കൊലപാതകങ്ങളുടെ കേന്ദ്രമായി കേരളം. ഒമ്പതു വർഷത്തിനിടെ കേരളത്തിലുണ്ടായത് 3070 കൊലപാതകങ്ങൾ. ക്വട്ടേഷനും ലഹരിയും സാമ്പത്തികവുമെല്ലാം കാരണങ്ങൾ. ഏറ്റവും കൊലപാതകങ്ങൾ തലസ്ഥാനമായ തിരുവനന്തപുരത്ത്. ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയിലും കൊലപാതകങ്ങൾ അനവധി. പക തീർക്കാൻ കൊന്നുതള്ളുന്നവരുടെ നാടായി കേരളം

New Update

തിരുവനന്തപുരം: കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകത്തിൽ വിറച്ച് നിൽക്കുകയാണ് കേരളം. മുഖവും തലയും വികൃതമാക്കിയ അതിക്രൂരമായ കൊലപാതകത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.

Advertisment

നേരത്തേ തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ അഫാൻ എന്ന യുവാവ് ഉറ്റബന്ധുക്കളെയും കാമുകിയെയും സമാനമായ രീതിയിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കോട്ടയത്തെ ഇരട്ടക്കൊല കേരളത്തെ ഞെട്ടിപ്പിച്ചത്.


കോട്ടയത്തെ ഇരട്ടക്കൊലയിൽ ക്വട്ടേഷൻ അടക്കമുള്ള സംശയങ്ങൾ പോലീസിനുണ്ട്. ആ വഴിക്കെല്ലാം അന്വേഷണം പുരോഗമിക്കുകയാണ്.


publive-image

കൊലപാതകങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് കേരളം. കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ കേരളത്തിലുണ്ടായത്  3070 കൊലപാതകങ്ങളാണ്. ലഹരിയുപയോഗത്തിൽ ലക്കുകെട്ടവർ 52 ജീവനുകളാണെടുത്തത്.

ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ 18കൊലപാതകങ്ങളെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ഗുണ്ടകൾ കൊലപ്പെടുത്തിയവരുടെ എണ്ണം ഇതിന്റെ പലമടങ്ങ് വരും.

തിരുവനന്തപുരത്താണ് ഏറ്റവുമധികം കൊലപാതകങ്ങൾ-418. എറണാകുളത്ത് 349ഉം കൊല്ലത്ത് 338ഉം കൊലകളാണുണ്ടായത്.


റെയിൽവേയിലും 5കൊലപാതകങ്ങളുണ്ടായെന്നാണ് നിയമസഭയിൽ സർക്കാർ സമർപ്പിച്ച കണക്കുകളിൽ പറയുന്നത്.


publive-image
തിരുവനന്തപുരം- 418, കൊല്ലം -338, പത്തനംതിട്ട- 140, ആലപ്പുഴ-180, കോട്ടയം-180, ഇടുക്കി-198, എറണാകുളം- 349, തൃശൂർ- 315, പാലക്കാട്- 233, മലപ്പുറം-200, കോഴിക്കോട്-157, വയനാട്-90, കണ്ണൂർ-152, കാസർകോട്-115 എന്നിങ്ങനെയാണ് കൊലപാതക കണക്കുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച 2016 മേയ് - 2025 മാർച്ച് കാലയളവിലെ കണക്കാണിത്.

 കൊലപാതക്കുറ്റത്തിന് 476പ്രതികളെ കോടതികൾ ശിക്ഷിച്ചു. 78പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. പ്രതികളിലാരെയും ശിക്ഷായിളവ് നൽകി വിട്ടയച്ചിട്ടില്ലെങ്കിലും 168 പ്രതികൾക്ക് അർഹമായ അവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.


ലഹരിയുടെ സ്വാധീനത്തിലാണ് മിക്ക കൊലപാതകങ്ങളും. നഗരങ്ങളിൽ ഏറ്റവുമധികം കൊലപാതകമുണ്ടായത് തിരുവനന്തപുരത്താണ്. സിറ്റി മേഖലയിൽ131ഉം റൂറലിൽ 287ഉം കൊലപാതകങ്ങളാണുണ്ടായത്.


എറണാകുളം സിറ്റിയിൽ 130ഉം റൂറലിൽ233ഉം കൊലകളുണ്ടായി. ഇക്കൊല്ലം ആദ്യരണ്ടുമാസമുണ്ടായ 63കൊലപാതകങ്ങളിൽ മുപ്പതിലും പ്രതികൾ രാസലഹരിയുപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

കൊലപാതകത്തിനു ശേഷം പ്രതികൾ മുങ്ങുകയാണ് പതിവെന്നതിനാൽ ലഹരിയുടെ സാന്നിദ്ധ്യം ശാസ്ത്രീയമായി തെളിയിക്കാനാവുന്നില്ല. അതിനാലാണ് ഔദ്യോഗിക കണക്കുകളിൽ കുറവ്.  

ക്വട്ടേഷനും ലഹരിക്കും പുറമേ കുടുംബകലഹം, അന്ധവിശ്വാസം, പ്രണയപ്പക, സാമ്പത്തികം എന്നിവയും കൊലപാതകത്തിന് കാരണങ്ങളാണ്

 

 

 

Advertisment