/sathyam/media/media_files/176D3WJow0rVIKoox8Bf.jpg)
തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ആൾമാറാട്ടത്തിലൂടെ ജോലിയിൽ കയറിക്കൂടാൻ ഹരിയാനയിൽ നിന്നെത്തിയ സംഘത്തിന് പിന്നിൽ ആരാണെന്ന് വിശദമായി അന്വേഷിക്കുകയാണ് ഏജൻസികൾ. ഞായറാഴ്ച നടത്തിയ പരീക്ഷയ്ക്ക് ഹരിയാനയിൽ നിന്നുമാത്രം അപേക്ഷിച്ചത് 489 പേരാണ്. വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പിന് ഹരിയാനയിൽ നിന്നുള്ള സംഘം വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്. വിമാനത്തിൽ പറന്നെത്തി പരീക്ഷാ തട്ടിപ്പ് നടത്താൻ പണമൊഴുക്കിയത് ആരാണെന്നാണ് ഇനി കണ്ടെത്തേണ്ടത്.
ഉത്തരേന്ത്യയിലെ വൻ പരീക്ഷാ തട്ടിപ്പ് ലോബിയുടെ സംഘത്തിൽ പെട്ടവരെയാണ് തിരുവനന്തപുരത്ത് പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തിൽ തന്നെ മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതി. ആൾമാറാട്ടം നടത്തുന്നതിനാൽ എത്രയും വേഗം കേരളം വിടാനായിരുന്നു വിമാനയാത്ര. വിമാനത്താവളത്തിനു സമീപത്തായിരുന്നു ഇവർ താമസിച്ചിരുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ ഈ സംഘം പരീക്ഷാ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന് കിട്ടിയ വിവരം. ഹരിയാനയിലെ കോച്ചിംഗ് സെന്റർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. പരിശീലനത്തിന് എത്തുന്നവരിൽ നിന്ന് വൻതുക വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. പിടിയിലായവർ പൊലീസിനോട് കള്ളപ്പേരുകളാണ് പറഞ്ഞത്. എന്നാൽ ഹരിയാന പൊലീസിന്റെ സഹായത്തോടെ യഥാർഥ പേരുകൾ കണ്ടെത്തുകയായിരുന്നു. ഇതേസംഘം നോയിഡയിൽ പരീക്ഷ എഴുതാൻ പോയിരുന്നു. പരിശോധന ശക്തമായതിനാൽ അവിടെ പരീക്ഷ എഴുതാൻ സാധിച്ചില്ല.
ആൾമാറാട്ട സംഘത്തിന് പരീക്ഷ നടക്കുന്ന സ്ഥലങ്ങളിലേക്ക് വിമാനടിക്കറ്റ് അടക്കം എടുത്തു നൽകും. പണവും നൽകും. ഉദ്യോഗാർഥിയുടെ സിംകാർഡ് വാങ്ങി വൈഫൈ വഴി ഉപയോഗിക്കുകയാണ് പതിവുരീതി. മൊബൈൽ ഫോണിൽ ഫോട്ടോ എടുത്ത് ഏജന്റുമാർക്ക് അയച്ചു കൊടുക്കും. ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ പറഞ്ഞു കൊടുക്കും. പൊലീസിന്റെ നിർദ്ദേശപ്രകാരം പരീക്ഷ തുടങ്ങിയതിനു പിന്നാലെ അധ്യാപകർ നടത്തിയ നിരീക്ഷണത്തിലും പരിശോധനയിലുമാണ് തട്ടിപ്പുകാരുടെ ചെവിക്കുള്ളിൽ ഹെഡ്സെറ്റ് കണ്ടെത്തിയത്.തട്ടിപ്പിനു പിന്നിൽ വൻസംഘമുണ്ടെന്ന് പോലീസ് പറയുന്നു.
വി.എസ്.എസ്.സിയുടെ പരീക്ഷയ്ക്ക് ഹൈടെക്ക് തട്ടിപ്പ് നടത്തുമെന്ന രഹസ്യവിവരം ഹരിയാനയിൽ നിന്ന് പൊലീസിന് ലഭിച്ചതാണ് നിർണായകമായത്. വി.എസ്.എസ്.സിക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും പരീക്ഷാ കേന്ദ്രങ്ങളിലടക്കം കാര്യമായ പരിശോധനയുണ്ടായില്ല. പോലീസ് ജാഗ്രതയോടെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകാർ പിടിയിലായത്.
