ബ്രൂവറി അനുമതിയിലെ നിലപാട് മാറ്റത്തിന്റെ ജാള്യത മറയ്ക്കാൻ സർക്കാ‍രിനെ വിമർശിച്ച് കൈയ്യടി നേടാനുള്ള പരിപാടിയുമായി സിപിഐ രം​ഗത്ത്. സിപിഐയുടെ നാല് മന്ത്രിമാർ ആംഗങ്ങളായ മന്ത്രിസഭ കൈക്കൊണ്ട പി.എസ്.സി ചെയർമാൻെറയും അംഗങ്ങളുടെയും ശമ്പള പരിഷ്കരണത്തെ വിമ‍ർശിച്ചാണ് പുതിയ നീക്കം. ബ്രൂവറി അനുമതിയിലും അരങ്ങേറിയത് ഇതേ നാടകം. മാധ്യമശ്രദ്ധക്കായി പെടാപ്പാട് പെടുന്ന സിപിഐയുടെ ഭാവി ആശങ്കയിൽ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
card cpi ministers

തിരുവനന്തപുരം: സർക്കാ‍ർ തീരുമാനങ്ങളെ എതിർത്തും വിമർശിച്ചും മാധ്യമശ്രദ്ധയും കൈയ്യടിയും നേടുന്ന പരിപാടിയുമായി വീണ്ടും സി.പി.ഐ.

Advertisment

ബ്രൂവറി അനുമതിയെ ശക്തമായി എതിർക്കുമെന്ന് പാർട്ടിയോഗങ്ങളിലും മാധ്യമങ്ങൾക്ക് മുന്നിലും ആണയിട്ടശേഷം മുന്നണി യോഗത്തിൽ അതിനോട് യോജിച്ചതിൻെറ ക്ഷീണം മറയ്ക്കാനാണ് സി.പി.ഐയുടെ പുതിയ നീക്കം.


പി.എസ്.സി ചെയർമാൻെറയും അംഗങ്ങളുടെയും ശമ്പളം കൂട്ടിയതിന് എതിരെ പ്രതികരിച്ച് കൊണ്ടാണ് സി.പി.ഐ സംഘടനകൾ വീണ്ടും കൈയ്യടി നേടാൻ ഇറങ്ങിയിരിക്കുന്നത്.


സി.പി.ഐയുടെ നാല് മന്ത്രിമാർ കൂടി ആംഗങ്ങളായ മന്ത്രിസഭ കൈക്കൊണ്ട പി.എസ്.സി ചെയർമാൻെറയും അംഗങ്ങളുടെയും ശമ്പള പരിഷ്കരണത്തെ വിമ‍ർശിച്ച് ആദ്യം പാ‍ർട്ടിയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫും പിന്നീട് തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുമാണ് രംഗത്ത് വന്നിരിക്കുന്നത്. 

ബ്രൂവറി അനുമതിയിലും ഇതേ നാടകമാണ് സി.പി.ഐ സംഘടനകൾ അരങ്ങേറ്റിയത്. സി.പി.ഐ മന്ത്രിമാർ കൂടി യോജിച്ചുകൊണ്ട് എടുത്ത തീരുമാനത്തെ വിമ‍ർശിച്ച് പാർട്ടിയും പോഷക സംഘടനകളും രംഗത്തെത്തുകയായിരുന്നു.


മന്ത്രിസഭാ യോഗത്തിന് മുൻപ് ബ്രൂവറിക്ക് അനുമതി നൽകുന്നത് പരിഗണനക്ക് വരുന്നുണ്ടെന്ന് മന്ത്രിമാർ അറിയിച്ചപ്പോൾ കൈപൊക്കിക്കൊളളാൻ അനുമതി കൊടുത്ത സംസ്ഥാന നേതൃത്വമാണ് പിന്നീട് പദ്ധതിക്ക് എതിരെ പൊറാട്ട് നാടകം കളിച്ചത്.


