പാലക്കാട് സിപിഎമ്മിൽ രണ്ട് ടേം വിവാദം കത്തുന്നു. ആലത്തൂരും നെന്മാറയിലും സിറ്റിങ്ങ് എംഎൽഎമാർക്ക് ‘റെഡ് സിഗ്നൽ’. രണ്ട് മണ്ഡലവും വിജയസാധ്യതയുള്ളതായതിനാൽ സീറ്റിൽ കണ്ണുവച്ച് മുതിർന്ന നേതാക്കളും രം​ഗത്ത്. പാലക്കാട് വീണ്ടും പി. സരിനെ മത്സരിപ്പിച്ചേക്കും. എന്നാൽ, ഷൊർണൂർ, ഒറ്റപ്പാലം സീറ്റുകളിലാണ് സരിൻെറ കണ്ണ്. തൃത്താലയിൽ വി.ടി.ബൽറാമാകും എം.ബി.രാജേഷിൻെറ എതിരാളി. പട്ടാമ്പിയും മണ്ണാർക്കാടും സിപിഐ മത്സരിക്കും

New Update
mb rajesh balram sarin

പാലക്കാട്: ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ രണ്ട് ടേം പിന്നിട്ടവരെ ഒഴിവാക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം.

Advertisment

പുതിയ നേതാക്കൾക്ക് മത്സരിക്കാൻ അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് രണ്ട് ടേം നിബന്ധന കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെടുന്നത്.


പാലക്കാട് ജില്ലയിൽ സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിൽ ആലത്തൂർ, നെന്മാറ മണ്ഡലങ്ങളിലെ എം.എൽ.എമാരാണ് രണ്ട് ടേം പിന്നിട്ടിട്ടുളളത്.


ആലത്തൂർ എം.എൽ.എ കെ.ഡി.പ്രസേനനും നെന്മാറ എം.എൽ.എ കെ.ബാബുവും 2016ലാണ് ആദ്യമായി എം.എൽ.എമാർ ആകുന്നത്.

K. D. Prasenan

പത്ത് കൊല്ലം തുടർച്ചയായി ജനപ്രതിനിധി ആയിരുന്ന പ്രസേനനെയും ബാബുവിനെയും മാറ്റി ജില്ലയിലെ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്നാണ് ഇന്നലെ പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻെറ സാന്നധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലെ ആവശ്യം.

ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം  വി.പൊന്നുക്കുട്ടനെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയേറ്റിൻെറ നിർദ്ദേശം. ഈ പേരിന് പുറമേ മറ്റ് ചില നേതാക്കളെ കൂടി ആലത്തൂരിലേക്ക് പരിഗണിക്കുന്നുണ്ട്.


പാലക്കാട് ജില്ലയിലെ സിപിഎമ്മിൻെറ ഏറ്റവും ഉറച്ച സീറ്റാണ് ആലത്തൂർ.എം.ചന്ദ്രൻ ഉൾപ്പെടെയുളള സീനിയർ നേതാക്കൾ മത്സരിച്ച് ജയിച്ച ആലത്തൂരിൽ ഒരു തവണ മാത്രമേ സിപിഎമ്മിന് പരാജയം രുചിക്കേണ്ടി വന്നിട്ടുളളു.


ഇപ്പോൾ കോൺഗ്രസ് വിട്ട് ഇടത് പാളയത്തിലുളള പെരിങ്ങോട്ടുകുറിശ്ശിയുടെ നായകൻ എ.വി.ഗോപിനാഥാണ് ആലത്തൂരിൽ സിപിഎമ്മിനെ അട്ടിമറിച്ചിട്ടുളളത്.

കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തകരെ അപമാനിച്ച് സിപിഎം എംഎല്‍എയുടെ  സ്ത്രീവിരുദ്ധപ്രസ്താവന

രാഷ്ട്രീയ സാഹചര്യം മനസിലാക്കി കൊണ്ട് ലീഡർ കെ,കരുണാകരൻ നടത്തിയ നീക്കമാണ് 1991ൽ ആലത്തൂരിൽ സിപിഎം കോട്ടയിൽ  ത്രിവർണപതാക പാറാൻ കാരണം.

2009ലെ മണ്ഡല പുനർനിർണയത്തോടെ സിപിഎമ്മിന് കൂടുതൽ അനുകൂലമായ മണ്ഡലമായിത്തീർന്ന ആലത്തൂരിൽ മത്സരിക്കാൻ ജില്ലയിലെ പ്രധാന നേതാക്കൾക്കെല്ലാം താൽപര്യമുണ്ട്.


