കൗമാരക്കാര്‍ക്കിടയില്‍ സജീവമായി ലഹരി ഉപയോഗം. പത്തു വര്‍ഷത്തിനിടെ എക്‌സൈസിന്റെ പിടിയിലായത് 154 സ്‌കൂള്‍ കുട്ടികള്‍. സ്‌കൂള്‍ പരിസരങ്ങള്‍ ലഹരി വ്യാപാര കേന്ദ്രങ്ങളാകുന്നു

എക്‌സൈസ് ഓഫീസില്‍ കയറി കഞ്ചാവ് വലിക്കാന്‍ സ്‌കൂള്‍ കൂട്ടികള്‍ തീപ്പെട്ടി ചോദിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു

New Update
excise-2

കോട്ടയം: എക്‌സൈസ് ഓഫീസില്‍ കയറി കഞ്ചാവ് വലിക്കാന്‍ സ്‌കൂള്‍ കൂട്ടികള്‍ തീപ്പെട്ടി ചോദിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. അടിമാലിയിലാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം ഒറ്റപ്പെട്ട സംഭവമല്ല, കൗമാരക്കാര്‍ക്കിടയിലെ ലഹരി ഉപയോഗം വര്‍ധിക്കുന്നു.

Advertisment

 കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ എക്‌സൈസിന്റെ പടിയിലായത് 154 സ്‌കൂള്‍ കുട്ടികളാണ്. പൊലീസ് പിടിയിലായ വിദ്യാര്‍ഥികളുടെ കണക്കു കൂടി ചേര്‍ത്താല്‍ പിടികൂടിയവരുടെ എണ്ണം കുതിച്ചുയരും.

കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ പൊലീസ്, എക്‌സൈസ് തലത്തില്‍ നിരവധി പദ്ധതികള്‍ ഉണ്ടെങ്കിലും ഒന്നും വേണ്ടത്ര ഫലപ്രാപ്തിയില്‍ എത്തിയില്ല. സ്‌കൂള്‍ പരിസരങ്ങളില്‍ തന്നെ കുട്ടികള്‍ക്കു ലഹരി എത്തിച്ചു നല്‍കുന്ന സംഘങ്ങള്‍ സജീവമാണെന്നതു മാതാപിതാക്കളേയും ആശങ്കയിലാക്കുന്നു.

വര്‍ക്‌ഷോപ്പാണെന്നു കരുതി എക്‌സൈസ് ഓഫീസില്‍ തീ ചോദിച്ചവര്‍

കഞ്ചാവ് ബീഡി കത്തിക്കാന്‍ എക്‌സൈസ് ഓഫീസില്‍ കയറി തീ ചോദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് കേരളം ആശ്ചര്യത്തോടെയാണ് കേട്ടത്. വര്‍ക്ക് ഷോപ്പാണെന്നു കരുതിയാണു വിദ്യാര്‍ഥികള്‍ എക്‌സൈസ് ഓഫീസിലേക്ക് കഞ്ചാവുമായി കയറിച്ചെന്നത്.

പ്രായപൂര്‍ത്തിയാകാത്ത രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെയാണു കേസെടുത്തത്. ശേഷം അധ്യാപകര്‍ക്കൊപ്പം വിദ്യാര്‍ഥികളെ വിട്ടയച്ചു. തൃശൂരില്‍ നിന്നു മൂന്നാറിലേക്കു വിനോദ യാത്ര പോകുന്ന സംഘത്തിലെ വിദ്യാര്‍ഥികളാണ് എക്‌സൈസ് ഓഫീസിലേക്കു കയറിച്ചെന്നത്.


അധ്യാപകര്‍ക്കൊപ്പമാണു സംഘം വിനോദ യാത്ര പോയത്. അടിമാലിയിലെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിനടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം അഞ്ചോളം വിദ്യാര്‍ഥികള്‍ കാട് പിടിച്ച ഒരു കെട്ടിടത്തിനു സമീപത്തേക്കു പോയി. ആ കെട്ടിടം എക്‌സൈസ് ഓഫീസാണെന്നു വിദ്യാര്‍ഥികള്‍ക്ക് അറിയില്ലായിരുന്നു.


നിരവധി വാഹനങ്ങള്‍ അവിടെ കൂട്ടിയിട്ടിരുന്നു. ഇവിടെ വച്ചാണു വിദ്യാര്‍ഥികള്‍ കഞ്ചാവു ബീഡി കത്തിക്കാനുള്ള ശ്രമം നടത്തിയത്. ഇതിനിടെ ഒരു കെട്ടിടത്തിന്റെ വാതില്‍ തുറന്നു തീപ്പെട്ടി ചോദിച്ചപ്പോഴാണ് അതൊരു എക്‌സൈസ് ഓഫീസാണെന്നു വിദ്യാര്‍ഥികള്‍ക്കു മനസിലായത്. വിദ്യാര്‍ഥികള്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളെ പിടികൂടുകയായിരുന്നു.

സ്‌കൂള്‍ കുട്ടികളുടെ ലഹരി ഉപയോഗം

സ്‌കൂള്‍ കുട്ടികളിലെ ലഹരി ഉപയോഗം വര്‍ധിക്കുന്നത് ഇന്നു യാഥാര്‍ഥ്യമായി മാറികഴിഞ്ഞു. മുന്‍പു മദ്യമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നതു സിന്തറ്റിക്‌ ലഹരിയാണ്. എളുപ്പം കണ്ടു പിടിക്കാന്‍ സാധിക്കില്ലെന്നതു വിദ്യാര്‍ഥികളില്‍ ഇത്തരം ലഹരി വ്യാപിക്കാന്‍ കാരണമായി.