അതിൻെറ തനിയാവ‍ർത്തനമാണ്  പബ്ളിക് സർവീസ് കമ്മീഷനിലെ ശമ്പള പരിഷ്കരണത്തിലും സി.പി.ഐ സംഘടനകൾ നടത്തുന്നത്. അടിസ്ഥാന വിഭാഗങ്ങൾക്കുള്ള വേതനവും ആനുകൂല്യങ്ങളും പോലും കൃത്യമായി നൽകാൻ കഴിയാത്തപ്പോൾ പിഎസ്‌സി അംഗങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നത് ഔചിത്യമല്ലെന്നാണ് എ.ഐ.ടി.യു.സിയുടെ വിമർശനം. 

ഇടതു സർക്കാരിന് ചേരാത്ത നടപടി റദ്ദ് ചെയ്യണമെന്നും എ.ഐ.ടി.യു. സംസ്ഥാന കൗൺസിൽ  ആവശ്യപ്പെട്ടിട്ടുണ്ട്. ന്യായമായ വേതന വർദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട്  വിവിധ വിഭാഗക്കാർ പ്രക്ഷോഭം നടത്തുന്ന അവസരത്തിൽ  കൈകൊണ്ട തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് എ.ഐ.വൈ.എഫിൻെറ പ്രസ്താവന.


സർക്കാർ ജീവനക്കാർക്കും സ്കൂൾ പാചക തൊഴിലാളികൾക്കും  വിവിധ ക്ഷേമ പെൻഷൻകാർക്കും കൃത്യമായ വേതനം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇപ്രകാരമൊരു തീരുമാനം സർക്കാർ കൈകൊള്ളുന്നതെന്നത് ആശങ്കയുളവാക്കുന്നു.


ഒരോ വർഷം കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത ഉണ്ടാക്കുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം.ഇടത് നയത്തിൽ നിന്ന് സർക്കാർ വ്യതിചലിക്കരുതെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ.അരുണും സെക്രട്ടറി ടി.ടി ജിസ്‌മോനും ആവശ്യപ്പെട്ടു.

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സ്കൂൾ പാചക തൊഴിലാളികൾ, ആശ, അംഗൻവാടി വർക്കർമാർ, പൊതുവിതരണ മേഖലയിലെ താൽക്കാലിക ജീവനക്കാർ, റേഷൻ വിതരണക്കാർ, സ്പഷ്യൽ സ്കൂൾ ജീവനക്കാർ, 

സർക്കാരിന്റെ വിവിധ വകുപ്പുകളിൽ കരാർ - താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവർക്ക് അർഹമായ വേതന വർദ്ധനവ് നൽകുവാനും കൃത്യമായി വേതനം നൽകുവാനും സാധിക്കുന്നില്ല.


സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം പോലും ലഭിക്കാതെ നാമമാത്രമായ വേതനം കൊണ്ട് ജോലിചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ നിലവിലുള്ളപ്പോൾ സാധാരണക്കാരായ ഇത്തരം വിഭാഗത്തെ പരിഗണിക്കാതെ ഇപ്രകാരമൊരു തീരുമാനം സർക്കാർ കൈകൊള്ളുന്നത് ഇടതുമുന്നണി സർക്കാരിന് ഭൂഷണമല്ലെന്ന് എ.ഐ.‍ടി.യു.സി നേതൃത്വം ഓർമ്മിപ്പിക്കുന്നത്.


എന്നാൽ സി.പി.ഐ മന്ത്രിമാർ കൂടി യോജിച്ചത് കൊണ്ടാണ് മന്ത്രിസഭാ തീരുമാനം വന്നതെന്ന പ്രാഥമിക കാര്യം മറന്നാണ് സി.പി.ഐ സംഘടനകൾ പ്രസ്താവനയുമായി മാധ്യമങ്ങളിലേക്ക് പായുന്നത്.

കേവലം പ്രസ്താവനയിറിക്കുകയും അത് മാധ്യമങ്ങളിൽ വാർത്ത ആകുകയും ചെയ്യുന്നതോടെ സി.പി.ഐയുടെയും പോഷക സംഘടനകളുടെയും എതിർപ്പും പ്രതിഷേധവും തീരുന്നതാണ് സമീപകാലത്ത് കേരളം കണ്ടത്.

Advertisment