Advertisment

വല്യേട്ടന് മനസിലാകാത്ത തിരഞ്ഞെടുപ്പ് തോല്‍വിയുടെ മുഖ്യകാരണം തിരിച്ചറിഞ്ഞ് ചെറിയേട്ടൻ പാർട്ടിയായ സിപിഐ; തോറ്റത് ഭരണവിരുദ്ധവികാരം മൂലമെന്ന്‌ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടിവ്; കൗൺസിലിൽ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രിയുടെ പങ്ക് പ്രത്യേകമായി പരാമർശിക്കേണ്ടതില്ലെന്ന് ധാരണ; സാമുദായിക ചേരിതിരിവാണ് ബിജെപി വോട്ടുവിഹിതം വര്‍ധിപ്പിച്ചതെന്നും വിലയിരുത്തൽ

ലോക്‌സഭ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിയിൽ സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം വഹിച്ച പങ്ക് സമ്മതിച്ച് തരാൻ സി.പി.എം മടിച്ചു നിൽക്കുകയാണെങ്കിലും മുന്നണിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ചെറിയേട്ടനായ സി.പി.ഐക്ക് കാര്യം വ്യക്തമായി

New Update
cpm cpi

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിയിൽ സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം വഹിച്ച പങ്ക് സമ്മതിച്ച് തരാൻ സി.പി.എം മടിച്ചു നിൽക്കുകയാണെങ്കിലും മുന്നണിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ചെറിയേട്ടനായ സി.പി.ഐക്ക് കാര്യം വ്യക്തമായി !  തിരഞ്ഞെടുപ്പ് തോൽവിയുടെ മുഖ്യകാരണം ഭരണവിരുദ്ധവികാരമാണെന്നാണ് ഫലം അവലോകനം ചെയ്യാൻ ചേർ‍ന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൻെറ വിലയിരുത്തൽ.

Advertisment

സർക്കാരിൻെറ നയം , നിലപാട് എന്നിവക്കെതിരെ സമൂഹത്തിൻെറ വിവിധതലങ്ങളിൽ നിലനിന്ന എതിർപ്പാണ് ഭരണവിരുദ്ധ വികാരമായി ആഞ്ഞടിച്ചതെന്നും സി.പി.ഐ വിലയിരുത്തുന്നു. ജനപക്ഷത്ത് നിന്ന് നയങ്ങളും നിലപാടുകളും സ്വീകരിക്കുന്നതിൽ സർക്കാരിന് വീഴ്ച വന്നതും ഭരണവിരുദ്ധ വികാരത്തിന് കാരണമായി.


സർക്കാരിനെ നയിക്കുകയും ഭരണസംബന്ധിയായ തീരുമാനങ്ങളുടെ നട്ടെല്ലായും പ്രവർത്തിച്ച മുഖ്യമന്ത്രിയുടെ ശൈലിയും ഭരണവിരുദ്ധ വികാരത്തിൽ പങ്ക് വഹിച്ചു. എന്നാൽ സംസ്ഥാന കൗൺസിലിൽ അവതരിപ്പിക്കുന്ന റിപോർട്ടിൽ മുഖ്യമന്ത്രിയുടെ പങ്ക് പ്രത്യേകമായി പരാമർശിക്കേണ്ടതില്ലെന്നാണ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവിലെ ധാരണ.


സർക്കാരിൻെറ നയങ്ങളും നിലപാടുകളുമാണ് ഭരണവിരുദ്ധ വികാരത്തിന് ഹേതുവായതെന്ന പരാമർശത്തിൽ തന്നെ അതിൽ മുഖ്യമന്ത്രിക്കുളള പങ്ക് അന്തർലീനമാണ്. അതിനാൽ കൗൺസിലിൽ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രിയുടെ പങ്ക് പ്രത്യേകമായി പരാമർശിക്കേണ്ടതില്ലെന്നാണ് എക്സിക്യൂട്ടിവിലെ ധാരണ.

