സി.പി.എം സംസ്ഥാന സമ്മേളനത്തിൽ എം.വി ഗോവിന്ദന് രൂക്ഷ വിമർശനം. പാർട്ടി സെക്രട്ടറിക്ക് നിലപാടിൽ വ്യക്തതയില്ല. ഒരേകാര്യത്തിൽ പല സമയത്തും പല നിലപാടുകൾ. പദവികൾ നൽകുന്നതിൽ കണ്ണൂർ പക്ഷപാതിത്വം. വളഞ്ഞിട്ട് ആക്രമിച്ച് പ്രതിനിധികൾ. മുഖ്യമന്ത്രിക്ക് കയ്യടിയും പ്രശംസയും

നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രി ഒറ്റയ്ക്കാണ് പ്രതിപക്ഷ അക്രമം നേരടുന്നതെന്നും മറ്റ് മന്ത്രിമാർ രക്ഷയ്‌ക്കെത്തുന്നില്ലെന്നുമായിരുന്നു വിമർശനം

New Update
pinarai vijayan mv govindan-2

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കയ്യടിയും പ്രശംസയും ലഭിക്കുമ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് രൂക്ഷ വിമർശനം.

Advertisment

സർക്കാരിന്റെ പ്രവർത്തനം മുതൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയർന്ന വിവാദങ്ങളും മുഖ്യമന്ത്രിയുടെ ശൈലിയും സമ്മേളനം തുടങ്ങിയത് മുതൽ വിവിധ തലങ്ങളിൽ ഇഴകീറി പരിശോധിച്ചെങ്കിലും സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സെക്രട്ടറിയെ പ്രതിനിധികൾ വളഞ്ഞിട്ട് ആക്രമിക്കുന്ന സ്ഥിതിയാണുണ്ടായത്. 


തിരുവനന്തപുരത്ത് നിന്നുള്ള പ്രതിനിധിയായ പ്രീജിയാണ് വിമർശനം തുടങ്ങിവെച്ചത്. നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രി ഒറ്റയ്ക്കാണ് പ്രതിപക്ഷ അക്രമം നേരടുന്നതെന്നും മറ്റ് മന്ത്രിമാർ രക്ഷയ്‌ക്കെത്തുന്നില്ലെന്നുമായിരുന്നു വിമർശനം.


mv govindan

ഇത് പല പ്രതിനിധികളും ആവർത്തിച്ചു. തുടർന്നാണ് ഗോവിന്ദൻ മാഷിനെതിരെ വിമർശനമുയർന്നത്. പാർട്ടി സെക്രട്ടറിക്ക് നിലപാടുകളിൽ വ്യക്തതയില്ല. ഒരേ കാര്യത്തിൽ രാവിലെയും ഉച്ചക്കും വൈകീട്ടും പല അഭിപ്രായങ്ങൾ പറയുന്നത് പാർട്ടി അണികളിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നു.

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്ന കാര്യത്തിൽ പാർട്ടി സെക്രട്ടറിയും ജാഗ്രത കാണിക്കണം. മെറിറ്റും മൂല്യവും എപ്പോഴും പറയുന്ന പാർട്ടി സെക്രട്ടറി പ്രവർത്തനത്തിൽ അത് കാണിക്കുന്നില്ലെന്ന് പത്തനംതിട്ടയിൽനിന്നുള്ള പി.ബി. ഹർഷകുമാർ പറഞ്ഞു.


മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മുതൽ പാർട്ടി സെന്ററിലെ ഓഫീസ് സെക്രട്ടറിവരെ കണ്ണൂരിൽ നിന്നാണെന്നായിരുന്നു പ്രതിനിധികൾ ഉയർത്തിയ മറ്റൊരു വിമർശനം.


നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട, കണ്ണൂർ ജില്ലാ സെക്രട്ടറിമാർ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പറഞ്ഞതെന്ന് എറണാകുളത്ത് നിന്നുള്ള പ്രതിനിധി ചർച്ചയിൽ സൂചിപ്പിച്ചു. തെറ്റായ പ്രവണതകൾ തിരുത്താനുള്ള പ്ലീനങ്ങൾ ഫലം കണ്ടില്ലെന്ന്  സമ്മേളനത്തിൽ വിമർശനമുയർന്നു.  

സംസ്ഥാന കമ്മിറ്റി ഇടപെട്ടിട്ടും സഹകരണ മേഖലയിൽ തിരുത്തൽ സാധ്യമായില്ല. സഹകരണ മേഖലയിൽ നടക്കുന്ന കൊള്ള തടയാൻ കൃത്യമായ മാർഗരേഖ വേണമെന്നും ആവശ്യമുയർന്നു.

pinarai vijayan mv govindan


ജില്ലാസമ്മേളനങ്ങളിൽ പോലീസിനും ആഭ്യന്തരവകുപ്പിനുമെതിരേ ഉയർന്ന കടുത്ത വിമർശനം സംസ്ഥാന സമ്മേളനത്തിൽ അലിഞ്ഞില്ലാതായി എന്നു മാത്രമല്ല മുഖ്യമന്ത്രിയെ പ്രശംസിക്കുന്നതല്ലാതെ, ഒരു വിമർശന ശബ്ദംപോലും കൊല്ലത്ത് ഉയർന്നില്ല.


സംഘടനാ സംവിധാനത്തിന് അപ്പുറത്ത് മുഖ്യമന്ത്രിക്ക് പാർട്ടിയിലുള്ള മേൽകൈയ്യാണ് പൊതു ചർച്ചയിലുടനീളം പ്രതിഫലിച്ചത്. ആസൂത്രിതമെന്ന് പോലും തോന്നും വിധം ഉയർന്ന വിമർശനങ്ങൾക്ക് എം.വി ഗോവിന്ദൻ മറുപടി നൽകും.

മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉണ്ടാവാൻ ഇടയില്ലെന്ന് മാത്രമല്ല തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ തള്ളാൻ ചില ന്യകയീകരണങ്ങളും അവതരിപ്പിച്ചേക്കും.

സമ്മേളനത്തുടക്കത്തിൽ മുഖ്യമ്രന്തി പിണറായി വിജയനും സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്ന പി.വി അൻവറിന്റെ പിന്നിൽ പാർട്ടിയിൽ നിന്നുള്ള ചില ഉന്നതരുടെ കരങ്ങൾ സംശയിക്കപ്പെട്ടിരുന്നു.

അതിന് ശേഷമാണ് പിണറായി പക്ഷം അരയും തലയും മുറുക്കി രംഗത്തിറങ്ങിയതും ജില്ലാസമ്മേളനങ്ങളോടെ പാർട്ടിയെ തിരിച്ചു പിടിച്ച് വരുതിയിലാക്കിയതുമെന്നാണ് സൂചന.

Advertisment