Advertisment

കായംകുളത്തെ സി.പി.എമ്മിൽ താൽക്കാലിക വെടിനിർത്തൽ; രാജി പ്രഖ്യാപിച്ച ഏരിയാ കമ്മിറ്റി അംഗത്തെയും ജില്ലാ പഞ്ചായത്തംഗമായ മകനെയും അനുനയിപ്പിച്ചു; സഹകരിക്കാതെ മാറിനിന്ന ഏരിയാ കമ്മിറ്റി അംഗം പ്രസന്നകുമാരി വീണ്ടും പാർട്ടിയിൽ സജീവമായി; നിലപാട് മാറ്റം മന്ത്രി സജി ചെറിയാൻെറ നേരിട്ടുളള ഇടപെടലിനെ തുടർന്ന് ! സജിയുടെ മധ്യസ്ഥ നീക്കം സി.പി.എം സംസ്ഥാന നേതൃത്വത്തിൻെറ നിർദ്ദേശം പാലിച്ച്; പാർട്ടിയെ പ്രതിരോധത്തിലാക്കിയ കത്ത് ചോർച്ചക്ക് ശേഷം അനുനയ ശ്രമം നടത്തിയതിൽ ഒരുവിഭാഗത്തിന് അമർഷം

കത്തിൽ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഇപ്പോൾ നടത്തുന്നതെങ്കിലും തിരഞ്ഞെടുപ്പ് കാലമായതിനാൽ അതിനെ ചോദ്യം ചെയ്യേണ്ടെന്ന നിലപാടിലാണ് പാർട്ടിയിലെ എതിർപക്ഷം.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
cpm1

ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലത്ത് ജില്ലയിലെ സി.പി.എം നേതൃത്വത്തിന് തലവേദനയായിരുന്ന  കായംകുളത്തെ വിഭാഗീയത പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. പാർട്ടിയുമായി ഇടഞ്ഞ് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം രാജിവെച്ച ഏരിയാ കമ്മിറ്റി അംഗം കെ.എൽ. പ്രസന്നകുമാരിയേയും മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിപിൻ.സി.ബാബുവിനെയും അനുനയിപ്പിച്ചാണ് പ്രശ്നപരിഹാരം ഉണ്ടാക്കിയത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ മന്ത്രി സജി ചെറിയാന്റെ നേരിട്ടുളള ഇടപെടലിലാണ് പ്രശ്നത്തിന് പരിഹാരമായത്.

Advertisment

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ നിർദ്ദേശ പ്രകാരമായിരുന്നു സജി ചെറിയാൻെറ അടിയന്തിര ഇടപെടൽ. സജി ചെറിയാനുമായുളള ചര്‍ച്ചയ്ക്ക് ശേഷം, സംഘടനാ  ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാതെ മാറിനിന്നിരുന്ന പ്രസന്നകുമാരിയും മകൻ ബിപിൻ സി ബാബുവും വീണ്ടും സജീവമായി.  പ്രദേശത്തെ സംയുക്ത ലോക്കൽ കമ്മിറ്റി യോഗത്തിലും പിന്നീട് പഞ്ചായത്ത് തല തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലും സജി ചെറിയാനൊപ്പം പ്രസന്ന കുമാരിയും പങ്കെടുത്തു.

സ്വകാര്യ ചർച്ചയ്ക്ക് ശേഷം സജി ചെറിയാനൊപ്പമാണ് പ്രസന്ന കുമാരി പാർട്ടിയോഗങ്ങളിലേക്കെത്തിയത്. മകൻ ബിപിൻ.സി.ബാബുവിനെ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തണം എന്നതായിരുന്നു രാജി പിൻവലിക്കാൻ  പ്രസന്നകുമാരി പാർട്ടി നേതൃത്വത്തിന് മുന്നിൽ വെച്ച പ്രധാന ഉപാധി.