ഭരണവിരുദ്ധ വികാരത്തിനൊപ്പം മറ്റൊരു ഘടകവും തോൽവിയിൽ നല്ല പങ്കുവഹിച്ചു എന്നാണ് സി.പി.ഐ എക്സിക്യൂട്ടിവിൻെറ നിരീക്ഷണം. കേരളത്തിൽ ഇതിന് മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിലുളള സാമുദായിക ചേരിതിരിവാണ് എക്സിക്യൂട്ടിവ് കണ്ടെത്തിയ കാരണം. സാമുദായിക ചേരിതിരിവ് വളരെ ശക്തമായതിനാലാണ് ബി.ജെ.പിയുടെ വോട്ട് വിഹിതം കുത്തനെ ഉയരാൻ കാരണമെന്നും എക്സിക്യൂട്ടിവ് വിലയിരുത്തി.

സമൂഹത്തിൽ പ്രകടമായ സാമുദായിക ചേരിതിരിവ് തിരിച്ചറിഞ്ഞ് അതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ഇടത് മുന്നണിക്ക് പരാജയം സംഭവിച്ചതായും എക്സിക്യൂട്ടിവിൽ വിമർശനം ഉയർന്നു. ഭരണവിരുദ്ധ വികാരം പ്രതീക്ഷിച്ചിതാണെങ്കിലും ഇത്രയും ഭീകരമായ തോതിലുളള സാമുദായിക ചേരിതിരിവ് തീർത്തും അപ്രതീക്ഷിതമായിരുന്നു എന്നാണ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവിൽ ഉയർ‍ന്ന  അഭിപ്രായം.


സി.പി.എമ്മിൻെറ ചുവട് പിടിച്ച് സംസ്ഥാന സർക്കാരിൻെറ പ്രവർത്തനം അവലോകനം ചെയ്യാൻ സി.പി.ഐയും തീരുമാനിച്ചു. ഇതിനായി ഒരുദിവസം നീളുന്ന പ്രത്യേക സംസ്ഥാന എക്സിക്യൂട്ടിവ് വിളിക്കാനാണ് ധാരണ.


 ഈ മാസം 15ന് ആരംഭിക്കുന്ന ദേശിയ കൗൺസിൽ യോഗത്തിന് ശേഷമാകും സർക്കാരിനെ അവലോകനം ചെയ്യാനായി പ്രത്യേക എക്സിക്യൂട്ടിവ് ചേരുക. സർക്കാരിൻെറ മുൻഗണന മാറണമെന്ന് അഭിപ്രായമുളള സി.പി.ഐയും സ്വന്തം അഭിപ്രായം സ്വരൂപിച്ച് മുന്നണി നേതൃത്വത്തെ അറിയിക്കും.

കണ്ണൂരിലെ സി.പി.എം ബന്ധമുളള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾക്കും എസ്.എഫ്.ഐയുടെ തെറ്റായ പ്രവർത്തന രീതികൾക്കും എതിരെ ശരിയായ വിമർശനം ഉന്നയിച്ച സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സംസ്ഥാന എക്സിക്യൂട്ടിവ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഈ വിമര്‍ശനം നേരത്തെ പറയേണ്ടതായിരുന്നുവെന്ന് എക്സിക്യൂട്ടിവ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ശരിയായ വിമർശനം ശരിയായ തോതിൽ ഉന്നയിച്ചെന്ന് കരുതി ഇടത് ഐക്യം ക്ഷയിച്ചുപോകില്ല. കൂടുതൽ മെച്ചപ്പെടുക മാത്രമേ ചെയ്യുവെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് നില്‍ക്കുമ്പോള്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ബിനോയ് വിശ്വം മറുപടി പറഞ്ഞു. ഇപ്പോൾ വിമർശിച്ചതും നേരത്തെ വിമർശിക്കാതിരുന്നതും ശരിയാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

Advertisment