/sathyam/media/media_files/2024/11/09/dRwgCXmTiMxMC8D6daKG.jpg)
പാലക്കാട് : സി.പി.എം ജില്ലാ സമ്മേളനത്തിന് ചിറ്റൂരിൽ കൊടിയേറാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ ജില്ലയിലെ പാർട്ടിയിൽ ഉദ്വേഗം കനക്കുന്നു.
കഴിഞ്ഞ സമ്മേളനകാലം വരെ ജില്ലയിലെ പാർട്ടിയിലെ പവർ ഗ്രൂപ്പിനെ നയിച്ചിരുന്ന പി.കെ.ശശി ജില്ലാ നേതൃത്വത്തിനെതിരെ വിപ്ലവത്തിന് തയാറാകുമോ എന്നതാണ് ഉദ്വേഗം നിറയാൻ കാരണം.
പി.കെ.ശശിക്ക് ഒപ്പം പാർട്ടി ജില്ലാ നേതൃത്വത്തോട് അസംതൃപ്തിയുളള സംസ്ഥാന സമിതി അംഗം എൻ.എൻ.കൃഷ്ണദാസും കൂടി ചേർന്ന് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെ മാറ്റാൻ ശ്രമിക്കുമോയെന്ന് നേതാക്കളും പ്രവർത്തകരും ഒരു പോലെ സംശയിക്കുന്നുണ്ട്.
ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന് വ്യാജ പീഡന കേസിൽ കൂടുക്കാൻ ശ്രമിച്ചത് പിടിക്കപ്പെട്ടതോടെയാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന പി.കെ.ശശിയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്താൻ കാരണമായത്.
പി.കെ.ശശിയുടെ തട്ടകമായ മണ്ണാർക്കാട് ഏരിയാ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. അതും പോരാതെ സി.ഐ.ടി.യു ജില്ലാ നേതൃത്വത്തിൽ നിന്നും ശശിയെ മാറ്റി.
ഇതിൽ കടുത്ത അതൃപ്തിയുളള ശശി കൃഷ്ണദാസിനെയും കൂട്ടി സുരേഷ് ബാബുവിന് എതിരെ തിരിയുമോ എന്നാണ് സംശയം ഉയർന്നിരിക്കുന്നത്.
എന്നാൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുളള വലിയ നേതൃനിര പങ്കെടുക്കുന്ന ജില്ലാ സമ്മേളനത്തിൽ പ്രതിവിപ്ലവത്തിന് ഒരുമ്പെടാൻ പി.കെ.ശശിക്ക് ധൈര്യം ഉണ്ടാവില്ലെന്നാണ് മുതിർന്ന നേതാക്കൾ പ്രകടിപ്പിക്കുന്ന വിശ്വാസം.
മാത്രമല്ല ജില്ലാ സെക്രട്ടറിയെ മാറ്റാൻ തക്കവണ്ണമുളള സ്വാധീനമോ ശക്തിയോ ജില്ലയിലെ പാർട്ടിയിൽ ഇപ്പോൾ പി.കെ.ശശിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ട്രോളി വിവാദത്തിൽ സംസ്ഥാന സെക്രട്ടറി നിലപാട് പറഞ്ഞശേഷവും സ്വന്തം നിലപാട് ആവർത്തിച്ചതിൻെറ പേരിൽ അച്ചടക്ക നടപടി വാങ്ങി ഇരിക്കുന്ന എൻ.എൻ.കൃഷ്ണദാസിനും ജില്ലാ നേതൃത്വത്തിന് എതിരെ നീങ്ങാൻ ധൈര്യം ഉണ്ടാവില്ലെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം.
ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിൻെറ തട്ടകമായ ചിറ്റൂരിൽ വെച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
സ്വന്തം നാട്ടിൽ നടക്കുന്ന സമ്മേളനത്തിൽ എതിർനീക്കങ്ങൾ ഉണ്ടാകാതിരിക്കാനുളള മുൻകരുതൽ സുരേഷ് ബാബുവും സ്വീകരിക്കുന്നുണ്ട്.
സംസ്ഥാന സമിതി അംഗം എം.ബി.രാജേഷും സുരേഷ് ബാബുവും അടങ്ങുന്ന നേതൃത്വമാണ് പാലക്കാട്ടെ സി.പി.എമ്മിനെ ഇപ്പോൾ നയിക്കുന്നത്. യുവനേതാക്കളും ഇവരുടെ നേതൃത്വത്തിന് കീഴിലാണ്.
വിഭാഗീയത ശക്തമായിരുന്ന പുതുശേരി, മണ്ണാർക്കാട്, പാലക്കാട് ചെർപ്പുളശേരി ഏരിയകളെല്ലാം പുതിയ നേതൃത്വത്തിന് പിന്നിൽ അണിനിരന്ന് കഴിഞ്ഞു.
പി.കെ.ശശിയുടെ ശക്തികേന്ദ്രമായ മണ്ണാർക്കാട്ടെ ഏരിയാ സമ്മേളനത്തിൽ അദ്ദേഹത്തിന് എതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഒന്നോ രണ്ടോ പേർ മാത്രമാണ് ശശിയെ അനുകൂലിച്ചത്.
വി.ചെന്താമരാക്ഷൻ, വി.കെ.ചന്ദ്രൻ, എ.പ്രഭാകരൻ തുടങ്ങിയവരാണ് ജില്ലാ നേതൃത്വത്തിലെ മറ്റ് പ്രധാന നേതാക്കൾ.ഇവരും പുതിയ നേതൃത്വത്തെ അംഗീകരിച്ച് കഴിഞ്ഞു.
ജില്ലാ സമ്മേളനത്തിലേക്ക് പോകുമ്പോൾ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെ കുറച്ചെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് സ്വന്തം ഏരിയാ കമ്മിറ്റിക്ക് കീഴിലുളള കൊഴിഞ്ഞാമ്പാറയിലെ വിമതപ്രശ്നമാണ്.
ലോക്കൽ സമ്മേളനത്തിൽ കോൺഗ്രസ് വിട്ട് വന്നവരെ ഭാരവാഹിയാക്കിയതിലുളള പ്രതിഷേധമാണ് കൊഴിഞ്ഞാമ്പാറയിലെ സി.പി.എമ്മിൽ വിമത ശബ്ദം ഉയരാൻ കാരണം.
സമാന്തര കൺവൻഷൻ നടത്തി ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച വിമതർ ഇപ്പോഴും പൂർണമായും ഒതുങ്ങിയിട്ടില്ല. സംസ്ഥാന സമ്മേളനത്തിന് ശേഷം
കൊഴിഞ്ഞാമ്പാറയിലെ വിമതരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിൻെറ ഉറപ്പ്. സംസ്ഥാന നേതൃത്വവും ഈ ഉറപ്പ് നൽകിയിട്ടുണ്ട്.