക്ഷന്മാരെ തുടരാൻ അനുവദിച്ചാൽ അത് മറ്റുളളവരെല്ലാം മോശക്കാരാണെന്ന ധാരണക്ക് ഇടനൽകുമെന്ന് ഇപ്പോഴും ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്ന നേതാക്കൾക്ക് പരാതിയുണ്ട്.


സ്വന്തം പക്ഷത്ത് നിൽക്കുന്ന ജില്ലാ അധ്യക്ഷന്മാർക്ക് തുടർച്ച ലഭിക്കുന്നതിന് വേണ്ടിയുളള തന്ത്രമാണിത് എന്നാണ് ആക്ഷേപം. കൊല്ലം ഡി.സി.സി അധ്യക്ഷൻ രാജേന്ദ്രപ്രസാദിനെ മാറ്റിയാൽ തിരഞ്ഞെടുപ്പ് കാലത്ത് ദോഷം ചെയ്യുമെന്നാണ് കൊടിക്കുന്നിൽ സുരേഷ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.


പരിചയ സമ്പത്തും പക്വതയുമുളള രാജേന്ദ്രപ്രസാദിനെ മാറ്റിയാൽ ജില്ലാ നേതൃത്വം ഭിന്നിക്കുമെന്നും കൊടിക്കുന്നിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കൊടിക്കുന്നിൽ സുരേഷിൻെറ പിന്തുണയിൽ ജില്ലാ അധ്യക്ഷനായ നേതാവാണ് രാജേന്ദ്ര പ്രസാദ്. സ്വന്തം പക്ഷക്കാരനെ നിലനിർത്താനുളള കൊടിക്കുന്നിലിൻെറ അടവാണിതെന്നാണ് മറ്റ് നേതാക്കളുടെ ആരോപണം.

ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എന്ന് ആക്ഷേപമുളള ആലപ്പുഴ ഡി.സി.സി പ്രസിഡൻറ് ബി.ബാബുപ്രസാദിനെ മാറ്റുന്നതിനോട് രമേശ് ചെന്നിത്തലക്കും യോജിപ്പില്ല. ബാബുപ്രസാദിനെ മാറ്റിയാൽ പറ്റിയ പകരക്കാരനില്ലെന്നാണ് ചെന്നിത്തല ഉന്നയിക്കുന്ന ന്യായം.


2011ൽ ചെന്നിത്തലക്ക് ഹരിപ്പാട് മത്സരിക്കാൻ സീറ്റ് ഒഴിഞ്ഞ കൊടുത്ത നേതാവാണ് ബാബുപ്രസാദ്. സ്വന്തം വിശ്വസ്തനെ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറ്റാതിരിക്കാനുളള ചെന്നിത്തലയുടെ സമ്മർദ്ദ തന്ത്രമാണ് പകരക്കാരനില്ലെന്ന ന്യായവാദമെന്നാണ് ആക്ഷേപം.


ഡി.സി.സി അധ്യക്ഷന്മാരുടെ കാര്യത്തിൽ നിലനിൽക്കുന്ന ഈ സങ്കീർണ സാഹചര്യം സംസ്ഥാന നേതൃത്വവും പ്രതിപക്ഷ നേതാവും ഹൈക്കമാൻഡിനെ അറിയിക്കും. ഹൈക്കമാൻഡ് സ്വീകരിക്കുന്ന നിലപാട് അനുസരിച്ചാകും ഡി.സി.സി അധ്യക്ഷന്മാരെ മാറ്റുന്നതിൽ അന്തിമ തീരുമാനം ഉണ്ടാവുക

ലഭ്യമാകുന്ന സൂചനകൾ അനുസരിച്ച് പുന:സംഘടനയോടെ സംസ്ഥാന കോൺഗ്രസിന് ജംബോ കമ്മിറ്റിയായിരിക്കും വരിക. വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, സെക്രട്ടറി, ട്രഷറർ, ഡി.സി.സി അധ്യക്ഷന്മാർ എന്നിവയിലാണ് അഴിച്ചുപണി വരുന്നത്.


കെ.പി.സി.സിക്ക് ഇപ്പോൾ 4 വൈസ് പ്രസിഡൻറുമാരാണ് ഉളളത്. ഇത് 5 ആയി ഉയർത്തണമെന്നാണ് സംസ്ഥാന നേതൃത്വത്തിൻെറ നിർദേശം. മത, സാമുദായിക സംവരണ അനുപാതം പാലിക്കുന്നതിന് വേണ്ടിയാണ് എണ്ണം കൂട്ടുന്നത്.


ജനറൽ സെക്രട്ടറിമാരുടെ എണ്ണവും വർദ്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. നിലവിൽ 23 ജനറൽ സെക്രട്ടറിമാരാണ് കെ.പി.സി.സിക്ക് ഉളളത്. ഇത് 30 ആയി ഉയർത്തണമെന്നാണ് ആവശ്യം. ജനറൽ സെക്രട്ടറിമാരുടെ ഇരട്ടി എന്നതാണ് സെക്രട്ടറിമാരുടെ കാര്യത്തിൽ സ്വീകരിച്ച് പോരുന്ന അനുപാതം.

എന്നാൽ 60 മുതൽ 70 വരെ സെക്രട്ടറിമാരാകാം എന്നതാണ് പുതിയ നിർദ്ദേശം.ഇതോടെ നൂറിലേറെ ഭാരവാഹികളുളള കമ്മിറ്റിയായി കെ.പി.സി.സി മാറുമെന്ന് ഉറപ്പാണ്.

 

Advertisment