കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവുകളിൽ മന്ത്രിമാർ അടക്കമുളള പുതുമുഖങ്ങൾ സംസ്ഥാന കമ്മിറ്റിയിലെത്തും.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടാൻ സാധ്യതയുളള മന്ത്രിമാർ.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ആയിരുന്ന കണ്ണൂരിൽ നിന്നുളള കെ.അനുശ്രീ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, സംസ്ഥാന പ്രസിഡൻറ് വി.വസീഫ്, സി.ഐ.ടി.യു നേതാവ് കൂടിയായ ആലപ്പുഴ എം.എൽ.എ പി.പി.ചിത്തരഞ്ജൻ, ഇരവിപുരം എം.എൽ.എ എം.നൌഷാദ് എന്നിവരും സംസ്ഥാന കമ്മിറ്റി അംഗത്വം ലഭിക്കുന്നവരാണ്.
/sathyam/media/media_files/2025/03/05/y1FzhbQJ23M4Xo2rCpY9.jpg)
കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ വസീഫ്, മന്ത്രി മുഹമ്മദ് റിയാസിൻെറ അടുപ്പക്കാരനാണ്. അടുത്തിടെ മാധ്യമ പ്രവർത്തനം മതിയാക്കി സി.പി.എമ്മിൽ ചേർന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ എം.വി.നികേഷ് കുമാറും സംസ്ഥാന കമ്മിറ്റിയിൽ എത്താൻ സാധ്യതയുളളയാളാണ്.
75 വയസ് പ്രായ പരിധിയിൽ കൊല്ലം ജില്ലയിൽ നിന്നുളള നാല് നേതാക്കൾ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്തുപോകും. കെ.രാജഗോപാൽ, കെ.വരദരാജൻ, പി.രാജേന്ദ്രൻ, എസ്.രാജന്ദ്രൻ എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിയുന്ന കൊല്ലത്തെ നേതാക്കൾ.
കൊല്ലത്ത് നിന്ന് തന്നെയുളള വനിത നേതാവ് സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കും. കരുനാഗപ്പളളിയിലെ വിഭാഗീയതയുടെ പേരിലാണ് സൂസൻ കോടിയെ ഒഴിവാക്കുന്നത്.
ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്ത് എസ്. ശർമ്മ, കെ.ചന്ദ്രൻ പിളള എന്നിവരെയും സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. കണ്ണൂരിൽ നിന്ന് പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്താൻ സാധ്യത നന്നേ കുറവാണ്.
/sathyam/media/media_files/2025/03/05/3tU8S6erusFfS5tmFDym.jpeg)
ജില്ലാ സെക്രട്ടറി എം.വി.ജയരാജനോ പി.ശശിയോ ആകും കണ്ണൂരിൽ നിന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളാകാൻ സാധ്യത.
ഇന്നത്തെ പതാക ഉയർത്തൽ ചടങ്ങിലും സംസ്ഥാന കമ്മിറ്റി യോഗത്തിലും പി.ജയരാജൻ പങ്കെടുത്തില്ല.
തലസ്ഥാന ജില്ലയിൽ നിന്നുളള നേതാവായ കടകംപളളി സുരേന്ദ്രനും പതാക ഉയർത്തലിലോ സംസ്ഥാന കമ്മിറ്റിയിലോ പങ്കെടുത്തില്ല.
സെക്രട്ടേറിയേറ്റ് അംഗത്വത്തിന് പരിഗണിക്കപ്പെടാൻ സാധ്യതയുളള നേതാവായിട്ടും പിണറായിയുടെ ഗുഡ് ബുക്കിലില്ലാത്തത് കൊണ്ട് സാധ്യത മങ്ങിയ നേതാവാണ് കടകംപളളി.