തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത പോലീസ് മേധാവി ആക്കാനുള്ളവരുടെ പട്ടികയിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ ഉൾപ്പെടുത്താൻ സർക്കാർ അവസാനം വരെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
യു.പി.എസ്.സിയുടെ സമിതിയാണ് ഡിജിപി നിയമനത്തിനുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ ചുരുക്കപ്പട്ടികയുണ്ടാക്കുന്നത്. ഇതിലൊരാളെ സംസ്ഥാനത്തിന് നിയമിക്കാം.
ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ ഈ യോഗം ചേർന്നപ്പോൾ അജിത്ത്കുമാറിനെ പരിഗണിക്കണമെന്ന് ചീഫ്സെക്രട്ടറിയും ഡിജിപിയും ആവശ്യപ്പെട്ടെങ്കിലും യു.പി.എസ്.സി തള്ളി.
30വർഷം സർവീസുള്ള ഡിജിപിമാരെയാണ് പോലീസ് മേധാവിയേക്കേണ്ടതെന്നാണ് കേന്ദ്രഉത്തരവ്. യോഗ്യരായവർ ഇല്ലെങ്കിൽ മാത്രം എഡിജിപിമാരെ പരിഗണിക്കാം. എന്നാൽ കേരളത്തിൽ 30വർഷത്തിലേറെ സർവീസുള്ള 4 ഡിജിപിമാരുണ്ട്.
നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം എന്നിവരാണവർ. എന്നാൽ എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത് (എസ്.പി.ജിയിൽ), എം.ആർ അജിത്കുമാർ എന്നിവരെക്കൂടി സംസ്ഥാനം കേന്ദ്രത്തിനയച്ച പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ഇവരെക്കൂടി പരിഗണിക്കണമെന്ന് യുപിഎസ്‍സിക്ക് കത്ത് നൽകി. എന്നാൽ ഇതിന് യുപിഎസ്‍സി മറുപടി നൽകിയില്ല. ഇന്ന് യോഗം ചേർന്നപ്പോൾ കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് യുപിഎസ്‍സി ചെയർമാൻ അറിയിച്ചു.
യോഗ്യരായ 3പേരുള്ളതിനാൽ നാലാമനായ ഡി.ജി.പി മനോജ്എബ്രഹാമിനെയും ചുരുക്കപ്പട്ടികയിലേക്ക് പരിഗണിച്ചില്ല.
സീനിയോരിറ്റി പരിഗണിച്ച് മുതിർന്ന ഡിജിപിമാരായ നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരുടെ പട്ടികയാണ് യുപിഎസ്‍സി തയ്യാറാക്കിയത്. ഇത് ഉടൻ കേരളത്തിന് കൈമാറും. ഇതിൽ നിന്നൊരാളെ സർക്കാരിന് നിയമിക്കേണ്ടി വരും.
നിതിൻ അഗർവാളിന് നറുക്ക് വീഴാനാണ് സാദ്ധ്യത. സീനിയോരിറ്റിയിൽ ഏറ്റവും മുന്നിലുള്ളയാളെ തഴയുന്നത് വിവാദമായേക്കുമെന്നതിനാലാണിത്. നിലവിലെ പോലീസ് മേധാവി ഷേഖ്‌ദർവേഷ്‌സാഹിബ് വിരമിക്കുന്ന 30നകം പുതിയ മേധാവിയെ തിരഞ്ഞെടുക്കണം. പുതിയ മേധാവി 30ന് ചുമതലയേൽക്കണം.
ബി.എസ്.എഫ് മേധാവിയായിരിക്കെ പാകിസ്ഥാൻ അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ചവരുത്തിയതിന് നിതിനെ കേരളാ കേഡറിലേക്ക് തിരിച്ചയച്ചതാണ്.
എന്നിട്ടും നിതിനെ ചുരുക്കപ്പട്ടികയിൽ ഒന്നാമനായി യു.പി.എസ്.സി ഉൾപ്പെടുത്തിയ സ്ഥിതിക്ക് അദ്ദേഹത്തിനു തന്നെ നിയമനം നൽകാനാണ് സാദ്ധ്യത.
അടുത്തവർഷം ജൂലൈ വരെയാണ് നിതിന് സർവീസുള്ളതെങ്കിലും പോലീസ് മേധാവിയാക്കിയാൽ ഒരുവർഷം കൂടി സർവീസ് നീട്ടിക്കിട്ടും. 2വർഷം കാലാവധി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാലാണിത്.
1989ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് നിതിൻ. ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ബി.ടെക്കും എം.ടെക്കും നേടിയ നിതിൻ റെയിൽവേ സിഗ്നൽ എൻജിനിയറായിരുന്നു. മികച്ച ടെന്നിസ് കളിക്കാരനുമാണ്. സി.ആർ.പി.എഫിൽ അഡി.ഡയറക്ടർ ജനറലായിരിക്കെയാണ് ബി.എസ്.എഫ് തലവനായത്.
റവാഡചന്ദ്രശേഖർ 10വർഷത്തിലേറെയായി ഐ.ബിയിലായതിനാൽ കേന്ദ്രത്തിന്റെ ആളാണോയെന്ന് സർക്കാരിന് ആശങ്കയുണ്ട്.
അഞ്ച്സി.പി.എമ്മുകാരുടെ മരണത്തിനിടയാക്കിയ കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ടതിന് സസ്പെൻഷനിലായ റവാഡയെ മേധാവിയാക്കിയാൽ രാഷ്ട്രീയ വിവാദമാവും. തലശേരി എ.എസ്.പിയായിരിക്കെ വെടിവയ്പ്പിന് ഉത്തരവിട്ട റവാഡ, ജുഡീഷ്യൽ അന്വേഷണം നേരിട്ടു.
പിന്നീട് കേന്ദ്രസർവീസിലേക്ക് പോവുകയായിരുന്നു യു.പി.എസ്.സി യോഗം നീണ്ടത് 15മിനിറ്റ് മാത്രം. സീനിയോരിറ്റിയും സർവീസ് രേഖകളും ഐ.ബി റിപ്പോർട്ടുമാണ് യോഗം പരിഗണിച്ചത്. വിജിലൻസ് കേസുകളോ അച്ചടക്ക നടപടികളോ ഉള്ളവരെ ഒഴിവാക്കാൻ നിശ്ചയിച്ചിരുന്നു.
നിതിൻ അഗർവാൾ ക്രൈംബ്രാഞ്ച് എഡിജിപിയായിരിക്കെയാണ് കേന്ദ്രത്തിലേക്ക് പോയത്. സി.ആർ.പി.എഫിലും ബി.എസ്.എഫിലും പ്രവർത്തിച്ചു. കേരളത്തിൽ തിരിച്ചെത്തിയ നിതിൻ റോഡ് സുരക്ഷാ കമ്മിഷണറാണ്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പദവിയടക്കം വഹിച്ചിട്ടുള്ള റവാഡ 10വർഷമായി ഐ.ബിയിലാണ്. യോഗേഷ് ഗുപ്ത ഫയർഫോഴ്സ് മേധാവിയാണ്. സി.ബി.ഐയിലും ഇ.ഡിയിലും പ്രവർത്തിച്ചിട്ടുണ്ട്.