ഗുണ്ടാ സംഘങ്ങളാണ് ഇന്നു സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. കുട്ടികളെ ഉപയോഗിച്ചുള്ള ലഹരിക്കടത്തും വ്യാപകമാണ്. ലഹരിക്കടത്തിനു ഭാഗമാകുന്ന കുട്ടികള്‍ക്കു മൊബൈല്‍ഫോണ്‍ മുതല്‍ ചോദിക്കുന്നതെന്തും എത്തിച്ചു നല്‍കുന്ന സംഘങ്ങളും സജീവമാണ്. വിദ്യാര്‍ഥികള്‍ തമ്മിലെ വഴക്കു പരിഹരിക്കുന്നതുവരെ ഇത്തരം ലഹരി സംഘങ്ങളാണ്. കുട്ടികള്‍ പകരമായി കൂടുതല്‍ വിദ്യാര്‍ഥികളെ സംഘത്തിലേക്കു ചേര്‍ക്കും.

അത്ര നേര്‍വഴിയേ പോകാത്ത നേര്‍വഴി പദ്ധതി

സ്‌കൂള്‍ കുട്ടികളിലെ ലഹരി ഉപയോഗം തടയാനും നേര്‍വഴിക്കു നടത്താനും ലക്ഷ്യമിട്ട് എക്‌സൈസ് വകുപ്പ് ആരംഭിച്ച 'നേര്‍വഴി' പദ്ധതിക്ക് ഇന്നും വേണ്ടത്ര ഫലപ്രദമായിട്ടില്ല. കുട്ടികളില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന പരാതി വ്യാപകമാകുമ്പോഴും ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ ലഭിച്ചതു ചുരുക്കം പരാതികള്‍ മാത്രം.


എല്ലാ ജില്ലകളിലുമായി മൊത്തം 9,000 സ്‌കൂളുകളില്‍ കഴിഞ്ഞ അധ്യയന വര്‍ഷാരംഭത്തിലാണു നേര്‍വഴിക്കു തുടക്കം കുറിച്ചത്. ലഹരിവിമുക്ത പദ്ധതിയായ വിമുക്തിയുടെ ഭാഗമായാണു ലഹരിവലയില്‍ അകപ്പെടുന്ന കുട്ടികളെ തുടക്കത്തില്‍ തന്നെ തിരുത്താന്‍ അധ്യാപകരുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കിയത്.


കുട്ടികളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളും പെരുമാറ്റ വൈകല്യവുമെല്ലാം ആദ്യം മനസിലാക്കാന്‍ കഴിയുന്നത് അധ്യാപകര്‍ക്കാണ്. ഇതു കണക്കിലെടുത്താണ് അധ്യാപകരെ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം ശ്രദ്ധയില്‍ പെട്ടാല്‍ അധ്യാപകര്‍ ഫോണ്‍ വിളിച്ചോ വാട്‌സാപ്പ് സന്ദേശമായോ വിദ്യാര്‍ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ എക്‌സൈസ് കമ്മീഷണറേറ്റില്‍ അറിയിക്കണം.

വിവരങ്ങള്‍ സ്വീകരിക്കാന്‍ ഇവിടെ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്. തുടര്‍ന്ന് കൗണ്‍സിലിങ് പരിശീലനം ലഭിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞ് ബോധവത്കരണം, കൗണ്‍സിലിങ് തുടങ്ങിയ ഇടപെടലുകളിലൂടെ ലഹരി ഉപയോഗത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തും.

വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ പുറത്തുവിടില്ല. തുടക്കത്തില്‍ പദ്ധതിയോട് അധ്യാപകര്‍ നന്നായി പ്രതികരിച്ചെങ്കിലും പിന്നീട് കാര്യക്ഷമമല്ലാതായി. സ്‌കൂളില്‍ നടക്കുന്ന കൗണ്‍സിലിംഗിലൂടെ നിരവധി കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടെത്താറുണ്ട്. പരാതി കേള്‍ക്കാന്‍ എക്‌സൈസ് കമ്മീഷണറേറ്റില്‍ 9656178000 എന്ന നമ്പറും നിലവില്‍ വന്നിരുന്നു.

കോടികള്‍ മറിയുന്ന ലഹരിക്കച്ചവടം

കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്തു നിന്ന് എക്‌സൈസ് പിടിച്ചെടുത്തത് 544 കോടി രൂപ വില വരുന്ന ലഹരിവസ്തുക്കളാണ്. ഇക്കാലയളവില്‍ 53,787 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 52,897 പേര്‍ അറസ്റ്റിലുമായി. ഇതില്‍ ഭൂരിഭാഗം പേരും 18-40 പ്രായക്കാരാണ്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെട്ട 154 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

കഞ്ചാവ്, സിന്തറ്റിക് ലഹരിമരുന്നുകളായ എം.ഡി.എം.എ, എല്‍എസ്ഡി, മെത്താംഫെറ്റമിന്‍, നൈട്രസെപാം തുടങ്ങിയവയുടെ ഉപയോഗമാണു വലിയ തോതില്‍ കൂടിയത്. അതേസമയം മദ്യ ഉപയോഗം കുറയുകയാണ്. 2022-23 വര്‍ഷത്തെ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 2023-24 വര്‍ഷത്തില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ഉപയോഗത്തില്‍ 3.14 ലക്ഷം കെയ്‌സിന്റെ കുറവുണ്ടായതായും എക്‌സൈസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisment