Advertisment

രാഹുൽ വിവാദത്തിൽ നേട്ടം കൊയ്യാൻ സി.പി.എം; സർക്കാരിനെയും പാ‍ർട്ടിയേയും ബാധിക്കുന്ന മാസപ്പടി അടക്കമുളള ആക്ഷേപങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വിവാദം ഉപകരിക്കുമെന്ന് കണക്കൂകൂട്ടൽ; വിവാദം ആളിക്കത്തിക്കുക വഴി രാഹുൽ തരംഗത്തിന് തടയിടാൻ കഴിയുമെന്നും സി.പി.എമ്മിന് പ്രതീക്ഷ ! രാഹുൽ വിമർശനത്തിന് മറുപടി പറയുന്നതിലേക്ക് കോൺഗ്രസ് മുന്നണിയെ കെട്ടിയിടാനായെന്നും വിലയിരുത്തൽ

കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ തയാറാകാത്തത് എന്താണെന്ന രാഹുൽ ഗാന്ധിയുടെ കണ്ണൂർ പ്രസംഗം ആയുധം ആക്കിയാണ് സി.പി.എം, പ്രചരണത്തിലെ ഫോക്കസ് രാഹുൽ ഗാന്ധിയിലേക്ക് മാറ്റിയത്

New Update
cpm rahul gandhi

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൻെറ പ്രചാരണം തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ നേർക്കുനേർ പോരാട്ടത്തോടെ  പടക്കളത്തിലേക്ക് പ്രവേശിച്ച് കോൺഗ്രസും സി.പി.എമ്മും. രാഹുൽ ഗാന്ധിയുടെ കണ്ണൂർ പ്രസംഗത്തെ മുൻ നിർത്തിയുളള ഏറ്റുമുട്ടലാണ് ശക്തമായ വാക് പോരിലേക്ക് ഇരുപാർട്ടികളെയും എത്തിച്ചത്. അക്കൗണ്ട് തുറക്കും എന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണെന്ന ബോധ്യത്തിലാണ് പ്രചരണ രംഗത്ത് വീറും വാശിയും നിറയ്ക്കുന്ന ഏറ്റുമുട്ടൽ തുടരുന്നത്.

Advertisment

കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ തയാറാകാത്തത് എന്താണെന്ന രാഹുൽ ഗാന്ധിയുടെ കണ്ണൂർ പ്രസംഗം ആയുധം ആക്കിയാണ് സി.പി.എം, പ്രചരണത്തിലെ ഫോക്കസ് രാഹുൽ ഗാന്ധിയിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻെറ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലും പത്ര സമ്മേളനങ്ങളിലും രാഹുലിനെ വിമർശിക്കുന്നത് പതിവായിരുന്നെങ്കിലും, കണ്ണൂർ പ്രസംഗം ആയുധമാക്കിയതോടെയാണ് അത് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. അതാണ് രണ്ട് ദിവസമായി മുഖ്യമന്ത്രിയും സി.പി.എം ദേശിയ- സംസ്ഥാന നേതാക്കളൊന്നിച്ചും രാഹുൽ ഗാന്ധി വിമർശനത്തിലേക്ക് കേന്ദ്രീകരിച്ചത്.


 ആഗ്രഹിച്ചട്ടല്ലെങ്കിലും കോൺഗ്രസ് ആ കെണിയിലേക്ക് വന്നുവീഴുകയായിരുന്നു. ഇത് തന്നെയാണ് രാഹുൽ വിമർശനത്തിലൂടെ സി.പി.എം ലക്ഷ്യം വെച്ചതും.


 സംസ്ഥാന സർക്കാരിൻെറ വീഴ്ചകളും ഭരണവൈകല്യങ്ങളും മാസപ്പടി വിവാദവും സർക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാം താഴേക്ക് പോയിട്ട്, പ്രചരണത്തിൻെറ മേൽത്തട്ടിൽ രാഹുൽ ഗാന്ധി വിമർശനം മാത്രമായി. ഇതോടെ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ ഉതകുന്ന വിഷയങ്ങൾ അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് സമയും സാവകാശവും ലഭിക്കുന്നില്ല. അങ്ങനെ നോക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ കണ്ണൂർ പ്രസംഗത്തെ തുടർന്ന് ഉണ്ടായിരിക്കുന്ന വിവാദം സി.പി.എമ്മിനും എൽ.ഡി.എഫിനും അനുഗ്രഹമായി.

തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിട്ടത് മാത്രമല്ല രാഹുൽ ഗാന്ധി വിവാദം കൊണ്ട് സി.പി.എമ്മിന് ഉണ്ടായ നേട്ടം. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആഞ്ഞടിച്ച രാഹുൽ തരംഗം ഇക്കുറി ആവർത്തിക്കാതിരിക്കാനുളള രാഷ്ട്രീയ ഇടപെടലായും പുതിയ വിവാദത്തെ സി.പി.എം ഉപയോഗപ്പെടുത്തുന്നുണ്ട്. 2019 -ൽ ശബരിമല പ്രശ്നത്തിലാണ് സി.പി.എമ്മും എൽ.ഡി.എഫും ഒറ്റ സീറ്റിലേക്ക് കൂപ്പു കുത്തിയതെങ്കിലും മുഖ്യമന്ത്രിയും സി.പി.എമ്മും അത് സമ്മതിക്കാൻ കൂട്ടാക്കിയിരുന്നില്ല.രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതും രാഹുൽ രാജ്യത്തിൻെറ മുഖ്യമന്ത്രിയാകുമെന്ന പ്രചരണം ശുദ്ധാത്മക്കളായ മലയാളി സമൂഹം അന്ധമായി വിശ്വസിച്ചതുമാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ  കനത്ത തോൽവിക്ക് കാരണമെന്നുമാണ് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്.

അത്തരമൊരു തരംഗം ഇനിയും ആവ‍‍ർത്തിക്കാതിരിക്കാനുളള ഉപായമായി രാഹുൽ വിവാദത്തെ ഉപയോഗിക്കാൻ സി.പി.എം ശ്രദ്ധിക്കുന്നുണ്ട്. പത്ത് കൊല്ലമായി രാജ്യത്ത് അധികാരത്തിലിരിക്കുന്ന ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ ദേശീയ തലത്തിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നയാൾ എന്നതാണ് രാഹുലിൻെറ പ്രതിഛായ. രാഷ്ട്രീയത്തെ വിശദമായി വിലയിരുത്തുന്ന കേരള സമൂഹത്തിന് മുന്നിലും ആ പ്രതിഛായ ശക്തമായി നിലകൊളളുന്നുണ്ട്.

ഭാരത് ജോഡോ, ഭാരത് ന്യായ് യാത്രകളിലൂടെ ബി.ജെ.പിയുടെ ഭിന്നിപ്പിക്കൽ നയത്തിനെതിരെ വിപുലമായ പ്രചരണം നടത്തിയ രാഹുലിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച പ്രതിഛായയുമുണ്ട്. ഇതെല്ലാം ചേരുമ്പോൾ ബി.ജെ.പിയെ താഴെയിറക്കാനുളള പോരാട്ടത്തെ നയിക്കുന്ന രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെയും അദ്ദേഹം നയിക്കുന്ന മുന്നണിയേയും തിരഞ്ഞെടുക്കുന്ന പ്രവണത ആവർത്തിക്കപ്പെടാം.


 വോട്ടർമാർക്ക് മുന്നിലുളള രാഹുലിൻെറ പ്രതിഛായ തകർക്കാൻ അദ്ദേഹത്തിൻെറ കണ്ണൂർ പ്രസംഗം ഉപയോഗിക്കാമെന്ന് സി.പി.എം കാണുന്നു.


പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബി.ജെ.പി സർക്കാരിൻെറ അതേ നയമാണ് രാഹുൽ ഗാന്ധിക്കും എന്ന് വ്യാഖ്യാനിക്കാനാവും എന്നതാണ് പുതിയ വിവാദത്തിൽ സി.പി.എം കാണുന്ന പഴുത്. മകൾ ഉൾപ്പെട്ട മാസപ്പടി കേസും  ലൈഫ് മിഷൻ ഫ്ളാറ്റ് കമ്മീഷൻ കേസുമാണ് കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രിയുമായി ബന്ധിപ്പിക്കാവുന്ന കാര്യം. അത് മറച്ചുവെച്ച് കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ എന്ന ഇരവാദം ഉയർത്തുക വഴി മേൽപ്പറഞ്ഞ കേസുകളെ ജനങ്ങൾക്ക് മുന്നിൽ ലഘൂകരിച്ച് കാണിക്കാനും സി.പി.എമ്മിന് കഴിയും. ഇതെല്ലാമാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിൻെറ അവസാന ദിവസത്തെ പ്രചാരണം രാഹുൽ ഗാന്ധി വിമർശനത്തിലേക്ക് വഴിതിരിച്ചുവിടാനുളള കാരണം.

രാഹുൽ ഗാന്ധിയെ പ്രതിരോധിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കോൺഗ്രസ് മറുപടി പറയാൻ നിർബന്ധിതമായ നിലയിലാണ്. പ്രിയങ്ക ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എല്ലാം രാഹുൽ വിമർശനത്തിന് മറുപടി നൽകാൻ മുൻനിരയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേ വിമർശിക്കാൻ നാവുപൊന്താത്ത മുഖ്യമന്ത്രി, മോദിയുടെ നാവായി രാഹുലിനെ വിമർശിക്കുന്നു എന്നാണ് കോൺഗ്രസ് നൽകുന്ന തിരിച്ചടി. ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻെറ കണക്കുകൂട്ടൽ.                                                               

Advertisment