Advertisment

രാജ്യസഭാ സ്ഥാനാർത്ഥിയെ ചൊല്ലി സിപിഐയില്‍ ഭിന്നത; സുനീറിനെയല്ല രാജ്യസഭയിലേക്ക്‌ അയക്കേണ്ടിയിരുന്നതെന്നും ചെറുപ്പക്കാരനായ സുനീറിന് ഇനിയും അവസരം ലഭിക്കുമല്ലോയെന്നും വി.എസ് സുനിൽകുമാർ; 40 വയസിന് മുൻപ് എംഎൽഎയും 50 വയസിന് മുൻപ് മന്ത്രിയുമായ ആളാണോ ഇത് പറയുന്നതെന്ന് പരിഹസിച്ച്‌ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണ്‍

സമീപകാല പ്രശ്നങ്ങളിൽ തെറ്റ് ചൂണ്ടിക്കാട്ടിയതിൻെറ  പേരിൽ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും തെരുവിൽ പോരടിക്കേണ്ടതില്ലെന്നും ബിനോയ് വിശ്വം  

New Update
pp suneer vs sunil kumar n arun

തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാർഥിയായി പി.പി. സുനീറിനെ നിശ്ചയിച്ചതിനെ ചൊല്ലിയുളള സി.പി.ഐ സംസ്ഥാന ഘടകത്തിലെ തർക്കം തുടരുന്നു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലും രാജ്യസഭാ സ്ഥാനാർത്ഥി നിർണയം അംഗങ്ങൾ തമ്മിലുളള വാദപ്രതിവാദത്തിന് കാരണമായി. പി.പി.സുനീറിനെ രാജ്യസഭാംഗമായി നിശ്ചയിച്ച സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനത്തെ എതിർത്ത് മുൻമന്ത്രി വി.എസ്.സുനിൽ കുമാറാണ് ഏറ്റവും ശക്തമായി സംസാരിച്ചത്.

Advertisment

സുനീറിനെയല്ലെ രാജ്യസഭയിലേക്ക്‌ അയക്കേണ്ടിയിരുന്നതെന്ന് വാദിച്ച സുനിൽകുമാർ മുതിർന്ന നേതാവിനെ തന്നെയായിരുന്നു രാജ്യസഭയിലേക്ക് അയക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു. പി.പി.സുനീർ ചെറുപ്പക്കാരൻ ആണെന്നും രാജ്യസഭയിലേക്ക് പോകാൻ ഇനിയും സമയം ഉണ്ടായിരുന്നല്ലോയെന്നും സുനിൽ കുമാർ ചൂണ്ടിക്കാട്ടി.


ഇടുക്കിയിൽ നിന്നുളള കെ.കെ. ശിവരാമൻ, മുൻമന്ത്രി കെ. രാജു ഉൾപ്പെടെയുളള നേതാക്കളും സുനീറിനെ രാജ്യസഭാംഗമായി നിശ്ചയിച്ച സംസ്ഥാന എക്സിക്യൂട്ടിവീൻെറ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നു.


 കാനത്തിൻെറ ആഗ്രഹ പ്രകാരമാണ് സുനീറിനെ രാജ്യസഭാംഗമായി നിശ്ചയിച്ചതെന്ന സംസ്ഥാന സെക്രട്ടറിയുടെ പരാമർശത്തെ പരിഹസിച്ച കെ.രാജു, ഇനിയും ഒസ്യത്ത് വല്ലതും ബാക്കിയുണ്ടോയെന്നും ചോദിച്ചു. എന്നാൽ ചെറുപ്പക്കാരാനായ പി.പി.സുനീറിന് ഇനിയും സമയമുണ്ടല്ലോയെന്ന് വാദിച്ച വി.എസ്.സുനിൽ കുമാറിനെ പരിഹസിച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുണും സംസ്ഥാന കൗൺസിലിൽ എതിർവാദങ്ങൾ ഉന്നയിച്ചു.

