സി.പി.എം 24ാം പാർട്ടി കോൺഗ്രസിൽ കേരളത്തിൽനിന്ന് ആരൊക്കെ ? കേന്ദ്ര കമ്മിറ്റിയിലെ മൂന്ന് ഒഴിവുകളിൽ മന്ത്രി മുഹമ്മദ് റിയാസും പി.കെ.ബിജുവും സ്ഥാനം ഉറപ്പിച്ചു. മന്ത്രി എം.ബി.രാജേഷ്, ഡോ.ടി.എൻ.സീമ, ജെ.മേഴ്സിക്കുട്ടിയമ്മ, പി.കെ.സൈനബ എന്നിവരും പരി​ഗണനയിൽ. മന്ത്രി സജി ചെറിയാനെയും പരി​ഗണിക്കണമെന്ന് ആവശ്യം. ഒറ്റ ഒഴിവിൽ ആർക്ക് വീഴും നറുക്ക് ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
s

തിരുവനന്തപുരം: മധുരയിൽ നടക്കുന്ന സി.പി.എമ്മിൻെറ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ കേരളത്തിൽ നിന്ന് ആരൊക്കെ പുതുതായി കേന്ദ്രകമ്മിറ്റിയിൽ എത്തുമെന്ന ചർച്ചകൾ സജീവമായി. 

Advertisment

കേന്ദ്ര കമ്മിറ്റിയിലെ കേരളത്തിൻെറ ക്വാട്ടയിൽ 3 ഒഴിവുകളാണുളളത്. ഈ ഒഴിവുകളിലേക്ക് ആരൊക്കെ എത്തുമെന്നതാണ് പാർ‍ട്ടി വൃത്തങ്ങളിലെ ഇപ്പോഴത്തെ ചർച്ച. 


പ്രായപരിധിയിൽ കേന്ദ്ര കമ്മിറ്റി അംഗത്വം ഒഴിയുന്ന എ.കെ.ബാലൻെറയും പി.കെ.ശ്രീമതിയുടെയും ഒഴിവുകളാണ് ഉളളത്.ഒപ്പം രണ്ട് വർഷം മുൻപ് മരിച്ച മുൻസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻെറ ഒഴിവും.


യുവനേതാവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ്, മുൻ എം.പിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ.ബിജു, മന്ത്രി എം.ബി.രാജേഷ് ഡോ.ടി.എൻ.സീമ, ജെ.മേഴ്സിക്കുട്ടിയമ്മ, പി.കെ.സൈനബ എന്നിവരുടെ പേരുകളാണ് കേന്ദ്രകമ്മിറ്റി അംഗത്വത്തിലേക്ക്  സജീവമായി പരിഗണിക്കുന്നത്.

50 വയസിൽതാഴെയുളള നേതാക്കളെ കേന്ദ്രകമ്മിറ്റിയിലേക്ക് കൂടുതലായി പരിഗണിക്കണമെന്ന വ്യവസ്ഥയാണ് മുഹമ്മദ് റിയാസിനും  ബിജുവിനും ഗുണകരമായി മാറുന്നത്. 


ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുളള നേതാവ് കൂടിയായ മുഹമ്മദ് റിയാസിൻെറ പേര് കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ തന്നെ കേന്ദ്രകമ്മിറ്റിയിലേക്ക് പരിഗണിച്ചിരുന്നതാണ്. 


എന്നാൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായിതിന് പിന്നാലെ കേന്ദ്ര കമ്മിറ്റിയിലും ഉൾപ്പെടുത്തുന്നത് അനാവശ്യ വിവാദങ്ങൾക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി റിയാസ് തന്നെ അതിൽ നിന്ന് പിന്മാറുകയായിരുന്നു. 

എന്നാൽ ഇത്തവണ അത്തരം തടസങ്ങളൊന്നുമില്ല. മന്ത്രിയെന്ന നിലയിലും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമെന്ന നിലയിലുമുളള മികച്ച പ്രവർത്തനം റിയാസിൻെറ പ്ലസ് പോയിന്റാണ്. അതുകൊണ്ടുതന്നെ കോടിയേരി ബാലകൃഷ്ണണൻെറ ഒഴിവിലേക്ക് മുഹമ്മദ് റിയാസ് കേന്ദ്ര കമ്മിറ്റിയിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്.

എൽ.ഡി.എഫ് കൺവീനറും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായ ടി.പി.രാമകൃഷ്ണനെ കേന്ദ്ര കമ്മിറ്റിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യം ഉയർന്നാൽ മാത്രമാണ് റിയാസിൻെറ കടന്നു വരവിന് തടസമുണ്ടാകാൻ സാധ്യതയുളളത്.