2009ന് ശേഷം രൂപപ്പെട്ട നെന്മാറയും സിപിഎമ്മിന് ശക്തമായ സ്വാധീനമുളള മണ്ഡലമാണ്. നെന്മാറയിൽ സീറ്റ് ലഭിച്ചാൽ ജയിക്കാൻ സാധ്യതയുളളതിനാൽ അവിടെയും നേതാക്കളുടെ തിക്കിത്തിരക്കുണ്ട്.


നെൻമാറയിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പ്രേമൻെറ പേരാണ് സജീവമായി കേൾക്കുന്നത്.എന്നാൽ നെന്മാറയിലും സീനിയർ നേതാക്കൾ മത്സരത്തിനിറങ്ങാനുളള  സാധ്യത തളളിക്കളയാനാകില്ല.

പാർട്ടി മൂന്നാം സ്ഥാനത്തുളള പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും ഡോ.പി.സരിനെ തന്നെ രംഗത്തിറക്കാനാണ് സിപിഎം ജില്ലാ നേതൃത്വത്തിൻെറ താൽപര്യം.

2024ലെ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് കാലുമാറിയ സരിന് ഒരവസരം കൂടി നൽകുകയാണ് ലക്ഷ്യം.

mb rajesh Untitleddow

എന്നാൽ ഇടത് മുന്നണി മൂന്നാമതായി പോകുന്ന പാലക്കാട് വീണ്ടും അങ്കത്തിനിറങ്ങാൻ സരിന് താൽപര്യം കുറവാണെന്നാണ് സൂചന.


ശക്തമായ ത്രികോണ മത്സരം നടക്കാൻ സാധ്യത ഉളളതിനാൽ ഇക്കുറി വിജയിക്കാമെന്നാണ് ജില്ലാ നേതൃത്വം സരിനെ ധരിപ്പിക്കാൻ ശ്രമിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതികൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.


കോൺ്രസിനെ വെല്ലുവിളിച്ച് രാഹുൽ സ്വതന്ത്രനായി മത്സരിക്കാൻ സാധ്യത ഉണ്ടെന്നും സിപിഎം കാണുന്നു. ഇതിന് പുറമേ ബിജെപി സ്ഥാനാർത്ഥിയായി തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രൻ കൂടി എത്താനിടയുളളതിനാൽ മത്സരം കടുക്കും.

അപ്പോൾ ജയിച്ചുകയാറാമെന്നാണ് സിപിഎമ്മിൻെറ കണക്കുകൂട്ടൽ. എന്നാൽ ഉറച്ച സീറ്റ് ആഗ്രഹിക്കുന്ന സരിൻ സമ്മർദ്ദത്തിന് വഴങ്ങുമോയെന്ന് കണ്ടറിയണം. ഷൊർണൂർ, ഒറ്റപ്പാലം സീറ്റുകളിലാണ് സരിൻെറ കണ്ണ്.

p sarin cpm

തൃത്താല മണ്ഡലത്തിൽ മന്ത്രി എം.ബി.രാജേഷ് വീണ്ടും മത്സരിക്കും. തൃത്താലയിൽ വി.ടി.ബൽറാമാകും എം.ബി.രാജേഷിൻെറ എതിരാളി. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ തൃത്താലയിൽ മുസ്ളിം വോട്ടുകളുടെ ധ്രൂവീകരണം ഉണ്ടായില്ലെങ്കിൽ രാജേഷിന് വിജയ പ്രതീക്ഷയുണ്ട്.

പാലക്കാട് ജില്ലയിൽ സിപിഎം മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങളായ കോങ്ങാടും തരൂരും സിറ്റിങ്ങ് എം.എൽ.എമാർ തന്നെ മത്സരിക്കും.

സിപിഎം സംസ്ഥാന സമിതി അംഗമായ കെ.ശാന്ത കുമാരിയാണ് കോങ്ങാടിനെ പ്രതിനീധീകരിക്കുന്നത്. തരൂരിൽ പി.പി.സുമോദാണ് ജനപ്രതിനിധി. പാലക്കാട് ജില്ലയിലെ പട്ടാമ്പി,മണ്ണാർക്കാട് മണ്ഡലങ്ങളിൽ സിപിഐയാണ് മത്സരിക്കുക. ചിറ്റൂർ സീറ്റ് പഴയ ജനതാദൾ എസിനാണ് നീക്കിവെച്ചിരിക്കുന്നത്.

Advertisment