Advertisment

പിണറായിക്ക് പിബിയുടെ കടിഞ്ഞാണ്‍ വരുന്നു, രണ്ടും കല്‍പിച്ച് യെച്ചൂരി; സ‍ർക്കാരിൻെറ മുൻഗണനാക്രമത്തിൽ  മാറ്റം വേണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി; മുന്‍ഗണന നല്‍കേണ്ടത്‌ പെൻഷൻ ഉൾപ്പെടെയുളള ആനുകൂല്യങ്ങളുടെ വിതരണത്തിന്; കേന്ദ്രകമ്മിറ്റി തിരുത്തല്‍മാര്‍ഗം നിര്‍ദ്ദേശിച്ചത് സാധാരണക്കാരന്റെ അതൃപ്തി തിരിച്ചറിഞ്ഞ് ! തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് സർക്കാർ മുഖം മിനുക്കുന്നു

പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും അനുകൂലമായി സർക്കാ‍ർ പണത്തിൻെറ നീക്കിവെക്കലിൻെറയും ചെലവഴിക്കലിൻെറയും മുൻഗണന മാറണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി

New Update
pinarayi vijayan sitaram yechury

തിരുവനന്തപുരം: പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും അനുകൂലമായി സർക്കാ‍ർ പണത്തിൻെറ നീക്കിവെക്കലിൻെറയും ചെലവഴിക്കലിൻെറയും മുൻഗണന മാറണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. തിരഞ്ഞെടുപ്പ് തോൽവിയിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

Advertisment

തൊഴിലാളികളുടെ പെൻഷൻ ഉൾപ്പെടെയുളള ആനുകൂല്യങ്ങളുടെ വിതരണത്തിന് സർക്കാർ മുൻഗണന നൽകണമെന്നാണ് കേന്ദ്രകമ്മിറ്റിയുടെ നിർദ്ദേശം. ഇപ്പോൾ തന്നെ സർക്കാർ ഈ ദിശയിൽ പ്രഖ്യാപനങ്ങൾ നടത്തിയതായും കേന്ദ്രകമ്മിറ്റി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപോർ‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.


സർക്കാരിൻെറ പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗരേഖ ചർച്ചചെയ്യുന്നതിന് വേണ്ടി ചേരുന്ന സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം ഇക്കാര്യത്തിൽ സർക്കാർ‍ നടപടി തുടങ്ങും.


തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുഖം മിനുക്കാൻ ഒരുങ്ങുന്ന സർക്കാർ, വകുപ്പുകളുടെ പ്രവർത്തനങ്ങളിൽ മുൻഗണനാക്രമം നിശ്ചയിച്ചും അനാവശ്യ  ചെലവുകൾ  ഒഴിവാക്കിയും  ക്ഷേമപ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആലോചിക്കുന്നത്. സിൽവർ ലൈൻ പോലുളള വൻകിട പദ്ധതികളുടെ പിന്നാലെ പോകുന്നതിന് പകരം ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾക്ക് മുൻഗണന നൽകി തുടങ്ങും.

ക്ഷേമ പെൻഷൻ വിതരണം, മാവേലി സ്റ്റോറുകളിൽ സാധനങ്ങളെത്തിക്കുക, ആശുപത്രികളിൽ മരുന്ന് ഉറപ്പാക്കുക, കർഷകരുടെ സംഭരണ വില അടക്കമുളള ആനുകൂല്യങ്ങൾ നൽകുക എന്നിങ്ങനെയാവും മുൻഗണന മാറുക. സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്നതാണ് ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ സ‍ർക്കാരിന് മുന്നിലുളള തടസം.