ജൂണിൽ 75 വയസ് പിന്നിടുന്ന ടി.പി.രാമകൃഷ്ണനെ ഇനി കേന്ദ്രകമ്മിറ്റിയിലേക്ക് പരിഗണിക്കാൻ സാധ്യത കുറവാണെന്ന് പറയുന്നവരുമുണ്ട്. 


പ്രായപരിധിയുടെ അടിസ്ഥാനത്തിൽ എ.കെ.ബാലൻ സ്ഥാനം ഒഴിയുന്നതോടെ ഉണ്ടാകുന്ന ഒഴിവിലേക്കാണ് പി.കെ.ബിജുവിനെ കേന്ദ്രകമ്മിറ്റിയിലേക്ക് പരിഗണിക്കുന്നത്.  ദളിത് വിഭാഗത്തിൽ നിന്നുളള നേതാവെന്ന പരിഗണനയാണ് പി.കെ.ബിജുവിൻെറ കേന്ദ്ര കമ്മിറ്റി അംഗത്വം ഉറപ്പാക്കുന്നത്.

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ വിശ്വസ്തനായതിനാൽ സംസ്ഥാന നേതൃത്വവും പി.കെ.ബിജുവിൻെറ പേര് നിർ‍ദ്ദേശിക്കാൻ സാധ്യതയുണ്ട്. 

പട്ടികജാതി ക്ഷേമസമിതി നേതാവും മുൻ രാജ്യസഭാംഗവുമായ കെ. സോമപ്രസാദിൻെറ പേരും എ.കെ.ബാലൻെറ ഒഴിവിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്.എന്നാൽ യുവനേതാവെന്ന പരിഗണനയിൽ പി.കെ.ബിജുവിന് തന്നെയാകും മുൻഗണന.


സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കപ്പെട്ട ശേഷം അവസാന നിമിഷം തഴയപ്പെട്ട മന്ത്രി എം.ബി.രാജേഷും കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ എല്ലാ സാധ്യതയുമുണ്ട്.


സംസ്ഥാനത്ത് പി.രാജീവിനൊപ്പം നിൽക്കുന്ന നേതാവെന്നതാണ് രാജേഷിനെ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്താതെ പോയതിൻെറ കാരണമെന്നാണ് പുറത്തുവന്ന വിവരം.

പ്രതിഭാശാലിയായ യുവനേതാവെന്ന നിലയിൽ കേന്ദ്രകമ്മിറ്റിയിൽ എങ്കിലും ഉൾപ്പെടുത്തി നീതിപുലർത്തണമെന്ന് ആവശ്യമുണ്ട്. ക്രൈസ്തവ പ്രാതിനിധ്യം കണക്കിലെടുത്ത് മന്ത്രി സജി ചെറിയാനെയും കേന്ദ്രകമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുമെന്ന് പറയുന്നവരുണ്ട്.

ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ അധ്യക്ഷയും മുതിർന്ന നേതാവുമായ പി.കെ.ശ്രീമതിയും 75 വയസ് പിന്നിട്ടതിനാൽ ഇത്തവണ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിയുകയാണ്.


ശ്രീമതിയുടെ പകരക്കാരിയായി സംസ്ഥാനത്ത് നിന്ന് ഏത് വനിതാ നേതാവിനെ കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നതാണ് ദേശിയ നേതൃത്വത്തെ കുഴക്കുന്ന വിഷയം. 


പാർട്ടി സംസ്ഥാന നേതൃത്വത്തിൽ പി.കെ.ശ്രീമതിയേക്കാൾ സീനിയോറിറ്റിയുളള ജെ.മേഴ്സിക്കുട്ടിയമ്മ അടക്കമുളള ഒരുപിടി നേതാക്കൾ കേന്ദ്രകമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടാൻ അർഹതയുളളവരായുണ്ട്.

1998ൽ സംസ്ഥാന സമിതി അംഗമായ മലപ്പുറത്ത് നിന്നുളള വനിതാ നേതാവ് പി.കെ.സൈനബ, 2008 കോട്ടയം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായ ഡോ.ടി.എൻ.സീമ എന്നിവരാണ് മേഴ്സിക്കുട്ടിയമ്മക്കൊപ്പം പരിഗണിക്കപ്പെടാൻ അർഹതയുളള നേതാക്കൾ.

മഹിളാ രംഗത്ത് പ്രവർത്തിക്കുന്ന നേതാവെന്ന നിലയിൽ ടി.എൻ.സീമയ്ക്കാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് സാധ്യത കൽപ്പിക്കപ്പെടുന്നത്.

 

 

Advertisment