നാൽപ്പത് വയസിന് മുൻപ് നിയമ സഭാംഗവും അൻപത് വയസിന് മുൻപ് മന്ത്രിയുമായ ആളാണോ സുനീർ ചെറുപ്പമാണെന്ന് വാദിക്കുന്നതെന്നായിരുന്നു അരുണിൻെറ പരിഹാസം. രാജ്യസഭാംഗമായി തിരഞ്ഞെടുത്തതിനായ വിമർശനങ്ങളോട് പി.പി.സുനീറും പ്രതികരിച്ചു.അസിസ്റ്റന്റ് സെക്രട്ടറി എന്ന നിലയിൽ സംസ്ഥാന കൗൺസിലിലെ ചർച്ചകൾക്ക് മറുപടി പറയുമ്പോഴായിരുന്നു സുനീറിൻെറ പ്രതികരണം.

രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് താൻ ആരെയും സമീപിച്ചിട്ടില്ല. പാർട്ടി ഓരോ ഘട്ടത്തിലും ഏൽപ്പിച്ച ചുമതലകൾ നിർവഹിക്കുക മാത്രമാണ് ചെയ്തിട്ടുളളത്. എവിടെയൊക്കെ മത്സരിക്കാൻ പറഞ്ഞോ അവിടെ എല്ലാം മത്സരിച്ചിട്ടുണ്ട്. ആവശ്യപ്പെടാതെ ലഭിച്ച രാജ്യസഭാ സീറ്റിൻെറ പേരിൽ തന്നെ മോശക്കാരനായി ചിത്രീകരിക്കാൻ ആസൂത്രിതമായ ശ്രമം നടന്നു.  പാർട്ടിക്കുളളിലെ സുഹൃത്തുക്കളിൽ നിന്നാണ് അത് സംഭവിച്ചതെന്നും സുനീർ സംസ്ഥാന കൗൺസിലിൽ പറഞ്ഞു.


സുനീറിനെ രാജ്യസഭാംഗമായി നിശ്ചയിച്ചതിനെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ന്യായീകരിച്ചു. സംസ്ഥാന എക്സിക്യൂട്ടിവിൽ നാല് പേരുകളാണ് രാജ്യസഭയിലേക്കായി ചർച്ച ചെയ്തത്.അതിൽ നിന്നാണ് പി.പി. സുനീറിൻെറ പേര് തീരുമാനിച്ചതെന്നും ബിനോയ് വിശ്വം സംസ്ഥാന കൗൺസിലിനെ അറിയിച്ചു.


രാജ്യസഭാ സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോൾ സംസ്ഥാന കൗൺസിലിലും ചർച്ച ചെയ്യേണ്ടിയിരുന്നു എന്ന വാദവും ബിനോയ് വിശ്വം തളളിക്കളഞ്ഞു. രാജ്യസഭാ സ്ഥാനാർ‍ത്ഥിയെ നിശ്ചയിക്കാനുളള അവകാശം സംസ്ഥാന എക്സിക്യൂട്ടിവിനാണ്, കൗൺസിലിനല്ല എന്നായിരുന്നു ബിനോയ് വിശ്വത്തിൻെറ മറുപടി.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തേണ്ടെന്നും ബിനോയ് വിശ്വം സംസ്ഥാന കൗൺസിലിലെ ചർച്ചകൾക്ക് മറുപടിയായി പറഞ്ഞു. തോല്‍വിയില്‍ ഒരാളെ മാത്രം  കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തോല്‍വി സംഭവിച്ചുവെന്ന് പറഞ്ഞ് ഒരാളെ ക്രൂശിക്കേണ്ട കാര്യമില്ല. 2019ലെ തോൽവിയിൽ പിണറായിയെ  വിമര്‍ശിച്ചവര്‍ പിന്നീട്  ഉദ്ഘാടനത്തിന് പിണറായിയുടെ പിന്നാലെ നടന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടേത്  കൂട്ടായ നേതൃത്വമാണെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു.

സമീപകാല പ്രശ്നങ്ങളിൽ തെറ്റ് ചൂണ്ടിക്കാട്ടിയതിൻെറ  പേരിൽ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും തെരുവിൽ പോരടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകള്‍ കണ്ടാല്‍ ഇനിയും പറയുമെന്നും ബിനോയ് വിശ്വം  പറഞ്ഞു.

Advertisment