സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് ഇക്കുറി ആരൊക്കെ ? 3 ടേം പൂർത്തിയാക്കി സ്ഥാനം ഒഴിഞ്ഞ മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനും സാധ്യത. ഇരുവർക്കും സംസ്ഥാന തല പ്രവർത്തന പരിചയമില്ലെന്നത് പ്രതികൂലഘടകമായേക്കും. മന്ത്രി എം.ബി.രാജേഷിന്റെ സാധ്യത ഉറപ്പായി. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സി.എൻ.മോഹനനും പരി​ഗണനയിൽ

സി.പി.എമ്മിൻെറ കേരളത്തിലെ ഭാവി മുഖങ്ങളിൽ ഒന്നായ എം.ബി.രാജേഷിന് വേണ്ടി കെ.എൻ.ബാലഗോപാൽ, പി.രാജീവ് തുടങ്ങിയ നേതാക്കൾ വാദിക്കാനും സാധ്യതയുണ്ട്

New Update
a

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തോടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉണ്ടാകുന്ന ഒഴിവിലേക്ക് കണ്ണൂരിന് പുറത്ത് നിന്ന് ആരൊക്കെ പ്രവേശനം നേടുമെന്നത് സജീവ ചർച്ചയാണ്.

Advertisment

ജില്ലാ സെക്രട്ടറി പദവിയിൽ സീനിയറായവരെയും മൂന്ന് ടേം പൂർത്തിയാക്കിയ നേതാക്കളിൽ പ്രമുഖരെയും സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തുന്നത് സി.പി.എമ്മിൽ പതിവാണ്.


ഇത്തവണത്തെ  ജില്ലാ സമ്മേളനത്തിൽ 3 ടേം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് സ്ഥാനം ഒഴിഞ്ഞത് രണ്ട് പേർ മാത്രമാണ്. കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന പി.മോഹനനും പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവുമാണ് ടേം കാലാവധി പൂർത്തിയാക്കി പദവി ഒഴിഞ്ഞത്.


ഇവർക്ക് രണ്ട് പേർക്കും സംസ്ഥാന സെക്രട്ടേറിയേറ്റിൽ അംഗത്വം നേടാൻ അർഹത ഉളളവരാണ്. എന്നാൽ അർഹത മാത്രമല്ല സെക്രട്ടേറിയേറ്റ് അംഗത്വത്തിൻെറ മാനദണ്ഡം.

സംസ്ഥാന തലത്തിൽ പ്രവർത്തിക്കാനുളള കഴിവും രാഷ്ട്രീയ സംഘടനാ വിഷയങ്ങളിൽ ഇടപെടാനുളള വൈഭവവും കൂടി മാറ്റുരക്കപ്പെടും. പി.മോഹനനും കെ.പി. ഉദയഭാനുവും സംസ്ഥാന തലത്തിൽ പ്രവർത്തിച്ച് പരിചയമുളളവരല്ല.


ജില്ലയിൽ ഒതുങ്ങിനിന്ന് പ്രവർത്തിച്ച് മാത്രം പരിചയമുളള ഈ രണ്ടു നേതാക്കൾക്ക് ട്രേഡ് യൂണിയൻ തലത്തിലും സംസ്ഥാനതല അനുഭവ സമ്പത്തില്ല.


കോഴിക്കോട് നിന്ന് ഇപ്പോൾ തന്നെ ടി.പി.രാമകൃഷ്ണനും പി.എ.മുഹമ്മദ് റിയാസും സംസ്ഥാന സെക്രട്ടേറിയേറ്റിലുണ്ട്. കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിൽ എളമരം കരീമും സംസ്ഥാന സെക്രട്ടേറിയേറ്റിൻെറ ഭാഗമാണ്.

