സി.പി.ഐ ജില്ലാ സമ്മേളനങ്ങളിലെ വിഭാഗീയത പരസ്യ പൊട്ടിത്തെറിയിലേക്ക്. വിമത ശബ്ദം ഉയർത്തുന്നത് ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ട നാട്ടിക എംഎൽഎ സി.സി മുകുന്ദൻ. മുകുന്ദനെ റാഞ്ചാനുള്ള ശ്രമത്തിൽ സിപിഎമ്മും, ബിജെപിയും, കോൺഗ്രസും. ഇസ്മയിൽ പക്ഷക്കാരനായ മുകുന്ദനെ ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വത്തിലെ ഔദ്യോഗിക പക്ഷവും മുന്നിട്ടിറങ്ങിയെന്നും ആക്ഷേപം

New Update
Screenshot 2025-07-14 201121

തിരുവനന്തപുരം: പാർട്ടി മന്ത്രിമാർക്കും നേതാക്കൾക്കുമെതിരെ വിമർശനത്തിൻെറ വേദിയായി മാറുന്ന സി.പി.ഐ ജില്ലാ സമ്മേളനങ്ങളിലെ വിഭാഗീയത പരസ്യ പൊട്ടിത്തെറിയിലേക്ക്. 

Advertisment

തൃശൂർ ജില്ലാ സമ്മേളനത്തിലെ ചേരിതിരിഞ്ഞുളള വിമർശനങ്ങളാണ് പൊതുമധ്യത്തിലേക്ക് എത്തിയത്. ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ട നാട്ടിക എം.എൽ.എ സി.സി.മുകുന്ദനാണ് പരസ്യപ്രതികരണവുമായി എത്തിയതാണ് സി.പി.ഐയെ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നത്.


സി.പി.ഐയിൽ വിമത ശബ്ദം ഉയർത്തുന്ന മുകുന്ദന് ഇതര പാർട്ടികളിൽ നിന്നും ക്ഷണവുമുണ്ട്.


സി.പി.എമ്മും ബി.ജെ.പിയും, കോൺഗ്രസുമാണ് മുകുന്ദൻ എം.എൽ.എയെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. പാർട്ടി ജില്ലാ കൌൺസിലിൽ നിന്ന്  ഒഴിവാക്കിയതിന് പിന്നാലെ പല പാർട്ടികളിൽ നിന്നും തന്നെ ക്ഷണിച്ചതായി സി.സി.മുകുന്ദനും സ്ഥിരീകരിച്ചു.  

സി.പി.എം, ബി.ജെ.പി, കോൺഗ്രസ് ജില്ലാ നേതാക്കൾ വാട്സാപ്പിലൂടെ തന്നെ ബന്ധപ്പെട്ടെന്നാണ് മുകുന്ദൻെറ സ്ഥിരീകരണം. സംസ്ഥാന - ജില്ലാ നേതൃത്വത്തോടുള്ള എതിർപ്പ് പരസ്യമാക്കുമ്പോഴും പാർട്ടി വിടില്ലെന്ന നിലപാടിലാണ് സി.സി. മുകുന്ദൻ.


50 വർഷമായി പ്രവർത്തിച്ച് വരുന്ന പാർട്ടിയിൽ തുടരും. പാർട്ടി ഇടപെട്ടാൽ പരിഹരിക്കാവുന്നത് മാത്രമാണ് തൻെറ പ്രശ്നങ്ങൾ. പറയാനുളള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി പാർട്ടിക്ക് പരാതി നൽകി.


ഇനിയുളള കാര്യങ്ങൾ പാർട്ടി തീരുമാനിക്കെട്ടെയെന്നും അതേക്കുറിച്ചൊന്നും ചിന്തിക്കാൻ നേരമില്ലെന്നും തനിക്കിപ്പോൾ നേരമില്ലെന്നാണ് സി.സി.മുകുന്ദൻ എം.എൽ.എയുടെ പ്രതികരണം.

തൃശൂർ ജില്ലാ സമ്മേളനത്തിലുണ്ടായ പ്രശ്നങ്ങളും സി.സി. മുകുന്ദൻ എം.എൽ.എയുടെ വിമത നീക്കങ്ങളും നാളെ നടക്കുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് -സംസ്ഥാന കൌൺസിൽ യോഗങ്ങളിൽ ചർച്ച ചെയ്യുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.

