/sathyam/media/media_files/2025/03/08/xD8id5q6ikllOTwAd0AU.webp)
കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിലെ സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പുകൾ നാളെ. നവകേരള രേഖയിന്മേലുളള പൊതു ചർച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയ ശേഷമായിരിക്കും സംസ്ഥാന സമ്മേളനം തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുക.
പുതിയ സംസ്ഥാന കമ്മിറ്റിയുടെ പാനൽ തയാറാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി നാളെ രാവിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ യോഗം ചേരും. അതിന് ശേഷം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളുടെ യോഗവും നടക്കും.
പാനലിന് രൂപമായ ശേഷം സംസ്ഥാന കമ്മിറ്റി ചേർന്ന് ഔദ്യോഗിക പാനലിന് അന്തിമ അംഗീകാരം നൽകും. 75 വയസ് പ്രായപരിധി കർശനമായി നടപ്പിലാക്കുന്നതിനാൽ പതിനഞ്ചോളം പേർ നിലവിലുളള സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്തുപോകും.
പുറത്തുപോകുന്ന നേതാക്കളിൽ വർഗബഹുജന സംഘടനകളിൽ ഭാരവാഹിത്വമുളളവരെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി നിലനിർത്തിയേക്കും.
എ. കെ ബാലൻ, പി. കെ ശ്രീമതി, ആനാവൂർ നാഗപ്പൻ, കെ. വരദരാജൻ, പി. രാജേന്ദ്രൻ, എസ്. രാജേന്ദ്രൻ, ഗോപി കോട്ടമുറിക്കൽ, എം എം വർഗീസ്, എം കെ കണ്ണൻ, എൻ.ആർ. ബാലൻ, എം വി ബാലകൃഷ്ണൻ എന്നിവരാണ്പ്രായം കവിഞ്ഞതിനെ തുടർന്ന് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്തുപോകുന്നത്.
ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് മുൻ മന്ത്രി എസ്.ശർമ്മ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവരെയും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം.
കരുനാഗപ്പളളിയിലെ വിഭാഗീയ പ്രശ്നങ്ങൾ കണക്കിലെടുത്ത് സൂസൻ കോടിയും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്തുപോകാനാണ് സാധ്യത. എന്നാൽ ഒഴിവാക്കൽ തടയാൻ പ്രധാന നേതാക്കളെ കണ്ട് സൂസൻ കോടി ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.