സിപിഐയെ വെട്ടിലാക്കി മുൻ എംഎൽഎ പി.രാജുവിൻെറ മരണവും കുടുംബത്തിന്റെ വെളിപ്പെടുത്തലും. തിരുത്തൽ ശക്തിയെന്ന് സ്വയം വാഴ്ത്തുന്ന സിപിഐയിൽ നിന്നും രാജുവിന് നീതി ലഭിച്ചില്ലെന്ന തുറന്നുപറച്ചിൽ വഴിവച്ചത് വൻ വിവാദങ്ങൾക്ക്. കെ.ഇ ഇസ്മയിലിന്റെ ഫെയിസ്ബുക്ക് കുറിപ്പുകൂടിയായപ്പോൾ പ്രശ്നം കുഴഞ്ഞുമറിഞ്ഞു. രണ്ട് തവണ എംഎൽഎയായിരുന്ന നേതാവിനെ പന്ത് തട്ടിയ സിപിഐക്ക് ഇത് കാലം കാത്തുവച്ച പണി !

നാല് ലക്ഷം രൂപയുടെ ക്രമക്കേട് ആരോപിച്ചാണ് പി.രാജുവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിലേക്ക് തരം താഴ്ത്തിയത്

New Update

കൊച്ചി: മുൻ എം.എൽ.എ പി.രാജുവിൻെറ മരണത്തെ തുടർന്ന് സി.പി.ഐ വിവാദത്തിൽ. പി.രാജുവിന്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹത്തിൻെറ കുടുംബം നിലപാടെടുത്തതാണ് തിരുത്തൽ ശക്തിയെന്ന് സ്വയം വാഴ്ത്തുന്ന സി.പി.ഐ വിവാദത്തിൽ പെട്ടത്.

Advertisment

ജില്ലാ കൗൺസിൽ ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ താൽപര്യമില്ലെന്ന് രാജുവിൻെറ ബന്ധുക്കൾ പാർട്ടിയുടെ ജില്ലാ നേതൃത്വത്തെ നേരിട്ട് അറിയിക്കുകയായിരുന്നു. 


ജീവിച്ചിരുന്നകാലത്ത് പി.രാജുവിന് സി.പി.ഐയിൽ നിന്ന് നീതി ലഭിച്ചില്ലെന്നും അങ്ങനെയുളള പാർട്ടിയുടെ ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കേണ്ടതില്ലെന്നും സഹോദരീ ഭർത്താവ് മാധ്യമങ്ങളോട് പ്രതികരിച്ചതോടെ സി.പി.ഐയുടെ ജില്ലാ സംസ്ഥാന നേതൃത്വം വെട്ടിലായത്.


ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരിൽ  വ്യക്തിഹത്യ നടത്തുകയും ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ നേടിയ സൽപേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിൽ ഫേസ് ബുക്കിൽ കുറിപ്പിട്ടതോടെ സി.പി.ഐ പൂർണമായും കുഴപ്പത്തിലായി.

publive-image

പി.രാജുവിൻെറ വീട്ടുകാരുടെ കുറ്റപ്പെടുത്തൽ ശരിവെക്കുന്ന സമീപനമാണ് ഇസ്മയിലിൻെറ പോസ്റ്റിലൂടെ വെളിവാക്കപ്പെട്ടത്. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷമാണ് ജില്ലാ സെക്രട്ടറി പദം ഒഴിഞ്ഞ പി.രാജുവിന് നേരെ നടപടി തുടങ്ങിയത്.


നാല് ലക്ഷം രൂപയുടെ ക്രമക്കേട് ആരോപിച്ചാണ് പി.രാജുവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിലേക്ക് തരം താഴ്ത്തിയത്. പാർട്ടിയിലെ വിഭാഗീയ ചേരിതിരിവിൽ അന്നത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻെറ വിരുദ്ധ ചേരിയിലായതാണ് സാമ്പത്തികാരോപണത്തിനും നടപടിക്കുമുളള യഥാർത്ഥ കാരണം.


നടപടിക്ക് എതിരെ പി.രാജു സംസ്ഥാന കൺട്രോൾ കമ്മീഷനെ സമീപിച്ചു. കുറ്റക്കാരനെന്ന കണ്ടെത്തൽ ശരിവെച്ചെങ്കിലും പ്രായവും പ്രവർത്തന പാരമ്പര്യവും കണക്കിലെടുത്ത് അർഹമായ പരിഗണന നൽകണമെന്നായിരുന്നു കൺട്രോൾ കമ്മീഷൻെറ തീർപ്പ്.

എന്നാൽ കൺട്രോൾ കമ്മീഷൻ നിർദ്ദേശിച്ച മറ്റൊരു നേതാവിനെ ജില്ലാ കൗൺസിലിൽ തിരിച്ചെടുത്ത സി.പി.ഐ എറണാകുളം ജില്ലാ നേതൃത്വം പി.രാജുവിനെ മാത്രം തിരിച്ചെടുക്കാൻ കൂട്ടാക്കിയില്ല. വിഭാഗീയ വൈരം തന്നെയായിരുന്നു ആ തീരുമാനത്തെയും സ്വാധീനിച്ചത്.


