Advertisment

എസ്എൻഡിപി നേതാക്കളുടെ സംശയാസ്പദമായ പങ്ക് പുറത്തുകൊണ്ടുവരാൻ നടപടി വേണമന്ന് സിപിഎം കേന്ദ്രകമ്മിറ്റി; നിർദ്ദേശം തിരഞ്ഞെടുപ്പിൽ എസ്എൻഡിപി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്ന കണ്ടത്തലിനെ തുടര്‍ന്ന്‌ ! സംഘപരിവാര്‍ രാഷ്ട്രീയത്തിന് പാര്‍ട്ടി പ്രതിരോധം തീര്‍ത്തില്ലെന്നും കുറ്റപ്പെടുത്തൽ; ഇക്കാര്യം സ്വയം വിമർശനപരമായി പരിശോധിക്കണമെന്നും കേന്ദ്ര കമ്മിറ്റി

 ഇടതുപക്ഷത്തിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളിൽ ഒരു പങ്ക് ബി.ജെ.പിയിലേക്ക് പോയതാണ് കേരളത്തിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തിലെ ഏറ്റവും ആശങ്കപ്പെടുത്തുന്ന ഘടകമെന്നും കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടുന്നു

New Update
cpm flag

തിരുവനന്തപുരം: ബി.ജെ.പിയ്ക്ക് അനുകൂലമായി പ്രവർത്തിച്ച എസ്.എൻ.ഡി.പി യോഗത്തിൻെറ നേതാക്കളുടെ സംശയകരമായ പങ്ക് പുറത്തുകൊണ്ടു വരുന്നതിനും പ്രതിരോധിക്കുന്നതിനും വേണ്ടി കേരളത്തിലെ പാർട്ടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി. ജാതി മത സംഘടനകൾ തിരഞ്ഞെടുപ്പിൽ കാര്യമായ പങ്ക് വഹിച്ച തിരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി  ഏറിയും കുറഞ്ഞും ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ചു.

Advertisment

ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും മുസ്ലിം ലീഗിന് ഒപ്പം ചേർന്ന് എൽ.‍ഡി.എഫിന് എതിരെ പ്രവർത്തിച്ചു. ക്രൈസ്തവ സഭകളിലെ ഒരു വിഭാഗവും ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ചതായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപോർ‍ട്ട് ആരോപിച്ചു.

തൃശൂർ ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ച പിന്തുണ ഇതിൻ്റെ തെളിവാണെന്നും കേന്ദ്രകമ്മിറ്റി റിപോർട്ട് ചൂണ്ടിക്കാട്ടി. സഭകൾക്കിടയിൽ ശക്തിപ്പെടുന്ന മുസ്ലിം വിരുദ്ധ നിലപാടിനെ ഉപയോഗപ്പെടുത്തിയും സഭാ നേതാക്കളെ  ഒരേ സമയം സമ്മാനവും ശിക്ഷയും നൽകി പാട്ടിലാക്കിയുമാണ് സംഘ പരിവാർ ക്രൈസ്തവ സഭകളെ ഒപ്പം നിർത്തിയത്.


കേരളത്തിൽ വേരൂന്നിക്കൊണ്ടിരിക്കുന്ന ബി.ജെ.പി സംഘപരിവാർ രാഷ്ട്രീയത്തിന് പ്രതിരോധം തീ‍‍ർക്കുന്നതിൽ സംസ്ഥാനത്തെ പാർട്ടി കാര്യമായി ശ്രദ്ധിച്ചില്ലെന്നും ഇത് സ്വയം വിമർശനപരമായി പരിശോധിക്കണമെന്നും സി.പി.എം കേന്ദ്രകമ്മിറ്റി  കുറ്റപ്പെടുത്തി.


 സംഘപരിവാർ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടത് മുൻഗണനയോടെ ഏറ്റെടുക്കേണ്ട വിഷയമാണെന്ന് കേന്ദ്രകമ്മിറ്റി അംഗീകരിച്ച അവലോകന റിപോർട്ട് ചൂണ്ടിക്കാട്ടി. ഹിന്ദുത്വ രാഷ്ട്രീയവുമായി മുന്നോട്ട് പോകാനുളള ബി.ജെ.പിയുടെയും ആർ.എസ്.എസിൻെറയും പ്രവർത്തനം ഫലം കണ്ടു.  ഹിന്ദുത്വവും ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയവും പ്രചരിപ്പിക്കുന്നതിനായി സംഘപരിവാർ അമ്പലങ്ങളെയും മതപരമായ ചടങ്ങുകളയും സാമൂഹിക പരിപാടികളെയും നന്നായി ഉപയോഗപ്പെടുത്തി.