ആവശ്യം അംഗീകരിച്ചുകൊണ്ട് ബിപിനെ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്താമെന്നാണ് സജി ചെറിയാൻെറ ഉറപ്പ്.  ഇതോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ തുടക്കം മുതൽ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന പ്രസന്ന കുമാരി വീണ്ടും പാർട്ടിയിൽ സജീവമാകാൻ സമ്മതിച്ചത്.


ഭാര്യയുടെ പരാതിയെ തുടർന്നാണ് ഏരിയാ കമ്മിറ്റി അംഗമായ ബിപിൻ സി. ബാബുവിനെ പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്തത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരിച്ചെടുത്തപ്പോൾ പ്രാഥമിക ഘടകമായ ബ്രാഞ്ചിൽ മാത്രമാണ് ഉൾപ്പെടുത്തിയത്. ഇതിലുളള വിയോജിപ്പാണ് ബിപിൻ സി ബാബുവും അമ്മ പ്രസന്ന കുമാരിയും പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്ന നിലപാടിലേക്ക് എത്താൻ കാരണമെന്ന് ആക്ഷേപമുണ്ട്.

സജി ചെറിയാൻെറ ഇടപെടലോടെ ബിപിൻ.സി. ബാബുവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിക്കഴിഞ്ഞു. പാർട്ടിയിൽ നിന്ന് രാജിവെക്കാനുളള തീരുമാനം പിൻവലിച്ചാണ് ബിപിൻെറ തിരിച്ച് വരവ്. എന്നാൽ കോൺഗ്രസ് പ്രവർത്തകൻ സത്യൻെറ കൊലപാതകം പാർട്ടി ആലോചിച്ച് നടത്തിയതാണെന്ന വെളിപ്പെടുത്തലുളള  ബിപിൻെറ കത്ത് പുറത്തായത് ജില്ലയിലെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കാലത്ത് കായംകുളത്തെ നേതാക്കൾക്കിടയിലുളള തമ്മിലടി മൂർച്ഛിച്ചത് ജില്ലയിലെ സി.പി.എമ്മിന് മുന്നിൽ വൻ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.  ഇതേ തുടർന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻെറ നിർദ്ദേശപ്രകാരം സംസ്ഥാന സെക്രട്ടേറിയേറ്റംഗം കൂടിയായ സജി ചെറിയാൻ പ്രശ്ന പരിഹാരത്തിന് നേരിട്ടിടപെട്ടത്. പ്രചരണ പരിപാടികൾക്കായി  എം.വി.ഗോവിന്ദൻ അടുത്ത വെളളിയാഴ്ച ജില്ലയിൽ  എത്തുന്നുണ്ട്.

പ്രസന്നകുമാരിയേയും മകനെയും അനുനയിപ്പിച്ച് തൽക്കാലം കൂടെ നിർത്തിയെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം പ്രശ്നം വഷളാകാനുളള സാധ്യത തളളിക്കളയാനാവില്ല. കോൺഗ്രസ് പ്രവർത്തകൻ സത്യൻെറ കൊലപാതകം പാർട്ടി ആലോചിച്ച് നടപ്പാക്കിയതാണെന്ന വെളിപ്പെടുത്തൽ അടങ്ങിയ കത്ത് പുറത്തായതിൽ അന്വേഷണവും നടപടിയും വേണമെന്ന് പാർട്ടി നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും അഭിപ്രായമുണ്ട്.

തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ കത്ത് ചോർച്ചയിൽ മാതൃകാപരമായ നടപടി വേണമെന്നാണ് ആവശ്യം. ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എച്ച്.ബാബുജാനെതിരായ ആക്ഷേപങ്ങളും ചോർന്ന കത്തിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സാഹചര്യം പരിഗണിച്ച് ബിപിൻ സി. ബാബുവിനെയും പ്രസന്ന കുമാരിയേയും അനുനയിപ്പിച്ചെങ്കിലും ബാബുജാൻ അനുകൂലികൾക്ക് ഇക്കാര്യത്തിൽ അമർഷമുണ്ട്. സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ സമവായ ശ്രമങ്ങളെ പ്രസന്നകുമാരിയും ഒപ്പമുളളവരും പ്രതീക്ഷയോടെയാണ് കാണുന്നത്.

