തൊഴിലാളികളെ മറന്ന തൊഴിലാളി പ്രസ്ഥാനം ! ആശാ വർക്കർമാരുടെ സമരത്തെ പുച്ഛിക്കുന്ന സിപിഎം നേതാക്കൾ പാർട്ടി വിരുദ്ധരെന്ന് പരക്കെ വിമർശനം. സമരക്കാരെ അം​ഗീകരിക്കണമെങ്കിൽ യൂണിയന്റെ പിൻബലം വേണമെന്ന സിപിഎം നിലപാടിനോട് സിപിഐക്കു പോലും പരിഹാസം. അധികാരത്തിലെത്തുമ്പോൾ ചോരുന്ന വർ​ഗബോധം ഇനി സിപിഎമ്മിനെ തുണയ്ക്കില്ല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തെ തളളിപ്പറയാൻ സി.പി.എം നേതാക്കളും മന്ത്രിമാരും ഉന്നയിക്കുന്ന വാദങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രാഷ്ട്രീയ സമീപനത്തിന് വിരുദ്ധമെന്ന വിമർശനം ശക്തമാകുന്നു.

Advertisment

തൊഴിലാളി വർഗ രാഷ്ട്രീയം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സി.പി.എം ആശാ സമരത്തെ തളളിപ്പറയാനും പുച്ഛിക്കാനും ഉന്നയിക്കുന്ന വാദങ്ങളാണ് പാർട്ടിയുടെ സമീപനത്തിന് വിരുദ്ധമാണെന്ന് വിമർശിക്കപ്പെടുന്നത്.

publive-image

ആശാ വർക്കർമാരുടെ സമരത്തിൽ ആകെയുളള ആശാ പ്രവർത്തകരിൽ ഒന്നര ശതമാനത്തിൻെറ പങ്കാളിത്തം മാത്രമേയുളളു, അംഗീകൃത തൊഴിലാളി യൂണിയനുകളുടെ പിന്തുണയില്ല, ഇൻസന്റീവ് കൂട്ടി നൽകേണ്ടത് കേന്ദ്ര സർക്കാരാണ്, സമരം ചെയ്യേണ്ടത് കേന്ദ്രത്തിന് എതിരെയാണ് തുടങ്ങിയവയാണ് സമരത്തെ ഇകഴ്ത്താനും പുച്ഛിക്കുന്നതിനുമായി ഉന്നയിക്കുന്ന വാദങ്ങൾ. 


സമരം ചെയ്തും അവകാശങ്ങൾക്ക് വേണ്ടി പോരാടിയും കൊടിയ പീഡനങ്ങളും അവഗണനയും ഏറ്റുവാങ്ങിയുമാണ് ഇന്ന് കാണുന്ന അധികാരത്തിലേക്ക് സി.പി.എമ്മും പാർട്ടി നയിക്കുന്ന മുന്നണിയും അധികാരത്തിലേക്കെത്തിയത്.


എന്നാൽ തുടർച്ചയായി രണ്ട് അധികാരത്തിലേക്ക് എത്തിയപ്പോൾ ഇതെല്ലാം മറന്നുവെന്നാണ് സി.പി.എമ്മിനെതിരെ ഇടത് മുന്നണിയിൽ നിന്ന് ഉയരുന്ന വിമർശനം.

asha workers protest started

സമരം ചെയ്യുന്നവർ ആശാവർക്കാരോ മറ്റാരെങ്കിലുമോ ആയാലും സർക്കാർ തിരിഞ്ഞു നോക്കണമെങ്കിൽ  സമരത്തിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങൾ  ന്യായമായാൽ മാത്രം പോരാ ഭൂരിപക്ഷം യൂണിയനുകളും അവരോടൊപ്പം സമരരംഗത്ത് ഉണ്ടാവുകയും വേണമെന്നതാണ് സി.പി.എമ്മിൻെറ പുതിയ കാഴ്ചപ്പാടെന്നാണ് സി.പി.ഐ നേതാക്കൾ പോലും ഉന്നയിക്കുന്ന പരിഹാസം.


തൊഴിലാളികൾക്കിടയിൽ ഭൂരിപക്ഷമല്ലാത്ത  ഒരു ചെറു ന്യൂനപക്ഷം സമരം ചെയ്യുന്നത് സർക്കാർ പരിഗണിക്കേണ്ടതില്ലെന്ന് പറയുന്നവർ ബി.ജെ.പി സർക്കാരിനെതിരെ രാജ്യത്താകമാനം സമരങ്ങൾ നടത്താൻ നിരന്തരം ആഹ്വാനം ചെയ്യുന്നവരും അതിന് വേണ്ടി പരിശ്രമിക്കുന്നവരുമാണ്.


ദേശിയ രാഷ്ട്രീയത്തിലെ ദുർബല ന്യൂനപക്ഷം മാത്രമായ സി.പി.എമ്മും വർഗ ബഹുജന സംഘടനകളും ഈ സമീപനം കാട്ടിയാൽ എന്തുപറയും എന്നതും കൗതുകകരമാണ്. 

