തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന് മൂന്ന് മാസം മാത്രം അവശേഷിക്കെ ആതിഥേയ ജില്ലയായ കൊല്ലത്ത് വിഭാഗീയത ആളിക്കത്തുന്നു. ലോക്കൽ സമ്മേളനത്തിൽ മേൽക്കമ്മിറ്റി പ്രതിനിധികളായെത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിടുന്നതിൽ വരെ എത്തിനിൽക്കുകയാണ്.
കരുനാഗപ്പളളി ഏരിയ കമ്മിറ്റിക്ക് കീഴിലുളള കുലശേഖരപുരം ലോക്കൽ സമ്മേളനത്തിൽ നാണംകെട്ട സംഭവങ്ങളാണ് അരങ്ങേറിയത്. ഏകപക്ഷീയമായി സെക്രട്ടറിയേയും കമ്മിറ്റിയേയും തിരഞ്ഞെടുത്തു എന്നാരോപിച്ച് പ്രതിനിധികളിൽ ഒരു വിഭാഗം നിരീക്ഷകരായെത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സോമപ്രസാദ്, കെ .രാജഗോപാൽ എന്നിവരെയാണ് ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടത്. പ്രതിനിധി സമ്മേളനത്തിലെ ഭിന്നതയും തർക്കവും ഇന്ന് പകൽ പുറത്തേക്കും എത്തി. ഒരു വിഭാഗം പ്രവർത്തകർ കരുനാഗപ്പളളിയിലെ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത് നേതൃത്വത്തെ ഞെട്ടിച്ചു.
വി.എസ് - പിണറായി പോര് നിലനിന്നിരുന്ന വിഭാഗീയത രൂക്ഷമായ കാലത്ത് പോലും ഇത്തരം പരസ്യ പ്രതിഷേധങ്ങൾ അപൂർവമായിരുന്നു. അതെല്ലാം മാറ്റി എഴുതികൊണ്ടാണ് കരുനാഗപ്പളളി ഏരിയക്ക് കീഴിൽ വീണ്ടും വിഭാഗീയ പോരാട്ടം രൂക്ഷമായിരിക്കുന്നത്. വ്യാഴാഴ്ച നടന്ന ആലപ്പാട് ലോക്കൽ സമ്മേളനത്തിലും നേതൃത്വത്തിന് നേരെ പ്രവർത്തകർ രംഗത്ത് വന്നു.
സംസ്ഥാന കമ്മിറ്റിയംഗം കെ വരദരാജനുo, ജെ.മേഴ്സിക്കുട്ടിയമ്മയും പങ്കെടുത്ത ലോക്കൽ സമ്മേളനത്തിലാണ് പ്രതിഷേധം ഉണ്ടായത്.വിഭാഗീയത വിളംബരം ചെയ്തുകൊണ്ട് പാർട്ടി നേതൃത്വത്തിന് എതിരെ കരുനാഗപ്പള്ളിയിൽ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.
പാർട്ടി നേതൃത്വത്തെ കുറവ സംഘമെന്ന് ആക്ഷേപിക്കുന്നതായിരുന്നു പോസ്റ്ററുകൾ.സേവ് സി.പി.എമ്മിൻ്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സംഘടനാ മര്യാദകളെല്ലാം ലംഘിച്ച് സമ്മേളനങ്ങളിൽ വിഭാഗീയത നടമാടുമ്പോൾ ജില്ലയിലെ നേതൃത്വം നോക്കുകുത്തികളായി നിൽക്കുന്നു എന്നാണ് പാർട്ടി പ്രവർത്തകർക്കിടയിൽ നിന്ന് ഉയരുന്ന വിമർശനം.
പരസ്യ പ്രകടനങ്ങളെയും സമ്മേളനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്ക് എതിരായ പ്രതിഷേധങ്ങളെയും എങ്ങനെ നേരിടണമെന്നറിയാതെ അന്തംവിട്ടിരിക്കുകയാണ് ജില്ലാ നേതൃത്വം. ധനമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.എൻ.ബാലഗോപാലിന് സംഘടനാ ചുമതലയുളള ജില്ലയിലാണ് കേട്ടുകേൾവിയില്ലാത്ത തരത്തിലുളള പ്രശ്നങ്ങൾ അരങ്ങേറുന്നത്.
