Advertisment

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് സി.പി.ഐ ജില്ലാ നേതൃയോഗങ്ങളിൽ ആവശ്യമുയരുന്നു; തോൽവിക്ക് പ്രധാനകാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമെന്നും വിമര്‍ശനം; രാജാവ് നഗ്നനാണെന്ന് പറയാൻ സി.പി.എമ്മിൽ ആളില്ല, സി.പി.ഐ ആ സ്ഥാനം ഏറ്റെടുത്ത് തിരുത്തൽ ശക്തി ആകണമെന്നും ആവശ്യം; തിങ്കളാഴ്ചത്തെ സംസ്ഥാന ഏക്സിക്യൂട്ടിവിലും ഈ വിമർശനം ആവർത്തിക്കപ്പെടാൻ സാധ്യത

തിങ്കളാഴ്ച തിരഞ്ഞെടുപ്പ് അവലോകനത്തിനായി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരുകയാണ്.  ജില്ലാ എക്സിക്യൂട്ടിവിലും കൗൺസിലുകളിലും ഉയ‍ർന്ന  വിമർശനം സംസ്ഥാന എക്സിക്യൂട്ടിവിലും ആവ‍ർത്തിക്കാനാണ് സാധ്യത

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pinarayi vijayan cpi

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിയോടെ സി.പി.ഐയിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ വികാരം ശക്തമാകുന്നു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന സംസ്ഥാന എക്സിക്യൂട്ടിവിന് മുന്നോടിയായി ചേർന്ന ജില്ലാ നേതൃയോഗങ്ങളിൽ മുഖ്യമന്ത്രിക്കെതിരായ വിമർശനം ആഞ്ഞടിക്കുകയാണ്. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം വരെ സി.പി.ഐ ജില്ലാ നേതൃ യോഗങ്ങളിൽ ഉയരുന്നുണ്ട്. സിപിഐ തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവ് യോഗത്തിലാണ് മുഖ്യമന്ത്രി മാറണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടത്.

Advertisment

തോൽവിക്ക് പ്രധാനകാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. മുഖ്യമന്ത്രി മാറണമെന്ന് പറയാനുള്ള ആർജ്ജവം സിപിഐ കാണിക്കണമെന്നും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ ആവശ്യപ്പെട്ടു. സി.പി.ഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിലും മുഖ്യമന്ത്രിക്കെതിരെ കനത്ത തോതിലുളള വിമ‍ർശനമാണ് ഉയർന്നത്. തിരഞ്ഞെടപ്പിൽ ആഞ്ഞടിച്ചത് മുഖ്യമന്ത്രി വിരുദ്ധ വികാരമാണ് എന്നായിരുന്നു ആലപ്പുഴ ജില്ലാ കൗൺസിലിൽ ഉയർന്ന ആക്ഷേപം.

എല്ലാ തിരഞ്ഞെടുപ്പിലും രാഷ്ട്രീയ എതിരാളികൾക്കും വിമർശകർക്കും എതിരെ മുഖ്യമന്ത്രിയിൽ നിന്ന്  മോശം പരാമർശങ്ങൾ തുടർച്ചയായി ഉണ്ടാകുന്നു. പദവിക്ക് നിരക്കാത്ത പരാമർശങ്ങൾ തിരുത്താൻ മുഖ്യമന്ത്രി തയാറല്ല. ഇന്നലെ യാക്കോബായ സഭാ മെത്രാപ്പോലീത്ത ഡോ.ഗീവ‍ർഗീസ് മാർ കൂറിലോസിനെതിരെ നടത്തിയ പരാമർശം അതിൻെറ തെളിവാണെന്നും ആലപ്പുഴ ജില്ലാ കൗൺസിൽ അംഗങ്ങൾ വിമർശിച്ചു.


രാജാവ് നഗ്നനാണെന്ന് പറയാൻ സി.പി.എമ്മിൽ ആളില്ല, സി.പി.ഐ ആ സ്ഥാനം ഏറ്റെടുത്ത് തിരുത്തൽ ശക്തി ആകണമെന്നും ജില്ലാ കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇടതുപക്ഷത്തിന് പിന്നിൽ അണിനിരന്ന ബഹുജനങ്ങൾ മുന്നണിയിൽ നിന്ന് അകന്നുപോകുമെന്നും അംഗങ്ങൾ മുന്നറിയിപ്പ്  നൽകി.


മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെയും സി.പി.ഐ ജില്ലാ നേതൃയോഗങ്ങളിൽ ശക്തമായ വിമർശനം ഉയരുന്നുണ്ട്. തൃശൂർ പൂരത്തിൻെറ രാത്രി ചടങ്ങുകൾ അലങ്കോലമാക്കാൻ ഐ.പി.എസ് ഓഫീസർ മുന്നിട്ടിറങ്ങിയത് സംശയകരമാണെന്നാണ് ആലപ്പുഴ ജില്ലാ കൗൺസിലിൽ വിമർശനം. പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമമാണ് തൃശൂരിലെ പാർട്ടി സ്ഥാനാർത്ഥിയുടെ തോൽവിക്കും ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയത്തിനും വഴിവെച്ചതെന്നും ജില്ലാ കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

എൽ.ഡി.എഫ് കൺവീനർ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതും തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചുവെന്ന വിമർശനവും സി.പി.ഐ ജില്ലാ യോഗങ്ങളിൽ വ്യാപകമായി ഉയരുന്നുണ്ട്. മുന്നണിയുടെ നിർണായക സ്ഥാനത്തിരിക്കുന്ന ആൾ തന്നെ ചർച്ചയ്ക്ക് പോയത് വോട്ടർമാർക്കിടയിൽ സംശയങ്ങൾക്കിടയാക്കിയതായും വിവിധ ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നു.

എല്ലാ തൊഴിലാളി വിഭാഗങ്ങളെയും വെറുപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. എക്കാലവും ഇടത് മുന്നണിക്കൊപ്പം നിന്നിരുന്ന കയർ,കശുവണ്ടി അടക്കമുളള പരമ്പരാഗത മേഖലയിൽ നിന്ന് ഒരുവോട്ടുപോലും കിട്ടാത്ത സ്ഥിതിയാണ് ഉണ്ടായതെന്നും സി.പി.ഐ യോഗങ്ങളിൽ വിമ‍ർശിക്കപ്പെട്ടു. ബി.ജെ.പി അക്കൗണ്ട് തുറന്നതും പല മണ്ഡലങ്ങളിലും വോട്ട് വർദ്ധിപ്പിച്ചതും കോൺഗ്രസ് വോട്ടുകൾ ചോ‍ർന്ന് പോയതുകൊണ്ട് മാത്രമല്ല, ഇടതുപക്ഷത്തിൻെറ അടിസ്ഥാന വോട്ടുകളും ചോർന്ന് ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ടെന്ന് ആലപ്പുഴ ജില്ലാ കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വെറുപ്പിച്ചതും സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തതും ക്ഷേമ പെൻഷൻ മുടങ്ങിയതും കനത്ത തോൽവിയിൽ നല്ല പങ്കുവഹിച്ചെന്ന്  തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ വിമ‍ർശിച്ചു. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് അവലോകനത്തിനായി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരുകയാണ്.  ജില്ലാ എക്സിക്യൂട്ടിവിലും കൗൺസിലുകളിലും ഉയ‍ർന്ന  വിമർശനം സംസ്ഥാന എക്സിക്യൂട്ടിവിലും ആവ‍ർത്തിക്കാനാണ് സാധ്യത.

Advertisment