/sathyam/media/media_files/2025/02/28/congres-meet-277681.jpg)
തിരുവനന്തപുരം: വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന സ്തോഭജനകമായ വാർത്തകൾ വന്ന് കൊണ്ടിരുന്ന ഡൽഹിയിലെ ഹൈക്കമാൻഡുമായുളള കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചയിൽ നിന്ന് പുറത്ത് വരുന്നത് ഐക്യകാഹളം.
അടുത്ത തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകൾ ലക്ഷ്യംവെച്ച് പ്രവർത്തിക്കാനും കേരളത്തിലെ ഇടത് ഭരണത്തിന് അന്ത്യം കുറിക്കാനും തീരുമാനിച്ചാണ് ഇന്ദ്രപ്രസ്ഥത്തിലെ യോഗം അവസാനിച്ചത്.
ഒറ്റക്കെട്ടായി നിന്നാൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ വിജയം നേടാൻ കഴിയുമെന്ന രാഹുൽ ഗാന്ധിയുടെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ടാണ് നേതാക്കൾ ഐക്യസൂക്തം മുഴക്കിയത്. കേരളത്തിൽ പാർട്ടിക്ക് മികച്ച നേതാക്കളും സംഘടനാ ശേഷിയുമുണ്ട്.
എന്നാൽ നേതാക്കൾക്കിടയിലെ അനൈക്യം പാർട്ടിയുടെ സാധ്യതകൾക്ക് ദോഷകരമാണ്. ഭിന്നിപ്പ് പരസ്യമാകുന്നത് പാർട്ടി സാധ്യതകളെ സാരമായി ബാധിക്കുമെന്നും രാഹുൽഗാന്ധി നേതാക്കളോട് പറഞ്ഞു.
മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് എന്തും വിളിച്ച് പറയുന്ന സ്ഥിതി അനുവദിക്കില്ലെന്ന കർശന തീരുമാനവും ഡൽഹി യോഗത്തിൽ കൈക്കൊണ്ടിട്ടുണ്ട്. ഇക്കാര്യം ഹൈക്കമാൻഡിൻെറ ഭാഗമായ സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിൻെറ പ്രതികരണത്തിലുണ്ട്.
ഐക്യത്തിന്റെ സന്ദേശം നൽകുന്ന യോഗമായിരുന്നു നടന്നത്. കാലത്തിന്റെ ആവശ്യം മനസിലാക്കി കേരളത്തിലെ മുന്നോട്ടു പോകും. ജനവിരുദ്ധ സർക്കാരിനെ താഴെ ഇറക്കുക തന്നെ ചെയ്യുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
എന്നാൽ മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായം പറയുവാൻ ആർക്കും സ്വാതന്ത്ര്യം ഉണ്ടാകില്ലെന്നും ഹൈക്കമാൻഡ് ഇക്കാര്യം കർശനമായി നിരീക്ഷിക്കുമെന്നും കെ.സി.വേണുഗോപാൽ അറിയിച്ചു.
നേതൃമാറ്റമായിരുന്നില്ല ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയുടെ അജണ്ടയെന്ന് കേരളത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്.
യോഗത്തിൽ പാർട്ടിയുടെ പുനസംഘടന ചർച്ചയായിട്ടില്ല. നേതൃമാറ്റം തൻ്റെ കൈയിൽ നിൽക്കുന്ന കാര്യമല്ല. എന്നാൽ ജില്ലാ തലത്തിൽ വൈകാതെ മാറ്റമുണ്ടാകുമെന്നും ചിലരെ കൂടി ഉൾപ്പെടുത്താനുണ്ടെന്നും ദീപാദാസ് മുൻഷി അറിയിച്ചു.
മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടിയുടെ ഉത്തമതാൽപര്യം കണക്കിലെടുക്കാതെ വായിൽതോന്നിയത് വിളിച്ചുപറയാൻ ആർക്കും അനുവാദമുണ്ടാകില്ലെന്ന് ദീപാദാസ് മുൻഷിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് ഒരു നിയന്ത്രണവും വച്ചിട്ടില്ല. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി ആര് സംസാരിച്ചാലും നടപടി ഉണ്ടാകും. ശശി തരൂർ തിരുത്തൽ നടത്തിയിട്ടുണ്ട്.ശശിതരൂരിൻ്റെ മാത്രമല്ല വിഷയം.
പാർട്ടി നിലപാടിന് വിരുദ്ധമായി ആര് പ്രതികരിച്ചാലും കടുത്ത നടപടി ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. ഹൈക്കമാൻഡുമായുളള കൂടിക്കാഴ്ചയിൽ പാർട്ടിയുടെ ലക്ഷ്യങ്ങളിലൂന്നി പ്രവർത്തിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പാർട്ടിയുടെ ഐക്യത്തിനായി എന്തു സഹകരണത്തിനും തയ്യാറാണെന്നും വ്യക്തമാക്കി.
സതീശനെ പിന്തുണച്ചാണ് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും സംസാരിച്ചത്.സതീശൻ പറഞ്ഞത് തന്നെയാണ് തൻെറയും അഭിപ്രായമെന്നും പരസ്പരം കുറ്റപ്പെടുത്തലുകളും പരസ്യ പ്രതികരണവും ഒഴിവാക്കണമെന്നത് യോഗത്തിലെ കൂട്ടായ തീരുമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു.
നേതൃമാറ്റമല്ല ഭരണ മാറ്റമാണ് ചർച്ചയായതെന്ന് രമേശ് ചെന്നിത്തലയും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
വളരെ വിജയകരമായ യോഗമായിരുന്നു. നേതൃമാറ്റമൊന്നും ചർച്ചയായില്ല. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും വിജയിക്കാൻ ആവശ്യമായ നിർദ്ദേശമാണ് ഉണ്ടായത്. കേരളത്തിലെ പാർട്ടി ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടിക്ക് ഹാനികരമായ പ്രതികരണം നടത്തിയാൽ നടപടി ഉണ്ടാകുമെന്ന തീരുമാനം രമേശ് ചെന്നിത്തലയും വെളിപ്പെടുത്തി. മാധ്യമങ്ങളെ കാണുന്നതിൽ ഒന്നും പാർട്ടി എതിരല്ല. മാധ്യമങ്ങളെ കാണുമ്പോൾ പാർട്ടി ലൈനിന് അനുസരിച്ച് സംസാരിക്കണമെന്നാണ് ചെന്നിത്തലയുടെ പ്രതികരണം.
നേതൃമാറ്റമല്ല തിരഞ്ഞെടുപ്പ് തന്നെയായിരുന്നു പ്രധാന ചർച്ച. അടുത്ത തവണ ഭരണത്തിൽ വരുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷക്കൊത്ത് ഉയർന്ന് പ്രവർത്തിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസനും പ്രതികരിച്ചു.
പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. പി.സി.വിഷ്ണുനാഥ്,ഷാഫി പറമ്പിൽ, റോജി.എം.ജോൺ തുടങ്ങിയ നേതാക്കളും നേതൃമാറ്റമല്ല, തിരഞ്ഞെടുപ്പായിരുന്നു ചർച്ചാ വിഷയമെന്നാണ് ഒരേ സ്വരത്തിൽ പ്രതികരിച്ചത്.
കേരളത്തിലെ കോൺഗ്രസിന് തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന സ്വയം ബോധ്യപ്പെട്ടാണ് ഓരോ നേതാക്കളും യോഗത്തിൽ നിന്ന് പുറത്തുവന്നത്.
കേരളത്തിലെ കോൺഗ്രസിൻെറ ഭാവിക്ക് ശുഭോദർക്കമായ തീരുമാനമാണിത്. തിരഞ്ഞെടുപ്പിലെ യു.ഡി.എഫിൻെറ സാധ്യതകളെ ബാധിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഘടകകക്ഷികൾക്കും ആശ്വാസം പകരുന്ന വാർത്തയാണിത്.