പി.രാജുവിനെ ജില്ലാ കൗൺസിലിൽ തിരിച്ചെടുക്കുന്നതിന് പകരം തീരുമാനം സംസ്ഥാന എക്സിക്യൂട്ടിവിന് വിടുകയാണ് എറണാകുളം ജില്ലാ കൗൺസിൽ ചെയ്തത്. സമ്മേളന കാലത്ത് തീരുമാനം വൈകിപ്പിക്കുക എന്നതായിരുന്നു ഇതിനെ പിന്നിലെ തന്ത്രം.


ഈമാസം 17ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവും വിഷയത്തിൽ തീരുമാനം എടുക്കാതെ തിരിച്ച് ജില്ലാ കൗൺസിലിന് തട്ടി.

അർബുദ ബാധയെ തുടർന്ന് പി.രാജു ചികിത്സ തേടുന്നതിനിടിയിലായിരുന്നു സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ രണ്ട് തവണ വടക്കൻ പരവൂരിൽ നിന്ന് രണ്ട് തവണ എം.എൽ.എയായിരുന്ന മുതിർന്ന നേതാവിനെ ഇങ്ങനെ പന്ത് തട്ടിയത്.

p raju cpi

അസുഖത്തിൻെറ കാഠിന്യങ്ങൾക്കിടയിൽ ജീവിത കാലം മുഴുവൻ പ്രവർത്തിച്ച പാർട്ടിയിൽ നിന്നേറ്റ ഈ അപമാനകരമായ സമീപനത്തിൽ അദ്ദേഹം ഏറെ വേദനിച്ചിരുന്നു.


അടുപ്പമുളള നേതാക്കളോടും ബന്ധുക്കളോടും ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു. അതാണ് നീതി ചെയ്യാത്ത പാർട്ടിയുടെ ഓഫീസിലേക്ക് ഭൗതിക ശരീരം കൊണ്ടുപോകില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തത്.


രാജുവിന്റെ ആരോഗ്യനില മോശമാകാനും ഇത്രപെട്ടെന്ന് മരിക്കാനും കാരണം പാർട്ടി നടപടിയാണെന്നാണ് കുടുംബത്തിൻെറ പരാതി. പാർട്ടിയിൽ നിന്നും നീതി ലഭിച്ചില്ലെന്നും പിന്നിൽ നിന്ന് കുത്തിയവർ മൃതദേഹം കാണാൻ വരേണ്ടതില്ലെന്നുമാണ്  കുടുംബത്തിൻെറ നിലപാട്.

വിഭാഗീയ വൈരത്തിൻെറ പേരിൽ പി.രാജുവിനോട്  നികൃഷ്ടമായ രീതിയിൽ കൈകാര്യം ചെയ്ത സി.പി.ഐ നേതൃത്വത്തിൻെറ മുഖത്തേറ്റ കനത്ത പ്രഹരമാണിത്.

കാനം രാജേന്ദ്രൻെറ എതിർ നിലപാടാണ് ആരോപണത്തിനും നടപടിക്കും വഴിവെച്ചതെങ്കിലും കാനത്തിൻെറ നിര്യാണത്തിന് ശേഷം വന്ന ബിനോയ് വിശ്വവും അത് തിരുത്തുന്നതിന് പകരം ആവർത്തിക്കുകയാണ് ചെയ്തത്.


ഇടതുപക്ഷം ഹൃദയ പക്ഷം മനുഷ്യപക്ഷം എന്നൊക്കെയുളള വായ്ത്താരി പാടി നടക്കുന്ന ബിനോയ് വിശ്വത്തിൻെറ പാർട്ടിയിൽ അതൊന്നും തരിമ്പുപോലുമില്ല എന്ന യാഥാർ‍ത്ഥ്യമാണ് പി.രാജുവിൻെറ മരണത്തോടെ വെളിപ്പെടുന്നത്.


അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് പി.രാജു മരിച്ചത്. ഭൗതിക ശരീരം വെളളിയാഴ്ച ജില്ലാ കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിൽ വെച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു സി.പി.ഐ നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാൽ കുടുംബം എതിർത്തതോടെ നീക്കം പാളി. 

പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കുന്നതിനോട് പി.രാജുവിൻെറ ബന്ധുക്കൾ യോജിച്ചില്ല എന്നത് ജില്ലാ സെക്രട്ടറി കെ.എം.ദിനകരൻ സ്ഥിരീകരിച്ചു.

"സി.പി.ഐയുടെ പ്രധാനപ്പെട്ട നേതാവായിരുന്നു പി.രാജു. അദ്ദേഹത്തിൻെറ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കണമെന്ന്  ആഗ്രഹിച്ചിരുന്നു. എന്നാൽ സഹോദരി ഭർത്താവടക്കം അതിന് താല്പര്യപ്പെട്ടില്ല. 

കുടുംബത്തിന്റെ ഒരു തീരുമാനം പാർട്ടി അംഗീകരിക്കുന്നു. കുടുംബത്തിനൊപ്പം പാർട്ടി ഉണ്ടാകും.വിവാദങ്ങളോട് പ്രതികരിക്കാനില്ല, അതിന് പറ്റിയ സമയമല്ല'' - ജില്ലാ സെക്രട്ടറി കെ.എം.ദിനകരൻ പറഞ്ഞു.

 

Advertisment