ബ്ലൂടൂത്ത് ഹെഡ്സെറ്റും അനുബന്ധ ഉപകരണങ്ങളുമുപയോഗിച്ചായിരിക്കും തട്ടിപ്പെന്നാണ് പൊലീസിന് വിവരം കിട്ടിയത്. പരീക്ഷാകേന്ദ്രങ്ങളിലെ ചുമതലക്കാരുടെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനകളിലാണ് ചെവിക്കുള്ളിൽ പുറത്തുകാണാൻ കഴിയാത്ത തരത്തിൽ തീരെ ചെറിയ ഹെഡ്സൈറ്റ് തിരുകി കയറ്റിയത് കണ്ടെത്തിയത്. പട്ടം സെന്റ് മേരീസ് സ്കൂളിൽ പരീക്ഷയെഴുതിയ മനോജാണ് ആദ്യം പിടിയിലായത്.
പിന്നാലെ ഗൗതത്തെ വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ നിന്ന് മ്യൂസിയം പൊലീസും അറസ്റ്റ് ചെയ്തു. ഇതോടെ പരിശോധനകൾ ഊർജ്ജിതമാക്കി. ഇവരിൽ നിന്നുള്ള വിവരങ്ങൾ പിന്തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് മറ്റ് മൂന്നുപേരെക്കൂടി അറസ്റ്റ് ചെയ്തത്. വയറ്റിൽ കെട്ടിയ ബെൽറ്റിൽ ഫോൺ തിരുകി പരീക്ഷാ ഹാളിൽ കയറിയ ഇവർ ഫോണിൽ നിന്ന് വേർപെടുത്തിയ ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പറുകളുടെ ചിത്രം എടുത്ത് പുറത്തേക്ക് അയച്ചു. ഷർട്ടിന്റെ ബട്ടൺ എന്ന് തോന്നും വിധത്തിൽ കാമറ ഒട്ടിച്ചിരിക്കുകയായിരുന്നു.
ചോദ്യപേപ്പർ നെഞ്ചിനു നേരെ പിടിച്ചശേഷം റിമോട്ടിൽ അമർത്തുമ്പോൾ ചിത്രം ക്ലൗഡ് സ്റ്റോറേജിലേക്ക് പോവും. ഉത്തരങ്ങൾ ബ്ലൂടുത്ത് ഹെഡ്സെറ്റ് വഴി കേട്ടെഴുതുകയായിരുന്നു. മനോജ് ഇത്തരത്തിൽ 75മാർക്കിനുള്ള ഉത്തരങ്ങളെഴുതി. ഗൗതത്തിന് ഹെഡ്സെറ്റിൽ കേൾക്കാൻ കഴിയാതിരുന്നതിനാൽ ഉത്തരങ്ങളെഴുതാനായില്ല.
കൂട്ടാളികളെ കണ്ടെത്താനായിരുന്നു അടുത്ത അന്വേഷണം. ഇരുവരുടെയും കൈവശമുണ്ടായിരുന്നതിനേക്കാൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഇവരുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ബാഗുകളിൽ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്ക് സാങ്കേതിക സഹായം നൽകിയവരെ കണ്ടെത്താനാണ് ഹരിയാനയിലെ അന്വേഷണം. പിടിയിലായവരുടെ ഹാൾടിക്കറ്റിൽ സ്വന്തം ചിത്രമാണ് പതിച്ചിരുന്നത്.
മറ്റാർക്കോ വേണ്ടിയാണ് ഇവർ പരീക്ഷയെഴുതിയത്. യഥാർത്ഥ പരീക്ഷാർത്ഥികളെ കണ്ടെത്താനാണ് ഇനിയുള്ള അന്വേഷണം. പണം വാങ്ങിയുള്ള ആൾമാറാട്ടമാണ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. തട്ടിപ്പ് നടത്തിയതായി സംശയിക്കുന്ന ഏതാനും പേർ കൂടി നിരീക്ഷണത്തിലുണ്ട്. ഇവരുടെ പങ്കാളിത്തം തെളിഞ്ഞാൽ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ബഹിരാകാശ ഗവേഷണ സ്ഥാപനമായതിനാൽ അവിടെ ജോലി നേടാനുള്ള തട്ടിപ്പ് ഏറെ ഗൗരവത്തോടെയാണ് ഏജൻസികൾ കാണുന്നത്.