പുതിയ വരുമാനസ്രോതസുകളൊന്നും കണ്ടെത്താനാവാത്തതിനാൽ എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങളുടെയും പദ്ധതികൾ വിലയിരുത്തിയ ശേഷം അത്യാവശ്യമല്ലാത്തവ ഒഴിവാക്കാനാണ് ആലോചന. ഇങ്ങനെ ലഭിക്കുന്ന പണം ക്ഷേമ പ്രവർത്തനങ്ങൾക്കായി മാറ്റി വെയ്ക്കും. വകുപ്പുകൾ ചെലവിടുന്ന പണത്തിൽ നിന്ന്  ധൂർത്തും ആർഭാടവും കർശനമായി ഒഴിവാക്കാനും ചെലവ് ചുരുക്കാനും ധാരണയായി.


 ഇതെല്ലാം ചേരുമ്പോൾ സർക്കാരിനെ ജനകീയമാക്കാനുളള പണം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. വകുപ്പുകളോട് പദ്ധതികളുടെ മുൻഗണന നിശ്ചയിച്ച് അറിയിക്കാൻ വൈകാതെ നിർദ്ദേശം നൽകിയേക്കും. 


സർക്കാരിൻെറ സാമ്പത്തികപ്രതിസന്ധി മൂലം വിവിധവിഭാഗങ്ങൾക്ക്  അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ ജനങ്ങളിൽ വലിയ അസംതൃപ്തി ഉണ്ടാക്കിയെന്നാണ് കേന്ദ്രകമ്മിറ്റി അംഗീകരിച്ച അവലോകന റിപോർട്ടിലെ കണ്ടെത്തൽ. കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് വിവേചനപരമായ നിലപാട് സ്വീകരിക്കുകയും നൽകാനുളള പണം തടഞ്ഞുവെയ്ക്കുകയും ചെയ്തു.

തന്മൂലം ക്ഷേമ പെൻഷൻ നൽകാനോ, മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ എത്തിക്കാനോ, സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നൽകാനോ കഴിയാതെ വന്നു. യു.ഡി.എഫും മാധ്യമങ്ങളും സർക്കാരിനെതിരെ വൻതോതിലുളള പ്രചരണം അഴിച്ചുവിടുകയും അത് ചില വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തു. സംസ്ഥാനത്തോടുളള കേന്ദ്രാവഗണനയെപ്പറ്റി ഇടതുമുന്നണി വലിയ പ്രചാരണം നടത്തിയിട്ടും കേന്ദ്രസർക്കാരിന് ഈ വിഷയത്തിലുളള പങ്കിനെകുറിച്ച് ഈ ജനവിഭാഗങ്ങൾക്കൊന്നും ബോധ്യപ്പെട്ടില്ല.

പരമ്പരാഗത വ്യവസായങ്ങളായ കയർ, കൈത്തറി, കശുവണ്ടി മേഖലകളിൽ ഉണ്ടായ ശോഷണം ഈ മേഖലകളിൽ വൻതോതിൽ തൊഴിൽ നഷ്ടം ഉണ്ടാക്കി. ഇത് തൊഴിലാളികൾക്കിടയിലുളള ട്രേഡ് യൂണിയനുകളുടെയും  പാർട്ടിയുടെ അടിത്തറയെയും ദുർബലപ്പെടുത്തി. ഇതും ഇടതുപക്ഷത്തിൻെറ വോട്ട് കരുത്ത് ചോർത്തിക്കളയാൻ ഇടയാക്കിയതായും കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി.

വോട്ടെടുപ്പിന് മുൻപും പിൻപും ലഭിച്ച കണക്കുകൾ തമ്മിൽ വലിയ അന്തരമുണ്ടെന്നും കേന്ദ്രകമ്മിറ്റി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. കണക്കിലെ പിഴവ് ജനവികാരം തിരിച്ചറിയുന്നതിൽ പാർട്ടി യൂണിറ്റുകൾക്ക് കഴിഞ്ഞില്ല എന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജനങ്ങളുമായുള്ള ജൈവ ബന്ധത്തിലെ ദൗർബല്യങ്ങൾ തിരുത്തണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്.

Advertisment