ജില്ലയിലെ പാർട്ടിയിലാകെ ഇനിയും പരക്കെ സ്വാധീനം ഉണ്ടാക്കാൻ കഴിയാത്ത ജില്ലാ സെക്രട്ടറി എസ്.സുദേവൻെറ ദൗർബല്യവും വിമർശനത്തിന് പാത്രമാകുന്നുണ്ട്. ജില്ലാ സെക്രട്ടറിയേ മുൻനിർത്തി കെ.എൻ.ബാലഗോപാലിൻെറ നിർദ്ദേശാനുസരണം സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജനാണ്
ജില്ലയിലെ പാർട്ടിയെ നിയന്ത്രിക്കുന്നതെന്നാണ് ആക്ഷേപം.
വരദരാജൻെറ താൽപര്യങ്ങളും അടുപ്പക്കാരുടെ താൽപര്യങ്ങളും സംരക്ഷിക്കാൻ പാർട്ടി സമ്മേളനങ്ങളിലെ ജനാധിപത്യ ഉളളടക്കത്തെ ബലികൊടുക്കുന്നവെന്നും ആരോപണം ശക്തമാണ്. അതിൻെറ കൃത്യമായ ഉദാഹരണമാണ് സമ്മേളന കാലത്തിൻെറ തുടക്കം മുതൽ കരുനാഗപ്പളളി ഏരിയയിലെ സമ്മേളനങ്ങളിൽ നടക്കുന്നത്.
സംഘടനാ നടപടി നേരിട്ട് തരംതാഴ്ത്തപ്പെട്ട മുൻ ജില്ലാ സെക്രട്ടേറിയേറ്റംഗത്തെ ചുറ്റിപ്പറ്റിയാണ് എല്ലായിടത്തും സംഘർഷങ്ങൾ അരങ്ങേറുന്നത്. റിയൽ എസ്റ്റേറ്റ് കച്ചവടം മുതൽ നിയമന കോഴ വരെയുളള ആരോപണങ്ങൾ നേരിടുന്ന ഈ നേതാവിനൊപ്പം കരുനാഗപ്പളളിയിലെ പാർട്ടിയെ നിർത്തുന്നതിന് വേണ്ടിയാണ് സമ്മേളനങ്ങൾ അട്ടിമറിക്കുന്നത് എന്നാണ് ആക്ഷേപം. വിഭാഗീയത തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന പ്രഖ്യാപനവുമായി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും രംഗത്ത് വന്നിട്ടുണ്ട്.
സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച് 6 മുതൽ 9വരെയുളള തീയതികളിലാണ് കൊല്ലത്ത് നടക്കാൻ നിശ്ചയിച്ചിരിക്കുന്നത്.വിഭാഗീയതയെ പൂർണമായും ഉന്മൂലനം ചെയ്തെന്ന സംസ്ഥാന നേതൃത്വത്തിൻെറ അവകാശവാദവുമായി പൊരുത്തപ്പെടുന്നതല്ല കൊല്ലം ജില്ലയിലെ സി.പി.എമ്മിൽ നടക്കുന്ന സംഭവവികാസങ്ങൾ.
സംസ്ഥാന സമ്മേളനത്തിന് മുൻപ് പ്രശ്നം പരിഹരിക്കാനാണ് സംസ്ഥാന നേതൃത്വത്തിൻെറ ശ്രമം.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അതിൻെറ സൂചനകൾ നൽകി കഴിഞ്ഞു.കരുനാഗപ്പള്ളി ഏരിയക്ക് കീഴിലെ പ്രതിഷേധമെല്ലാം പാർട്ടിയുടെ ശ്രദ്ധയിലുണ്ട്. തെറ്റായ ഒരു പ്രവണതയും പാർട്ടിയിൽ വെച്ചു പൊറുപ്പിക്കാനാവില്ല.
അക്കാര്യത്തിൽ ഒക്കെ പാർട്ടി വ്യക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടേക്ക് പോകും.തെറ്റായ പ്രവണതകളെ തിരുത്തിക്കൊണ്ട് പോകാതെ പാർട്ടിക്ക് മുന്നോട്ടു പോകാനാവില്ലല്ലോ. അവിടത്തെ പ്രശ്നങ്ങളെ പറ്റി നടക്കാൻ പോകുന്നത് എന്തായാലും ഒറ്റപ്പെട്ട പരിശോധനയാവില്ല'' എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമുളള പത്രസമ്മേളനത്തിൽ പറഞ്ഞു.