/sathyam/media/media_files/Mf2BdH7dYBbeluiAN7jn.webp)
തിരുവനന്തപുരം: തലസ്ഥാനത്തെ പോലീസിന്റെ ഗുണ്ടാബന്ധം കുപ്രസിദ്ധമാണ്. മംഗലപുരം സ്റ്റേഷനിലെ എല്ലാവരെയും ഗുണ്ടാ മാഫിയാ ബന്ധത്തിന്റെ പേരിൽ സ്ഥലംമാറ്റിയതും അടുത്തിടെയാണ്. എന്നാൽ ഇപ്പോഴുണ്ടാവുന്ന സംഭവങ്ങൾ കാക്കിപ്പടയ്ക്കാകെ നാണക്കേടുണ്ടാക്കുന്നതാണ്.
ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങിയ പൊലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഷബീറിനെയാണ് സസ്പെൻഡ് ചെയ്തത്.
മുൻപ് തുമ്പാ പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അവിടെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് 2000 രൂപ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയിരുന്നു. അന്ന് തന്നെ വിഷയം പരാതിയായി എത്തിയതിന് പിന്നാലെ ഷബീറിനെ മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. എന്നാൽ ഷബീർ തൻ്റെ ക്രിമിനൽ ബന്ധം തുടർന്നു.
ഇത് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു. മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതി കൂടിയായ ഷബീറിനെതിരെ കെ റെയിൽ സമര കാലത്ത് മംഗലപുരത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയതിനും കേസുണ്ട്. അന്നും ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഗുണ്ടാലിസ്റ്റ് അട്ടിമറിക്കാനാണ് ഈ കൈക്കൂലിയെന്നാണ് സ്പെഷ്യൽബ്രാഞ്ച് പറയുന്നത്. ഗുണ്ടാലിസ്റ്റ് തയ്യാറാക്കേണ്ട ചുമതല ഡിവൈ.എസ്.പിമാർക്കാണ്. എന്നാൽ അവർ ഈ ചുമതല നിർവഹിക്കാതെ സ്റ്റേഷനുകളിലെ ഏതെങ്കിലും പോലീസുകാരനെ ഏൽപ്പിക്കും.
അവരാവട്ടെ ഗുണ്ടകളുമായും അവരുടെ ബന്ധുക്കളുമായും ഒത്തുകളിച്ചും കൈക്കൂലി വാങ്ങിയും ഗുണ്ടാപട്ടിക അട്ടിമറിക്കും. പോലീസ് വിചാരിച്ചാൽ ഗുണ്ടകളെ ഒരു വർഷം വരെ കരുതൽ തടങ്കലിലാക്കാനും സ്വന്തം ജില്ലയിൽ നിന്ന് നാടുകടത്താനും കഴിയും. അതേസമയം, കേസിന്റെ രേഖകൾ തെറ്റിച്ച് കരുതൽ തടങ്കൽ ഒഴിവാക്കാനും കഴിയും.
പോലീസ് റിപ്പോർട്ടനുസരിച്ചാണ് ഗുണ്ടകൾക്കെതിരേ കളക്ടർമാർ ഗുണ്ടാനിയമം ചുമത്തുന്നത്. 5വർഷം ശിക്ഷകിട്ടാവുന്ന ഒരു കേസ്, ഒന്നു മുതൽ അഞ്ചു വർഷം വരെ ശിക്ഷിക്കാവുന്ന രണ്ട് കേസുകൾ എന്നിവയോ മൂന്ന് കേസുകൾ വിചാരണ ഘട്ടത്തിലോ ആണെങ്കിലാണ് കാപ്പ ചുമത്തുക. 7വർഷത്തെ ക്രിമിനൽ ചരിത്രവും പരിശോധിക്കും.
കളക്ടർക്കുള്ള അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഗുണ്ടകളെ രക്ഷിക്കുക. ഇതിനായി കേസ്‌നമ്പറും കേസുകളുടെ വകുപ്പും സെക്ഷനുകളും തെറ്റിച്ചെഴുതും. ഇതോടെ കളക്ടർക്ക് ഉത്തരവിറക്കാനാവില്ല. മന:പൂർവം പഴുതുണ്ടാക്കി ഗുണ്ടകളെ രക്ഷപെടുത്തുകയാണ് പതിവ്.
മണ്ണ്- മണൽ മാഫിയ മുതൽ കൊടുംക്രിമിനലുകൾ വരെ പൊലീസുകാരുടെ ചങ്ങാതിമാരാണെന്ന് വിജിലൻസ് മേധാവിയായിരുന്ന ടി.കെ.വിനോദ്കുമാർ നേരത്തേ തുറന്നുപറഞ്ഞിരുന്നു. ഗുണ്ടാനേതാക്കൾക്കായി എതിരാളികളുടെ ഫോൺചോർത്തുന്നതും പതിവാണ്. ഗുണ്ടകൾക്കെതിരേ പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കാനും ഭൂമിയിടപാടുകൾ നടത്താനും പണമിടപാടുകൾ ഒത്തുതീർക്കാനുമെല്ലാം പോലീസിന്റെ ഒത്താശയുണ്ട്.
മുഖ്യമന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി ആർ.രാജശേഖരൻ നായരുടെ സഹോദരൻ ശ്രീകുമാരൻനായരെ ഗുണ്ടകൾ മർദ്ദിച്ച് കിണറ്റിലെറിഞ്ഞത് ഗുണ്ടാ മാഫിയാ ആക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുന്ന സംഭവമായിരുന്നു.
ഇതേത്തുടർന്ന് ഗുണ്ടാ-മാഫിയാ ബന്ധമുള്ള പോലീസുകാർക്കെതിരേ നടപടിയെടുത്തിരുന്നു. തിരുവനന്തപുരത്ത് പീഡനക്കേസിലെ പ്രതികളായ രണ്ട് പൊലീസുകാരെയും പീഡനക്കേസ് ഒതുക്കിത്തീർത്ത ഒരു സി.ഐയെയും പിരിച്ചുവിടുകയും ഗുണ്ടാ ബന്ധമുള്ള രണ്ട് ഡിവൈ.എസ്.പി, നാല് സി.ഐ, ഒരു എസ്.ഐ എന്നിവരെ സസ്പെൻഷനിലാക്കുകയും ചെയ്തിരുന്നു.
മാഫിയാബന്ധമുള്ള മംഗലപുരം സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലംമാറ്റി. പിന്നാലെ രാഷ്ട്രീയക്കാരുടെയും പോലീസ് സംഘടനകളുടെയും സമ്മർദ്ദംകാരണം നടപടികൾ ഉപേക്ഷിച്ചു.
. സസ്പെൻഷനിലായ ഡിവൈ.എസ്.പിയുടെ മകളുടെ പിറന്നാളാഘോഷത്തിന്റെ ചെലവ് വഹിച്ചത് ഗുണ്ടകളായിരുന്നു. ഈ ഉദ്യോഗസ്ഥനെ അടുത്തിടെ തിരിച്ചെടുത്തു.