തിരുവനന്തപുരം: അടിയന്തിരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി കൂട്ടുചേർന്നിട്ടുണ്ടെന്ന പ്രസ്താവന നടത്തിയ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് സി.പി.എം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം.
സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സമിതി അംഗങ്ങൾ സെക്രട്ടറി എം.വി.ഗോവിന്ദനെ വിമർശിച്ചത്.
വർഗീയകക്ഷികളെ അകറ്റിനിർത്തി, മതനിരപേക്ഷ സമീപനം സ്വീകരിക്കുന്ന പാർട്ടിയായി ജനങ്ങൾ കാണുന്നത് എന്നാൽ ആർ.എസ്.എസുമായി സഹകരിച്ചിട്ടുണ്ടെന്ന സെക്രട്ടറിയുടെ പ്രസ്താവന അത് തെറ്റാണെന്ന പ്രതീതി സൃഷ്ടിച്ചു.
നിലമ്പൂർ വോട്ടെടുപ്പിൻെറ തലേന്ന് വന്ന പ്രസ്താവന ജനങ്ങൾക്കിടയിൽ സംശയങ്ങളുണ്ടാക്കി. സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന യു.ഡി.എഫ് സമർത്ഥമായി ഉപയോഗിച്ചത് ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കി എന്നും നേതാക്കൾ വിമർശിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ടുളള റിപോർട്ടിന്മേൽ നടന്ന ചർച്ചയിലാണ് നേതാക്കൾ സംസ്ഥാന സെക്രട്ടറിക്കെതിരെ തിരിഞ്ഞത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ രാഷ്ട്രീയ വോട്ടുകൾ നിലനിർത്താനായി. എന്നാൽ മുന്നണിയുടെ അടിസ്ഥാന വോട്ടുകൾക്ക് അപ്പുറം കടന്ന് ഒരോട്ടുപോലും അധികമായി ലഭിച്ചില്ല.
ഇതിന് രാഷ്ട്രീയ സാഹചര്യവും സംഘടനാ ദൗർബല്യങ്ങളും സാമുദായിക ധ്രൂവീകരണവും കാരണം ആയിട്ടുണ്ടെന്നാണ് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച അവലോകന റിപോർട്ടിലെ നിഗമനം.
രാഷ്ട്രീയ വോട്ടുകൾ നിലനിർത്താനായെങ്കിലും സ്വരാജിൻെറ സ്ഥാനാർത്ഥിത്വം വഴി പ്രതീക്ഷിച്ച അധിക വോട്ടുകൾ കിട്ടിയിട്ടില്ല. നിലമ്പൂർ നഗരസഭാ പരിധിയിൽ നിന്നുളള വോട്ടുനഷ്ടമാണ് കണക്കുകൂട്ടൽ തെറ്റിച്ചതെന്നാണ് സി.പി.എം വിലയിരുത്തൽ.
മുൻസിപ്പാലിറ്റിയിൽ നിന്ന് യു.ഡി.എഫ് പ്രതീക്ഷിച്ചതിലേറെ വോട്ടുകൾ കരസ്ഥമാക്കി. മുൻസിപ്പാലിറ്റിയിലെ ഇടത് ഭരണത്തിന് എതിരായ വികാരമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്നാണ് നിഗമനം.
നഗരസഭാ ഭരണത്തിനെതിരെ ജനങ്ങൾക്കിടിയിൽ ശക്തമായ വികാരമുണ്ടായിരുന്നു എന്നും സി.പി.എം വിലയിരുത്തുന്നുണ്ട്.
ഇരുമുന്നണികൾക്കുമെതിരെ മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സ്വതന്ത്രനായി തിരഞ്ഞെടുപ്പിനെ നേരിട്ട പി.വി.അൻവർ യു.ഡി.എഫിൻെറ സ്പോൺസേർഡ് സ്ഥാനാർത്ഥിയായിരുന്നുവെന്ന ആരോപണവും സി.പി.എം സംസ്ഥാന സമിതിയിൽ ഉയർന്നു.
അൻവറിനെ മത്സരിപ്പിച്ചത് യു.ഡി.എഫ് നേതാക്കളുടെ തന്ത്രമായിരുന്നു. ആര്യാടൻ ഷൗക്കത്തിന് ലഭിക്കാത്ത ന്യൂനപക്ഷ വിഭാഗത്തിലെ യാഥാസ്ഥിതിക വോട്ടുകൾ എൽ.ഡി.എഫിലേക്ക് വരുന്നത് തടയുകയാണ് അൻവറിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ യു.ഡി.എഫ് ലക്ഷ്യമിട്ടതെന്നും സംസ്ഥാന സമിതിയിലെ ചർച്ചയിൽ നേതാക്കൾ ആരോപിച്ചു.
പി.വി.അൻവറിന് ലഭിക്കുന്ന വോട്ടുകൾ സംബന്ധിച്ച പാർട്ടിയുടെ എല്ലാ കണക്കുകളും തെറ്റായിരുന്നുവെന്നും സംസ്ഥാന സമിതിയിലെ ചർച്ചയിൽ വിമർശനം ഉയർന്നു.
പരമാവധി 15000 വോട്ടുകൾ വരെ പി.വി.അൻവർ നേടുമെന്നായിരുന്നു പാർട്ടി കരുതിയത്. എന്നാൽ അതിലും കൂടുതൽ വോട്ടുകൾ നേടാൻ അൻവറിന് കഴിഞ്ഞു.
പാർട്ടിയുടെ വോട്ടുകളും അൻവറിലേക്ക് ഒഴുകിയെന്നാണ് ഇത് തെളിയിക്കുന്നത്. യു.ഡി.എഫ് വോട്ടുകളായിരിക്കും അൻവറിന് ലഭിക്കുകയെന്ന പാർട്ടിയുടെ വിലയിരുത്തലും പാളിയതായി നേതാക്കൾ ചൂണ്ടിക്കാട്ടി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവറിനെ തുറന്നുകാട്ടുന്നതിൽ വലിയവീഴ്ച സംഭവിച്ചെന്നും നേതാക്കൾ വിമർശിച്ചു.
മുന്നണിയേയും പാർട്ടിയേയും വഞ്ചിച്ച് കടന്നുപോയ അൻവർ എന്തുകൊണ്ട് ഇടതുപക്ഷത്തെ തളളിപ്പറയുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല.
അൻവറിനെ ഒറ്റപ്പെടുത്തുന്ന തരത്തിലുളള പ്രചരണം തന്ത്രം ആവിഷ്കരിക്കുന്നതിന് പകരം അൻവറിനെ അവഗണിക്കുന്ന സമീപനം ആണ് സ്വീകരിച്ചത്.
എന്നാൽ അൻവർ ഉന്നയിച്ച വിഷയങ്ങൾ സജീവമായി നിലനിൽക്കുകയും ഇടതുപക്ഷത്തുളളവർ പോലും അദ്ദേഹത്തെ വിശ്വസിച്ചുവെന്നും നേതാക്കൾ സംസ്ഥാന സമിതിയിലെ ചർച്ചയിൽ പറഞ്ഞു.