/sathyam/media/media_files/2025/03/17/d-hunt-542558.webp)
തിരുവനന്തപുരം: ലഹരിമാഫിയയ്ക്കെതിരായ പോലീസിന്റെയും എക്സൈസിന്റെയും ഓപ്പറേഷനുകളുടെ ഫലപ്രാപ്തിയിൽ പരക്കെ ആശങ്ക. ഈ ഓപ്പറേഷനുകളിൽ ലഹരി വിൽപ്പനക്കാർ മാത്രമാണ് പിടിയിലാവുന്നത്. ഇവരാവട്ടെ ലഹരി ശൃംഖലയിലെ പരൽ മീനുകൾ മാത്രമാണ്.
ലഹരിയിപാടുകാരും കടത്തുകാരും മൊത്ത വിതരണക്കാരുമായ നിരവധി വൻ സ്രാവുകൾ സ്വതന്ത്രമായി വിഹരിക്കുകയാണ്. പരൽമീനുകളെ മാത്രം പിടികൂടി കേരളത്തിലെ ലഹരി മാഫിയയുടെ വേരറുക്കാൻ കഴിയില്ലെന്നതാണ് വാസ്തവം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവും മയക്കു മരുന്നുകളും കേരളത്തിലേക്ക് ഒഴുക്കുന്ന വമ്പന്മാരെ പിടികൂടുകയാണ് പോലീസും എക്സൈസും ചെയ്യേണ്ടത്.
പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി-ഹണ്ടിൽ 254പേരെ അറസ്റ്റ് ചെയ്തു. 243 കേസുകളെടുത്തു. എം.ഡി.എം.എ (29.1 ഗ്രാം), കഞ്ചാവ് (6.071 കി.ഗ്രാം), കഞ്ചാവ് ബീഡി (177 എണ്ണം) എന്നിവ പിടിച്ചെടുത്തു.
എ.ഡി.ജി.പിയും ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ് തലവനുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. എക്സൈസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് എന്നൊരു ദൗത്യവും പുരോഗമിക്കുന്നുണ്ട്.
സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയ പിടിമുറുക്കുകയാണ്. നഗര-ഗ്രാമ ഭേദമില്ലാതെ മാരകമായ രാസലഹരി ഒഴുകുകയാണ്. കോളേജുകളിലും സ്കൂളുകളിലും പിടിമുറിക്കിയ ലഹരിമാഫിയ, വിദ്യാർത്ഥികളെ കാരിയർമാരും വിൽപ്പനക്കാരുമാക്കി.
ലഹരികടത്തുകാരെ ഇടയ്ക്കിടെ പിടികൂടുന്നെങ്കിലും വൻതോക്കുകളെ തൊടാനാവുന്നില്ല. കടത്തുന്നതിന്റെ ഒരുശതമാനം പോലും പിടികൂടാനാവുന്നില്ലെന്നാണ് കണക്ക്.
എൽ.എസ്.ഡി, എം.ഡി.എം.എ തുടങ്ങിയ സിന്തറ്റിക് ലഹരിയാണ് വ്യാപകം. ഒരുവർഷത്തിനിടെ പിടികൂടിയ എം.ഡി.എം.എയുടെ അളവിൽ 1300% വർദ്ധനയാണുള്ളത്. 228 സ്ഥിരം മയക്കുമരുന്നിടപാടുകാരെ കരുതൽ തടങ്കലിലാക്കിയിട്ടും ലഹരിമാഫിയ തഴച്ചുവളരുന്നു.
വിദേശത്തും അന്യസംസ്ഥാനത്തും നിന്ന് കോടാനുകോടികളുടെ ലഹരിയെത്തിക്കുന്ന വമ്പൻമാർ അജ്ഞാതരായി തുടരുന്നു. 382 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടുത്ത് ലഹരിയിടപാട് നടക്കുന്നതായി കണ്ടെത്തിയിട്ടും ഇത് പൂർണമായി തടയാനായിട്ടില്ല.
വിദ്യാർത്ഥികളെയാണ് ലഹരിമാഫിയ ഉന്നമിടുന്നത്. സ്റ്റാമ്പ്, സ്റ്റിക്കർ, ഗുളിക, ചോക്ലേറ്റ്, ച്യൂയിംങ് ഗം രൂപത്തിലും പഞ്ചസാരയും ഉപ്പും പോലെ തരികളായും രാസലഹരി ലഭ്യമാണ്.
നാവിലൊട്ടിക്കുന്ന സ്റ്റിക്കറിന് 100രൂപ നൽകിയാൽ പത്തുമണിക്കൂർ ലഹരിയാണ് വാഗ്ദാനം. അഫ്ഗാൻ, ആഫ്രിക്കൻ നിർമ്മിതമാണിവ. ആഘോഷപാർട്ടികളിലും കോളേജ് ഹോസ്റ്റലുകളിലുമെല്ലാം ആൺ-പെൺ വ്യത്യാസമില്ലാതെ ഇതുപയോഗിക്കുന്നു.