സമരത്തിൽ പങ്കെടുക്കുന്നവരുടെ അനുപാതം നോക്കിവേണം സമരത്തെ തളളണോ കൊളളണോയെന്ന്  തീരുമാനിക്കേണ്ടതെന്ന് വിളിച്ചുപറയുന്നത്  ഒരു തൊഴിലാളിവ‍ർഗ പാർട്ടിയാണ് എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം.

publive-image

സംഘപരിവാറിൻെറ നവഫാസിസ്റ്റ് പ്രവണതകൾക്കും ഉദാരവർക്കരണ നയങ്ങൾക്കും ചങ്ങാത്ത മുതലാളിത്തത്തിനുമെതിരെ സി.പി.എം സമരം നടത്തുമ്പോൾ ലോകസഭയിൽ മൂന്നോ നാലോ അംഗങ്ങൾ മാത്രമുളളവരാണെന്ന് ബി.ജെ.പി പറഞ്ഞാൽ ഇനി കുറ്റം പറയാനാവില്ലെന്നും എൽ.ഡി.എഫിലെ ഘടകകക്ഷി നേതാക്കൾ പരിഹസിക്കുന്നുണ്ട്.


ആശാവർക്കർമാരുടെ സമരത്തിന് പിന്നിൽ മഴവിൽ സഖ്യമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ പ്രതികരണം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ ഒരുപടി കൂടി കടന്ന് വർഗീയ തീവ്രവാദികളാണ് സമരത്തിന് പിന്നിലെന്ന് ആരോപിക്കുന്നുണ്ട്.


എസ്.യു.സി.ഐ നേതൃത്വം കൊടുക്കുന്ന ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ എന്ന സംഘടനയാണ് നാൽപ്പത് ദിവസമായി സെക്രട്ടേറിയേറ്റ് നടയിൽ രാപ്പകൽ സമരം ചെയ്യുന്നത്.

ട്രേഡ് യൂണിയനുകളിൽ അംഗങ്ങളാകുന്ന എല്ലാവരും ആ സംഘടനയുടെ രാഷ്ട്രീയമോ നയപരിപാടികളോ പിന്തുടരുന്നവരോ അല്ലെന്നതാണ് കേരളത്തിലെ വസ്തുത. മറിച്ചായിരുന്നെങ്കിൽ സി.ഐ.ടി.യു അംഗങ്ങളുടെ വോട്ട് മാത്രം മതി ഇടതുപക്ഷത്തിന് സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകൾ ജയിക്കാൻ.

a

ആശാ വർക്കർമാർക്ക് വേണ്ടി സമരരംഗത്തുളള എസ്.യു.സി.ഐ സംഘടനയിലും ഇതര  രാഷ്ട്രീയം പിൻപറ്റുന്നവർ കണ്ടേക്കാം. സംഘടന ഉയ‍ർത്തുന്ന പൊതുപ്രശ്നങ്ങളോടുളള യോജിപ്പാണ് ആളുകളെ അവിടേക്കെത്തിച്ചത്.


സി പി എമ്മും മറ്റ് പാർട്ടികളും ഇതേപോലെയാണ് തൊഴിൽ പ്രശ്നങ്ങൾ ഉയർത്തി തൊഴിലാളികളെ സംഘടിപ്പിച്ചു പോന്നിരുന്നത്. എന്നാൽ തുടർച്ചയായി രണ്ട് തവണ അധികാരത്തിൽ എത്തിയതോടെ സി.പി.എമ്മിനും അത് നയിക്കുന്ന സർക്കാരും ഇതൊന്നും ഓർക്കുന്നില്ല എന്നതാണ് പൊതുവെ ഉയരുന്ന വിമർശനം.


സമരരംഗത്ത് അതിന്റെ ആത്മാവായ വർഗവീര്യത്തെ ചവിട്ടിമെതിച്ച് ഇല്ലാതാക്കാൻ ഭരണവർഗത്തിന്റെ കോടാലിക്കൈയാവുകയാണ് പഴയ തൊഴിലാളിവർഗ പാർട്ടിയെന്നാണ് സി.പി.ഐ അടക്കമുളള പാർട്ടികളിൽ നിന്നുയരുന്ന വിമർശനം. വിമർശകരെയെല്ലാം മഴവിൽ സഖ്യമെന്ന് ചാപ്പയടിക്കുന്നതിനാൽ ആരും പരസ്യമായി രംഗത്തുവരുന്നില്ലെന്ന് മാത്രം.

സമരം പൊളിക്കാനുള്ള സർക്കാരിൻെറ ശ്രമങ്ങളെ  അതിജീവിച്ച് ആശാ വർക്കർമാരുടെ  സമരം 40 ദിവസം പിന്നിടുകയാണ്. വ്യാഴാഴ്ച രാവിലെ  മുതൽ നിരാഹാര സമരം തുടങ്ങിയ ആശമാർക്ക് പൊതുസമൂഹത്തിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്.

asha workers and veena george11


സമരത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണെന്ന സി.പി.എമ്മിൻെറ വിമർശനം അലയടിക്കുന്നതിനിടയിലാണ് സമരത്തിന് പിന്തുണ വർദ്ധിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.


ആദ്യം നിരാഹാരം കിടന്ന ആശമാർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പകരം പുതിയ മൂന്ന് പേരാണ് ഇപ്പോൾ നിരാഹാര സത്യഗ്രഹം അനുഷ്ടിക്കുന്നത്.

സമരം മുറുകുന്നതിനിടെ ആശാവർക്കർമാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ മുൻനിർത്തി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്താൻ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് വീണ്ടും ‍ഡൽഹിക്ക് പോകും.

ജെപി നദ്ദയെ കാണാനെന്ന് പറഞ്ഞ് ഡൽഹിയിലേക്ക് പോയ മന്ത്രി വീണ ജോർജ് മറ്റൊരു പരിപാടിയിൽ പങ്കെടുത്ത തിരിച്ചുവന്നത് വൻ വിവാദമായിരുന്നു.

Advertisment