/sathyam/media/media_files/2025/03/23/2538360-a-kasthuri-2-347378.webp)
തിരുവനന്തപുരം:കോൺഗ്രസ് കുടുംബത്തിൽ നിന്ന് നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും ബി.ജെ.പി - സംഘപരിവാർ പ്രസ്ഥാനങ്ങളിൽ ചേരുന്നതിനെ രൂക്ഷമായി വിമർശിക്കുന്ന സി.പി.എമ്മിന് തിരിച്ചടി.
തലസ്ഥാന ജില്ലയിൽ നിന്നുളള സി.പി.എമ്മിൻെറ പ്രധാന നേതാവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ. അനിരുദ്ധൻെറ മകനും മുൻ എം.പി എ.സമ്പത്തിൻെറ സഹോദരനുമായ എ.കസ്തൂരി വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതാണ് പാർട്ടിക്ക് തിരിച്ചടിയായിരിക്കുന്നത്.
ഇന്ന് തിരുവനന്തപുരം കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് സി.പി.എം നേതാവിൻെറ മകനായ എ.കസ്തൂരിയെ ജില്ലാ അധ്യക്ഷനായി തിരഞ്ഞെടുത്തത്.
പാർട്ടി കുടുംബത്തിൽ നിന്ന് ഒരാൾ സംഘപരിവാറിൽ എത്തിയത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹിന്ദു ഐക്യ വേദി ജില്ലാ സമ്മേളനത്തിൽ എ.കസ്തൂരി പങ്കെടുക്കുന്ന വിവരം പോലും തീരുമാനം പുറത്തുവന്ന ശേഷമാണ് പാർട്ടി നേതൃത്വം അറിഞ്ഞത്.
അനിരുദ്ധൻെറ മകനും മുൻ എം.പിയുമായ എ.സമ്പത്തുമായും അനിരുദ്ധൻെറ കുടുംബവുമായി ഏറെ അടുപ്പമുളളയാളാണ് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി.
ഹിന്ദു ഐക്യവേദിയിൽ ചേർന്ന വിവരം കുടംബാംഗങ്ങൾക്കും അപ്രതീക്ഷിതമായിരുന്നു എന്നാണ് സൂചന. സഹോദരൻ സംഘപരിവാർ സംഘടനയുടെ നേതൃത്വത്തിലെത്തിയതിനെപ്പറ്റി മുൻ എം.പി എ.സമ്പത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജനിച്ചതും വളർന്നതും കമ്മ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നെങ്കിലും എ.കസ്തൂരി സി.പി.എമ്മിലെ വർഗബഹുജന സംഘടനകളിലൊന്നും
സജീവമായിരുന്നില്ല. രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്തത് കൊണ്ടാണ് സജീവ പ്രവർത്തകനാകാൻ തയാറാകാത്തതെന്നായിരുന്നു കുടംബാംഗങ്ങൾ പറഞ്ഞിരുന്നത്.
എന്നാൽ പിതാവ് കെ.അനിരുദ്ധനെ പോലെ മികച്ച വാഗ്മിയായിരുന്നു എ.കസ്തൂരിയെന്നാണ് അദ്ദേഹത്തോട് അടുപ്പമുളളവർ നൽകുന്ന വിവരം. നല്ല അക്കാദമിക് പാണ്ഡിത്യമുളള കസ്തൂരി അധ്യാപന മേഖലയിലാണ് ശ്രദ്ധപതിപ്പിച്ചിരുന്നത്.
കെ.അനിരുദ്ധൻെറ നിര്യാണത്തിന് ശേഷം കുടുംബവുമായി കസ്തൂരിക്ക് വലിയ അടുപ്പമില്ലാതിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കുടംബവുമായി അടുപ്പമില്ലാതിരുന്നത് കൊണ്ട് കസ്തൂരിയുടെ സംഘപരിവാർ ആഭിമുഖ്യത്തെപ്പറ്റി തങ്ങൾക്ക് അറിവില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.