ഇതിന് പുറമേ ജില്ലയിൽ നിന്ന് പി.മോഹനനെ കൂടെ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കുമോയെന്നതും സംശയമാണ്. എന്നാൽ ടി.പി.രാമകൃഷ്ണനെ പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി അംഗമാക്കിയാൽ പി.മോഹനനെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തുന്നതിൽ തടസമില്ല.


കണ്ണൂർ കഴിഞ്ഞാൽ വലിയ സംഘടനാ സ്വാധീനമുളള ജില്ലയെന്ന പരിഗണനയിൽ കോഴിക്കോട്ടെ സി.പി.എമ്മിന് അത് ന്യായമായും അവകാശപ്പെടുകയും ചെയ്യാം. എന്നാൽ ഈ ആനുകൂല്യവും കെ.പി.ഉദയഭാനുവിനില്ല. 


ചെറിയ ജില്ലയായ പത്തനംതിട്ടയിൽ നിന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് സമീപകാലത്തൊന്നും ആരെയും ഉൾപ്പെടുത്തിയിട്ടില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ സീറ്റുകളിലും വിജയം നേടാനായി എന്നതാണ് കെ.പി.ഉദയഭാനുവിന് അവകാശപ്പെടാവുന്ന വലിയ നേട്ടം. 

എന്നാൽ ഈ വിജയം ലോകസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാനുമായില്ല. ജില്ലാ സെക്രട്ടറി സ്ഥാനത്ത് സ്ഥാനത്ത് 3 ടേം പൂർത്തിയാക്കിയതിൻെറ പേരിൽ മാത്രം ഉദയഭാനുവിന് സംസ്ഥാന സെക്രട്ടേറിയേറ്റിൽ അംഗത്വം നേടാൻ കഴിഞ്ഞേക്കില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന.


മൂന്ന് ടേം പൂർത്തിയാക്കി കഴിഞ്ഞ സമ്മേളന കാലത്ത് സ്ഥാനം ഒഴിഞ്ഞ പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻെറ കാര്യം ഉദാഹരണമായും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.


ജില്ലാ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ടേമിലേക്ക് കടന്ന എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, കണ്ണൂ‍ർ‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പാലക്കാട് നിന്നുളള സംസ്ഥാന കമ്മിറ്റി അംഗവും തദ്ദേശ ഭരണമന്ത്രിയുമായ എം.ബി.രാജേഷും സംസ്ഥാന സെക്രട്ടേറിയേറ്റിൽ എത്താൻ സാധ്യതയുളളവരാണ്.

പാലക്കാട് നിന്നുളള സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ.ബാലൻ പ്രായപരിധി മാനദണ്ഡത്തിൽ സ്ഥാനം ഒഴിയുകയാണ്. ഈ ഒഴിവിലേക്ക് മന്ത്രി എം.ബി.രാജേഷ് സംസ്ഥാന സെക്രട്ടറിേറ്റിൽ എത്താനാണ് സാധ്യത. 


പാർട്ടിയുടെ രണ്ടാം നിര യുവനേതാക്കളിൽ പ്രധാനിയെന്നതും പ്രതിപക്ഷ ആക്രമണങ്ങളിൽ സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിന് മുൻപന്തിയിൽ ഉളള നേതാവെന്നതും എം.ബി.രാജേഷിൻെറ സാധ്യത വർദ്ധിപ്പിക്കുന്നു.


സി.പി.എമ്മിൻെറ കേരളത്തിലെ ഭാവി മുഖങ്ങളിൽ ഒന്നായ എം.ബി.രാജേഷിന് വേണ്ടി കെ.എൻ.ബാലഗോപാൽ, പി.രാജീവ് തുടങ്ങിയ നേതാക്കൾ വാദിക്കാനും സാധ്യതയുണ്ട്.

എറണാകുളത്തെ സംഘടനാ സമവാക്യങ്ങളിൽ പി. രാജീവിൻെറ എതിർപക്ഷത്താണെങ്കിലും മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്നതാണ് സി.എൻ.മോഹനൻെറ അനുകൂല ഘടകം.

Advertisment