ചില ജാതി സമൂഹങ്ങളിൽ കടന്നുകയറുന്നതിനായി കേന്ദ്രാവിഷ്കൃത പദ്ധതികളെയും സമർത്ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. സംഘപരിവാറിൻെറയും ബി.ജെ.പിയുടെയും ഈ നീക്കങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് റിപ്പോർ‍ട്ടിലെ വിമർശനം.


 ഇടതുപക്ഷത്തിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളിൽ ഒരു പങ്ക് ബി.ജെ.പിയിലേക്ക് പോയതാണ് കേരളത്തിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തിലെ ഏറ്റവും ആശങ്കപ്പെടുത്തുന്ന ഘടകമെന്നും കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്.


 തൃശൂരിലെ ബി.ജെ.പിയുടെ ജയത്തിന് കാരണം കോൺഗ്രസിൽ നിന്നും ക്രൈസ്തവരിലെ ഒരു വിഭാഗത്തിൽ നിന്നും വോട്ടുകൾ പോയതാണെങ്കിലും പല സ്ഥലങ്ങളിലും ഇടത് അടിസ്ഥാന വോട്ടുകൾ ബി.ജെ.പി പാളയത്തിലേക്ക് പോയി എന്നത് വസ്തുതയാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്. ആറ്റിങ്ങൽ ആലപ്പുഴ മണ്ഡലങ്ങളിലാണ് ഈ പ്രവണത സവിശേഷമായി കാണാനാകുക. ഇവിടെ പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ ബി.ജെ.പിയിലേക്ക് പോയി

ആറ്റിങ്ങലിൽ 684 വോട്ടിനാണ് തോറ്റ് പോയതെങ്കിലും ആലപ്പുഴയിൽ ബി.ജെ.പി ഇടത് വോട്ട് വിഹിതത്തിന് തൊട്ടടുത്തുവരെ എത്തി. ഹിന്ദു വികാരവും ജാതി സ്വാധീനവും മറ്റു പല മണ്ഡലങ്ങളിലും  ഇടത് വോട്ടടിത്തറയെ ഒരു പരിധി വരെ ബാധിച്ചതായും റിപോർട്ടിലുണ്ട്.

ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും മുസ്ലിം ലീഗിന് ഒപ്പം ചേർന്ന് കോൺഗ്രസിന് വേണ്ടി ഇടത് മുന്നണിക്ക്  എതിരെ പ്രവർത്തിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകളുടെ ആശയങ്ങളും അവരുടെ രാഷ്ട്രീയവും തുറന്നു കാട്ടേണ്ടതുണ്ടെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗീകരിച്ച റിപോർട്ട് ആവശ്യപ്പെടുന്നുണ്ട്. ജമാ അത്തെ ഇസ്ലാമിമിയും എസ്. ഡി.പി.ഐയും പോലുളള സംഘടനകളുമായുളള മുസ്ലിം ലീഗിൻെറ സഹകരണവും ഇതിനൊപ്പം തുറന്നുകാട്ടപ്പെടണമെന്നും റിപോർട്ടിൽ ആഹ്വാനമുണ്ട്.

മുസ്ലിം ന്യൂനപക്ഷത്തോടുളള പാർട്ടിയുടെ സമീപനം ജനാധിപത്യ മതേതര മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.അത് നേരിട്ട് ജനങ്ങളിൽ എത്തിക്കുകയാണ് വേണ്ടത്. മുസ്ലിം പ്രീണനം നടത്തുന്നുവെന്ന തെറ്റായ പ്രചാരണത്തിന് തിരിച്ചടി നൽകേണ്ടതുണ്ട്. ഈ പരാമർശത്തിന് പിന്നാലെയാണ് എസ്.എൻ.ഡി.പി നേതാക്കളുടെ സംശയാസ്പദമായ പങ്ക് പുറത്തുകൊണ്ടുവരാൻ നടപടി വേണമെന്ന് കേന്ദ്രകമ്മിറ്റി ആവശ്യപ്പെടുന്നത്.

എന്നാൽ വെളളാപ്പളളി നടേശൻെറ മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിമർശനം വന്നിട്ടും സംസ്ഥാനത്തിലെ പാർട്ടി ഇതിന് വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗിനെ കടന്നാക്രമിക്കുന്ന മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും വെളളാപ്പളളി നടേശനോട് മൃദുസമീപനം പുലർത്തുകയാണ്. മതവിദ്വേഷം പ്രചരിപ്പിക്കുന്ന പരാമർശം വന്നിട്ടും സർക്കാരിൻെറ നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് വെളളാപ്പളളി നടേശനെ ഒഴിവാക്കാനും തയാറായിട്ടില്ല.

Advertisment