/sathyam/media/media_files/2024/12/20/1443940-mv-govindan-and-pinarayi-vijayan.webp)
തിരുവനന്തപുരം : എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന സംഘടനാ സംവിധാനങ്ങൾക്ക് കരുത്തുപകരാനുള്ള പാർട്ടി സമ്മേളനങ്ങൾക്ക് സി.പി.എമ്മിൽ തുടക്കമായി.
വിഭാഗീത വഴിയിലേക്കെത്തിയ കൊല്ലത്ത് നിന്നും തലസ്ഥാന ജില്ലയിലേക്ക് സമ്മേളനമെത്തുമ്പോൾ വഞ്ചിയൂരിൽ പൊതുവഴിയടച്ച് സ്‌റ്റേജ് കെട്ടിയ വിവാദത്തിൽ പെട്ട് വിമർശനമേൽക്കുകയാണ് പാർട്ടി നേതൃത്വം.
ഇതിന് പുറമേ പൊതുവഴിയിലെ സ്‌റ്റേജിനെ ന്യായീകരിച്ചും വഴിയിലൂടെ എത്തിയ വാഹനയാത്രക്കാരെ വിമർശിച്ചും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നടത്തിയ ന്യായീകരണ പ്രസംഗവും വിവാദമായിക്കഴിഞ്ഞു.
ജില്ലാ സമ്മേളനം പത്തനംതിട്ടയിലെത്തുമ്പോൾ വലിയ അന്തർനാടകങ്ങൾക്ക് സാക്ഷ്യം വഹിച്ചേക്കും. കോന്നിയിൽ നടക്കുന്ന സമ്മേളനത്തിൽ പാർട്ടി കുടുംബാംഗവും കണ്ണൂർ എ.ഡി.എമ്മുമായിരുന്ന നവീൻ ബാബുവിന്റെ മരണം വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തും.
മരണത്തെ തുടർന്നുള്ള പൊലീസ് അന്വേഷണവും സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സർക്കാർ നിരാകരിച്ചതും അതിന് പാർട്ടി നേതൃത്വം ഒത്താശ ചൊല്ലിയതും ചർച്ചകളെ ചൂടുപിടിപ്പിക്കും.
ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെ കാലാവധി അവസാനിച്ചതിനാൽ തന്നെ പുതിയ മുഖങ്ങൾക്ക് നറുക്ക് വീഴും. മുൻ എം.എൽ.എ രാജു ഏബ്രഹാം, പത്മകുമാർ, പി.ബി ഹർഷകുമാർ തുടങ്ങിയവർ പട്ടികയിലുണ്ട്.
കോഴിക്കോട്ട് മന്ത്രി മുഹമ്മദ്ദ് റിയാസിന്റെ നേതൃതവത്തിൽ പാർട്ടി പിടിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്.
നിലവിലെ ജില്ലാ സെക്രട്ടറി പി. മോഹനന് പകരം മറ്റൊരാൾ ചുമതലയിലേക്ക് വന്നാലും അദ്ഭുതപ്പെടാനില്ല.
റിയാസും മോഹനനും തമ്മിലുള്ള ബലാബലത്തിന്റെ ഭാഗമായാണ് മെക്ക് 7 വിവാദം പൊട്ടിപ്പുറപ്പെട്ടെതെന്നും ആരോപണമുണ്ട്.
മെക്ക് 7 വ്യായാമ കൂട്ടായ്മയ്‌ക്കെതിരായ തന്റെ വിവാദ പരാമർശം മോഹനൻ തിരുത്തുകയും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പരാമർശത്തെ തള്ളുകയും ചെയ്തിട്ടുണ്ട്.
ജില്ലയിലെ ഭൂരിഭാഗം ഏരിയ കമ്മിറ്റികളും റിയാസ് പക്ഷം പിടിച്ചുവെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.
പത്തനംതിട്ടയിലേത് പോലെ തന്നെ കണ്ണൂരിലും നവീൻ ബാബുവിന്റെ മരണം ജില്ലാ സമ്മേളനങ്ങളിലെ ചർച്ചകൾക്ക് ചൂടേറ്റും.
കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായിരുന്ന പി.പി ദിവ്യയുടെ അതിരുവിട്ട വിമർശനമാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് വഴിതെളിച്ചതെന്ന ആരോപണം നിലനിൽക്കുകയാണ്.
പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചപ്പോൾ പി.കെ ശ്രീമതി, പാർട്ടി സെക്രട്ടറിയുടെ ഭാര്യ പി.കെ ശ്യാമള തുടങ്ങിയ മുതിർന്ന വനിത നേതാക്കൾ ജയിലിലെത്തി ദിവ്യയ്ക്ക് അഭിവാദ്യമർപ്പിച്ചതും വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
ഇതിന് പുറമേ ജില്ലയിൽ നിലനിൽക്കുന്ന പി.ജയരാജൻ - പി.ശശി ബലാബലവും സമ്മേളനത്തെ മുൾമുനയിലാക്കിയേക്കും.
മുൻ എം.എൽ.എ സി.കെ.പി പത്മനാഭനെ ഏരിയ കമ്മിറ്റിയിൽ നിന്നും ശശി പക്ഷം ഒഴിവാക്കിയിരുന്നു. ഇതിന് പുറമേ ജില്ലാക്കമ്മറ്റിയംഗമായ മനു തോമസ് പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതും കുറച്ച് നാൾ മുമ്പ് പി. ജയരാജനെതിരെ പരസ്യവിമർശനവുമായി രംഗത്ത് വന്നതും ചർച്ചയായിരുന്നു.
ഇതിനെല്ലാം പുറമേ മുൻ എൽ.ഡി.എഫ് കൺവീനറും പാർട്ടി കേന്ദ്രക്കമ്മറ്റിയംഗവുമായ ഇ.പി ജയരാജന്റെ ആത്മകഥാ വിവാദവും കണ്ണൂരിൽ ചർച്ചകളെ ചൂടുപിടിപ്പിക്കുകയും ചെയ്‌തേക്കും.
പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളും കൊഴിഞ്ഞാമ്പാറയിലെ വിമത കൺവെൻഷനും കടുത്ത വിമർശനങ്ങൾക്ക് സാഹചര്യമൊരുക്കും.
തൃശ്ശൂരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ നടന്ന പൂരം കലക്കൽ വിവാദവും തുടർന്ന് ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയവും കരുവന്നൂർ തട്ടിപ്പും ചർച്ചകൾക്ക് കൊഴുപ്പേകും.
കാര്യങ്ങൾ ആകെ കലങ്ങി മറിഞ്ഞിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയെന്ന നിലയിൽ പാർട്ടി ഇപ്പോഴും പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ തന്നെയാണുള്ളത്.
പിണറായി പക്ഷത്തിനെതിരായ നീക്കം ആദ്യം തന്നെ മണത്തതോടെ മുഖ്യമന്ത്രിയുടെ പക്ഷത്തെ നേതാക്കൾ അതീവ ജാഗ്രതയിലാണ്.
.