സ്കൂളുകളിൽ 325കുട്ടികളുടെ ലഹരിയുപയോഗം കണ്ടെത്തിയെങ്കിലും 183എണ്ണം മാത്രമാണ് എക്സൈസിനെയോ പൊലീസിനെയോ അറിയിച്ചത്. കുടുംബശ്രീ, ഗ്രന്ഥശാലകൾ, ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ, വിമുക്തിക്ലബുകൾ എന്നിവ ലഹരിവിപത്തിനെക്കുറിച്ചുള്ള ബോധവത്കരണം നടത്തുന്നുണ്ട്.
ഒരുകോടി പേരെ പങ്കെടുപ്പിച്ച് നോ-ടു-ഡ്രഗ്സ് കാമ്പെയിനും നടത്തി. എന്നാൽ ലഹരിമരുന്ന് ശൃംഖലയുടെ വേരറുക്കാൻ അതിശക്തമായ ഓപ്പറേഷനുകളിലൂടെ പൊലീസിനും എക്സൈസിനും കഴിയുന്നില്ല.
എല്ലാ സ്റ്റേഷനുകളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള എസ്.ഐമാരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പുകൾ നിർജീവമാണ്.
മയക്കുമരുന്ന് പിടികൂടാനുള്ള എസ്.പിമാരുടെ ഡാൻസാഫ് സ്ക്വാഡ് ജനങ്ങളോട് കൈയൂക്കുകാട്ടി വിവാദത്തിലായി. ലഹരി കേസിൽ ശിക്ഷിക്കപ്പെട്ടാൽ പരോൾ നൽകേണ്ടെന്ന് ഉത്തരവിറങ്ങിയിട്ടുണ്ട്.
സഹപാഠികൾക്ക് ലഹരിമരുന്നുകൾ വിൽക്കുന്നത് കുട്ടികളാണ്. ഏഴാംക്ലാസുമുതൽ ലഹരിക്കടിമയാണെന്നും 19സഹപാഠികൾ ലഹരിയുപയോഗിക്കുന്നതായും കോഴിക്കോട്ടെ സ്കൂൾവിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു.
നിറവും മണവുമില്ലാത്ത രാസലഹരി അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കണ്ടെത്താനാവില്ല. നാവിലൊട്ടിക്കുന്ന സ്റ്റിക്കറിന് 100രൂപ നൽകിയാൽ പത്തുമണിക്കൂർ ലഹരിയാണ് വാഗ്ദാനം. അഫ്ഗാൻ, ആഫ്രിക്കൻ നിർമ്മിതമാണിവ.
ആൺ-പെൺ ഭേദമില്ലാതെ കുട്ടികൾ എൽ.എസ്.ഡിക്ക് അടിമകളാണ്. വിദ്യാലയപരിസരങ്ങളിലെ ലഹരിവിൽപ്പനയും തടയാനാവുന്നില്ല. കോളേജ് ഹോസ്റ്റലുകളിലെ ലഹരിപാർട്ടിയുടെയും വിദ്യാർത്ഥികളുടെ ലഹരിയുപയോഗത്തിന്റെയും വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു.
പേജുകളിൽ എൽ.എസ്.ഡി സ്റ്റാമ്പൊട്ടിച്ച പുസ്തകങ്ങൾ കൊറിയറിൽ കോളേജ് ഹോസ്റ്റലുകളിലെത്തുന്നു. സിന്തറ്റിക് മരുന്നുകൾ കുട്ടികളെ ജീവിതകാലം മുഴുവൻ ലഹരിക്കടിമകളാക്കുന്നതാണ്. കോളേജ് വിദ്യാർത്ഥികളിൽ 31.8% ലഹരിയുപയോഗിക്കുന്നതായാണ് കണക്ക്. സ്കൂൾകുട്ടികളിൽ 10വയസിൽ ലഹരിയുപയോഗം തുടങ്ങുന്നു.
സമൂഹമാദ്ധ്യമങ്ങളിലൂടെയും സ്കൂൾ, കോളേജ് പരിസരങ്ങളിൽ വച്ചും വിദ്യാർത്ഥികളെ വശത്താക്കുന്ന ലഹരിമാഫിയയെ ഒതുക്കിയാലേ രക്ഷയുള്ളൂ. മരപ്പൊത്തിലും മതിലിലെ വിടവിലുമൊക്കെ ലഹരിപ്പൊതികൾ ഒളിപ്പിച്ചിരിക്കും.
മതിലില്ലാത്ത സ്കൂളുകളിൽ ലഹരിവിൽപ്പനക്കാർ അകത്തുകയറുന്നുമുണ്ട്. പൊലീസും എക്സൈസും തുടർച്ചയായ റെയ്ഡുകളും നിരീക്ഷണവും നടത്തണം. വിദ്യാലയങ്ങളിൽ അദ്ധ്യാപകരും രക്ഷിതാക്കളുമുൾപ്പെട്ട ജാഗ്രതാസമിതിയുണ്ടാവണം.
കുട്ടികളിൽ അസാധാരണ പെരുമാറ്റമുണ്ടായാൽ പൊലീസിലറിയിക്കുകയും ലഹരിവിമുക്ത ചികിത്സയും കൗൺസലിംഗും നൽകുകയുംവേണം.