ജില്ലാ കൌൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് സി.സി മുകുന്ദൻ ജില്ലാ സമ്മേളന വേദിയിൽ നിന്ന് ഇറങ്ങി പോയിരുന്നു. സി.സി. മുകുന്ദൻ എം.എൽ.എയെ ജില്ലാ കൌൺസിലിൽ നിന്ന് ഒഴിവാക്കിയത് മനപൂർവമല്ലെന്നാണ് ജില്ലാ നേതൃത്വത്തിൻെറ വാദം.


എന്നാൽ സി.പി.ഐയിലെ വിഭാഗീയതയിൽ കെ.ഇ.ഇസ്മയിലിൻെറ പക്ഷക്കാരനാണ് സി.സി.മുകുന്ദൻ.ഇസ്മയിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്യുന്നതിനെയും മുകുന്ദൻ എതിർത്തിരുന്നു. 


ഇതിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്ന അതൃപ്തിയാണ് മുകുന്ദനെ ജില്ലാ കൌൺസിലിൽ നിന്ന് ഒഴിവാക്കുന്നതിൽ കലാശിച്ചതെന്നാണ് ആക്ഷേപം.

ഇരിങ്ങാലക്കുടയിൽ നടന്ന സി.പി.ഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ വെച്ചാണ്  നാട്ടിക എം.എൽ.എ സി.സി. മുകുന്ദനെ ജില്ലാ കൌൺസിലിൽ നിന്നും ഒഴിവാക്കിയത്.

ഇസ്മയിൽ പക്ഷക്കാരനായ മുകുന്ദനെ ജില്ലാ കൌൺസിലിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വത്തിലെ ഔദ്യോഗിക പക്ഷവും മറ്റ് ചില കാരണങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. 


നവകേരള സദസ്സിൽ വെച്ച് പൊലീസിനെതിരായ വിമർശനം പരസ്യമായി ഉന്നയിച്ചതാണ് ജില്ലാ നേതൃത്വം ഉന്നയിച്ച കാരണങ്ങളിൽ ഒന്ന്.പ്രാദേശിക വിഷയങ്ങളിൽ പാർട്ടിക്ക് വിധേയനാകുന്നില്ലെന്ന ആക്ഷേപവും എം.എൽ.എക്ക് എതിരെ ഉയർത്തിക്കൊണ്ടുവന്നു.


ഈ വിഷയങ്ങൾക്കൊപ്പം പി.എ നിയമനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും വിവിധ മണ്ഡലം കമ്മിറ്റികളുടെ  പ്രതിനിധികളെ കൊണ്ട് വിമർശനമായി ഉന്നയിപ്പിച്ചു.

മണ്ഡലം കമ്മിറ്റികളിൽ നിന്നുളള പ്രതിനിധികളുടെ രൂക്ഷ വിമർശനം അവസരമാക്കിയെടുത്താണ് ഒഴിവാക്കാനുള്ള നടപടികളിലേക്ക് നേതൃത്വം കടന്നത്.

ജില്ലാ കൌൺസിലിൻെറ പാനലിൽ താനില്ലെന്ന് മനസിലാക്കിയതോടെ മുകുന്ദൻ സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയി.


പാർട്ടിയിൽ തന്നെ ഒറ്റ തിരഞ്ഞാക്രമിക്കാൻ ശ്രമം നടന്നുവെന്നും അഴിമതിക്കാരനായ പി.എ തന്റെ ഒപ്പിട്ട് പണം തട്ടാൻ ശ്രമിച്ചപ്പോൾ പാർട്ടി അയാൾക്ക് പൂർണ സംരക്ഷണയൊരുക്കിയെന്നുമാണ് സി.സി.മുകുന്ദൻ എം.എൽ.എയുടെ ഇതേപ്പറ്റിയുളള പ്രതികരണം.


വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല തവണ നേതൃത്വത്തെ സമീപിച്ചിട്ടും ഇടപെടലുണ്ടായില്ലെന്നും എം.എൽ.എ മാധ്യമങ്ങളോട് തുറന്നടിച്ചു. സമ്മേളനങ്ങൾ മണ്ഡലം തലത്തിലേക്ക് കടന്നത് മുതൽ സി.പി.ഐ വിഭാഗീയമായ ചേരിപ്പോരിൻെറ പിടിയിലാണ്.

കാനം രാജേന്ദ്രനെ പോലെ ശക്തമായ നേതൃത്വമില്ലാത്തത് കൊണ്ട് പാർട്ടിക്ക് മേൽ സംസ്ഥാന നേതൃത്വത്തിന് നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയാണ്. നാളെ നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവിലും സംസ്ഥാന കൌൺസിലിലും ഈ വിഷയങ്ങൾ ഉയർന്നുവരും.

Advertisment