'' വിവാദങ്ങൾ അവസാനിച്ചു.മന്ത്രി സജി ചെറിയാൻ അധ്യക്ഷനായ  യോഗത്തിൽ ഇന്നലെ പങ്കെടുത്തു. സിപിഐഎമ്മിൽ ഉറച്ചു നിൽക്കുകയാണ്.ഒരു കാരണവശാലും ബിജെപിയിലേക്ക് ഇല്ല. ബി.ഡി. ജെ.എസ് നേതാക്കൾ വീട്ടിൽ വന്നതിന് രാഷ്ട്രീയവുമായി ബന്ധമില്ല. എസ്.എൻ.ഡി.പി കുടുംബാംഗം എന്ന നിലയിലാണ് ബി.ഡി.ജെ.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ബി.ഡി.ജെ.എസ് നേതാക്കൾ അതിന്റെ ചിത്രങ്ങൾ തെറ്റായി പ്രചരിപ്പിച്ചു '' സജി ചെറിയാനുമായുളള കൂടിക്കാഴ്ചയെപ്പറ്റി പ്രസന്നകുമാരി പ്രതികരിച്ചു.

രാജിക്കത്തിൽ ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എച്ച്.ബാബുജാന് എതിരായി ഉന്നയിച്ച പരാമർശങ്ങളിൽ നിന്നും പ്രസന്ന കുമാരി പിന്നോട്ടുപോയി. കത്തിൽ എവിടെയും കെ എച്ച് ബാബുജാന്റെ പേര് പറയുന്നില്ല എന്നാണ് ഇതേപ്പറ്റിയുളള ചോദ്യങ്ങൾക്ക്  പ്രസന്നകുമാരി  നൽകുന്ന മറുപടി. ശാരീരിക അവശതകൾ മൂലമാണ് പ്രവർത്തനങ്ങളിൽ നിന്ന്  വിട്ടുനിൽക്കുന്നതായി സംസ്ഥാന സെക്രട്ടറിക്ക്  കത്ത് നൽകിയത്. ശാരീരിക അവശതകൾ മൂലം സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകാൻ കഴിയുമായിരുന്നില്ല. എന്നാൽ പാർട്ടിയിലെ തന്നെ ചില ഉന്നതർ ഇതിനെ തെറ്റായി വ്യാഖ്യാനിച്ചു. ഇതെക്കുറിച്ചാണ് പരാതി ഉന്നയിച്ചതെന്നും പ്രസന്ന കുമാരി ന്യായീകരിക്കുന്നുണ്ട്.

   മകനും ജില്ലാ പഞ്ചായത്ത് അംഗവുമായി ബിപിൻ.സി.ബാബുവിൻെറ കത്തിലെ  കോൺഗ്രസ് പ്രവർത്തകൻ സത്യൻെറ കൊലപാതകത്തെപ്പറ്റിയുളള പരാമർശത്തെയും പ്രസന്ന കുമാരി ന്യായീകരിച്ചു. കേസിൽ നിരപരാധി  ആണെന്ന് മാത്രമാണ് പറഞ്ഞതെന്നും കൊലപാതകത്തെക്കുറിച്ച് മറ്റൊന്നും അറിയില്ലെന്നുമാണ്  പ്രസന്നകുമാരിക്ക് പറയാനുളളത്. പുറത്തുവന്ന കത്തിൽ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഇപ്പോൾ നടത്തുന്നതെങ്കിലും തിരഞ്ഞെടുപ്പ് കാലമായതിനാൽ അതിനെ ചോദ്യം ചെയ്യേണ്ടെന്ന നിലപാടിലാണ് പാർട്ടിയിലെ എതിർപക്ഷം.

                                                                             



Advertisment