സി.പി.എം നേതാക്കള്‍ രക്തസാക്ഷിയുടെ പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസിനെ അറിയിക്കാത്തത് ക്രിമിനല്‍ കുറ്റം; പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനും കോടതിയും ആകുന്ന പരിപാടി നടക്കില്ല; സി.പി.എം രക്തസാക്ഷികളുടെ പേരില്‍ ഫണ്ട് പിരിച്ച് മുക്കുന്ന പാര്‍ട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

വയനാട് ബ്രഹ്‌മഗിരി സൊസൈറ്റിയിലും കോടിക്കണക്കിന് രൂപയാണ് സി.പി.എം കൊള്ളയടിച്ചത്

New Update
satheesan

തിരുവനന്തപുരം :പയ്യന്നൂരില്‍ സി.പി.എം ജില്ലാ കമ്മിറ്റിം അംഗം എം.എല്‍.എയ്‌ക്കെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനും പരാതി നല്‍കിയിട്ടും കേസെടുത്തില്ല. പാര്‍ട്ടി കോടതിയാണോ എല്ലാ തീരുമാനിക്കുന്നത്?

Advertisment

 ഗുരുതരമായ ക്രമക്കേടാണ് നടന്നിരിക്കുന്നത്. ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത പണം കട്ടെടുത്തിരിക്കുകയാണ്.

ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമല്ല, സി.പി.എം ജില്ലാ കമ്മിറ്റി അംഗം തെളിവുകള്‍ സഹിതം ആരോപണം ഉന്നയിച്ചിട്ടും പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

പാര്‍ട്ടി തന്നെ അന്വേഷിച്ച് കേസ് ഒതുക്കി തീര്‍ക്കുകയാണ്.

പാര്‍ട്ടി നേതാക്കള്‍ രക്തസാക്ഷിയുടെ പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസിനെ അറിയിക്കാത്തത് ഗുരുതര ക്രിമിനല്‍ കുറ്റമാണ്. 

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കാന്‍ മൂന്നു മാസം വൈകിയതിന് കോണ്‍ഗ്രസിനെ അധിക്ഷേപിച്ചവരാണ് സി.പി.എം.

വയനാട് ബ്രഹ്‌മഗിരി സൊസൈറ്റിയിലും കോടിക്കണക്കിന് രൂപയാണ് സി.പി.എം കൊള്ളയടിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പിരിച്ച പണം കണക്ക് സഹിതം കെ.പി.സി.സിയെ ഏല്‍പ്പിച്ചിട്ടും അതിനെ പരിഹസിച്ച ഡി.വൈ.എഫ്.ഐ രക്തസാക്ഷിയുടെ പേരിലുള്ള പണം കവര്‍ന്നതില്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്?

ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗത്തെ സി.പി.എം ഭീഷണിപ്പെടുത്തുകയാണ്. സത്യം തുറന്നു പറഞ്ഞ ടി.പി ചന്ദ്രശേഖരനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതു പോലെ ഇപ്പോള്‍ ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗത്തെയും സി.പി.എം ഭീഷണിപ്പെടുത്തുകയാണ്.

പ്രളയ ഫണ്ടും കോവിഡ് ഫണ്ടും തട്ടിയെടുക്കാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് തെളിയിച്ചിരിക്കുകയാണ്.

 കരുവന്നൂരില്‍ കോടികളാണ് തട്ടിയെടുത്തത്. കരുവന്നൂര്‍ തട്ടിപ്പില്‍ സി.പി.എം തന്നെ പ്രതിയായി.

പാര്‍ട്ടിയും പാര്‍ട്ടിയുടെ നേതാക്കളും പൊതുഫണ്ട് കൊള്ളയടിക്കുന്നെന്ന ആരോപണം വന്നിട്ടും ഒരു അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.

പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനും കോടതിയും ആകുന്ന പരിപാടി നടക്കില്ല. ഇത്തരം കാര്യങ്ങളില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

രക്തസാക്ഷി ഫണ്ടില്‍ നടത്തിയ കൊള്ളയെ കുറിച്ച് പാര്‍ട്ടി സെക്രട്ടറിക്ക് ഉള്‍പ്പെടെ അറിയാമായിരുന്നിട്ടും നടപടി എടുത്തില്ല.

 ഇതുതന്നെയാണ് അഭിമന്യുവിന്റെ കാര്യത്തിലും നടന്നത്.

 രക്തസാക്ഷികളുടെ പേരില്‍ ഫണ്ട് പിരിച്ച് മുക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് സി.പി.എം തന്നെ ആരോപണം ഉന്നയിക്കുകയാണ് എന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു

Advertisment