പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സിപിഎമ്മിൽ വടംവലി തുടങ്ങി. മുൻ റാന്നി എംഎൽഎ രാജു എബ്രഹാമിന് കൂടുതൽ സാധ്യതയുണ്ടെങ്കിലും പിണറായിയുടെ ഗുഡ് ബുക്കിൽ ഇല്ലെന്നത് തിരിച്ചടിയാകും. സ്ഥാനമൊഴിയുന്ന കെ.പി ഉദയഭാനുവിന്റെ ലക്ഷ്യം പിബി ഹർ‍ഷകുമാറിനെ സെക്രട്ടറിയാക്കാൻ. എത്ര പേരുണ്ടെങ്കിലും സെക്രട്ടറിയാവുക സംസ്ഥാന നേതൃത്വത്തിന് താൽപര്യമുളളയാൾ

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: ജില്ലാ സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ജില്ലാ സെക്രട്ടറി പദവി ലക്ഷ്യം വെച്ച് സി.പി.എമ്മിൽ വടംവലി തുടങ്ങി.

Advertisment

നിലവിലുളള ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സെക്രട്ടറി പദത്തിൽ മൂന്ന് ടേം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഒഴിയുമെന്ന് ഉറപ്പായതോടെയാണ് നേതൃസ്ഥാനം ലക്ഷ്യമിട്ട് കരുനീക്കങ്ങൾ തുടങ്ങിയത്.


സംസ്ഥാന കമ്മിറ്റി അംഗം റാന്നിയിലെ മുൻ എം.എൽ.എയുമായ രാജു എബ്രഹാമിനാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.


പി.ബി ഹർ‍ഷകുമാറിനെ ജില്ലാ സെക്രട്ടറി പദത്തിൽ എത്തിക്കണമെന്നാണ് സ്ഥാനമൊഴിയുന്ന ജില്ലാ സെക്രട്ടറിയുടെ കെ.പി.ഉദയഭാനുവിൻെറ താൽപര്യം.

ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ് മുൻ പ്രസി‍ഡന്റുമായ എ.പത്മകുമാറും സ്വന്തം നിലയ്ക്ക് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇടിക്കുന്നുണ്ട്.

തിരുവല്ലയിൽ നിന്നുളള നേതാവ് ആർ. സനൽ കുമാറിൻെറ പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നുണ്ട്.


2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ സീറ്റുകളും നേടിയതിൻെറ ആത്മവിശ്വാസത്തിലാണ് നേതാക്കളെല്ലാം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണുവെയ്ക്കുന്നത്.


പേരുകൾ അനവധി മുന്നോട്ട് വരുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന് താൽപര്യമുളളയാളാകും പത്തനംതിട്ടയിലെ സി.പി.എമ്മിൻെറ അമരത്തേക്ക് എത്തുക എന്നത് ഉറപ്പാണ്.

വി.എസ് - പിണറായി ഗ്രൂപ്പ് പോര് മൂർച്ഛിച്ച് നിന്ന കാലത്ത് വി.എസിൻെറ ശക്തിദുർഗമായിരുന്നു പത്തനംതിട്ട. ഉറച്ച വി.എസ് പക്ഷക്കാരനായിരുന്ന ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിനെ കൂറുമാറ്റിയാണ് പിണറായി പക്ഷം ജില്ല പിടിച്ചത്.


ജില്ലാ സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്താണ് ഉദയഭാനുവിനെ വി.എസ് പക്ഷത്ത് നിന്ന് അടർത്തിയെടുത്തത്. ഇപ്പോൾ വിഭാഗീയ പ്രശ്നങ്ങളില്ലെങ്കിലും തിരുവല്ല പോലെ ചില ഒറ്റത്തുരുത്തുകളിൽ സംഘടനാപരമായ ഭിന്നത ശക്തമാണ്.


ഈ സാഹചര്യത്തിൽ ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടായും ശക്തമായും മുന്നോട്ട് നയിക്കാൻ കഴിയുന്നയാളെ മാത്രമേ സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുളളു.

മൂന്ന് പതിറ്റാണ്ടായി ജില്ലയിലെ സംഘടനാ-രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന നേതാവ് എന്നതാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിനുളള രാജു എബ്രഹാമിൻെറ അനുകൂല ഘടകം.

ക്രൈസ്തവ- ക്നാനായ വിഭാഗത്തിൽ നിന്നുളള നേതാവായ രാജു എബ്രഹാം എല്ലാ മത-സമുദായിക വിഭാഗങ്ങളുമായി നല്ലബന്ധം പുലർത്തുന്നയാളുമാണ്.


വലത് പക്ഷ മണ്ഡലമായ റാന്നിയെ കാൽനൂറ്റാണ്ട് കൊല്ലം ഇടതുപക്ഷത്ത് ഉറപ്പിച്ച് നിർത്തിയതും രാജു എബ്രഹാമിൻെറ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.


ജില്ലാ നേതൃത്വമാകെ വി.എസ് പക്ഷത്ത് നിലയുറപ്പിച്ച കാലത്തും പിണറായി വിജയന് പിന്തുണ നൽകി ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ചിരുന്നയാളാണ് രാജു.

ആ ചരിത്രവും രാജു എബ്രഹാമിന് അനുകൂലമായി വരേണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയൻെറ ഗുഡ് ബുക്കിൽ ഇല്ല എന്നതാണ് രാജു എബ്രഹാമിൻെറ പ്രതികൂല ഘടകം. 

തുടർച്ചയായി 5 ടേം എം.എൽ.എ ആയിരുന്നിട്ടും ഒരിക്കൽ പോലും മന്ത്രിയാക്കാത്തതാണ് രാജു പിണറായിയുടെ ഇഷ്ടക്കാരനല്ലെന്ന് പ്രചരണത്തിന് കാരണം.


ട്രേഡ് യൂണിയൻ പശ്ചാത്തലവും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിൻെറ നിർലോഭമായ പിന്തുണയുമാണ് മറ്റൊരു ജില്ലാ സെക്രട്ടറി സ്ഥാനാർത്ഥിയായ പി.ബി.ഹർഷകുമാറിൻെറ അനുകൂല ഘടകം.


എന്നാൽ ജില്ലാ നേതൃത്വത്തിലെ എല്ലാവരുടെയും പിന്തുണ ഹർഷകുമാറിന് ലഭിക്കുമോ എന്നതാണ് സംശയം. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നിയിൽ നിന്ന് മത്സരിക്കാനാണ് കെ.പി.ഉദയഭാനുവിൻെറ താൽപര്യം.

അതിന് വേണ്ടിയാണ് വിശ്വസ്തനായ ഹർഷകുമാറിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് അവരോധിക്കാൻ നീക്കം നടത്തുന്നതെന്നാണ് ആക്ഷേപം.

Advertisment