പനിയില്‍ വിറച്ച് കേരളം. രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് പനി. ഡെങ്കി, എലിപ്പനി എന്നിവയും പടരുന്നു. ഡെങ്കിപ്പനി ബാധിച്ച് അഞ്ചും എലിപ്പനിയില്‍ 17ഉം മരണം. കര്‍ശന ജാഗ്രതയോടെ ആരോഗ്യവകുപ്പ്. സ്വയം ചികിത്സ വേണ്ടെന്ന് മുന്നറിയിപ്പ്. വരുന്നത് പകര്‍ച്ചവ്യാധികളുടെ കാലമോ ?

തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് എലിപ്പനി, ഡെങ്കി മരണങ്ങളുണ്ടായത്.

New Update
fever deUntitledja
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: മഴ കനത്തതോടെ കേരളം പകര്‍ച്ചപ്പനിയുടെ പിടിയില്‍. രണ്ടാഴ്ചയ്ക്കിടെ ഒരുലക്ഷത്തിലേറെ പേര്‍ക്കാണ് പനിയും അനുബന്ധ അസുഖങ്ങളും ബാധിച്ചത്. നിത്യേന പതിനായിരത്തിലേറെ പനിക്കേസുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ പലമടങ്ങുണ്ടാവും രോഗികള്‍.


Advertisment

പകര്‍ച്ചപ്പനിക്ക് പുറമെ ഡെങ്കിപ്പനി, എലിപ്പനി എന്നിവയും കുതിച്ചുയരുകയാണ്. കഴിഞ്ഞമാസം 30മുതല്‍ ഈമാസം 12വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 1,884 പേര്‍ക്ക് ഡെങ്കിയും 394 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 


ഡെങ്കിപ്പനി ബാധിച്ച് അഞ്ചും എലിപ്പനി മൂലം 17ഉം പേര്‍ മരിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് എലിപ്പനി, ഡെങ്കി മരണങ്ങളുണ്ടായത്. മഴക്കാലമെത്തിയതോടെ കനത്ത ജാഗ്രത പാലിക്കണമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.

പനിക്ക് പുറമെ മലിനജലത്തിലൂടെ ഉണ്ടാകുന്ന ഹെപ്പറ്റെറ്റ് എ രോഗവും സംസ്ഥാനത്ത് പടരുകയാണ്. 1,134 പേര്‍ ഇക്കാലയളവില്‍ ഹെപ്പറ്റൈറ്റസ് എ ബാധിതരായി. നാല് മരണങ്ങളുമുണ്ടായി.


കൊതുക് വ്യാപനം തടയുകയാണ് ഡെങ്കിയെ നേരിടാനുള്ള മാര്‍ഗം. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം. ഇവര്‍ ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണമെന്നാണ് അറിയിപ്പ്. പ്രാരംഭഘട്ടത്തില്‍ ചികിത്സിക്കാത്തതാണ് എലിപ്പനി മരണങ്ങള്‍ക്ക് കാരണം.


 പനിക്ക് സ്വയംചികിത്സ വേണ്ടെന്നും മൂന്നുദിവസത്തില്‍ കൂടുതല്‍ പനിയുണ്ടെങ്കില്‍ വിദഗ്ദ്ധ ചികിത്സ തേടണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.  തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. 

കൊതുക് നിവാരണത്തില്‍ പ്രത്യേക ശ്രദ്ധവേണം. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ നിസാരമായി കാണരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഓരോരുത്തരും മുന്‍കരുതലെടുക്കണം.


രോഗലക്ഷങ്ങള്‍ അവഗണിക്കുകയോ സ്വയം ചികിത്സ നടക്കുകയോ ചെയ്യരുത്. കൊതുകിന്റെ ഉറവിട നശീകരണം ഉറപ്പാക്കണം. വീടിനുള്ളില്‍ ചെടിച്ചട്ടിയില്‍ വെള്ളം കെട്ടുന്ന സാഹചര്യം ഉള്‍പ്പെടെ ഒഴിവാക്കണം. മലിന ജലത്തിലിറങ്ങിയവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.



ഡെങ്കിപ്പനി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ :
?    വീട്ടിലും പരിസരത്തും കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക.
?    ആഴ്ചയില്‍ ഒരിയ്ക്കല്‍ ഡ്രൈ ഡേ ആചരിക്കുക.
?    കൊതുക് കടി ഏല്ക്കാതിരിക്കാന്‍ കൊതുക് വല, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക.


ഇന്‍ഫ്‌ലുുവെന്‍സ  പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ :
?    മാസ്‌ക് ധരിക്കുക.
?    പനിയുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക.

ചെള്ളുപനി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ :
?    വീടിന് ചുറ്റുമുള്ള കുറ്റിച്ചെടികള്‍ ഒഴിവാക്കുക.
?    ചെള്ളുകടിയേല്ക്കാതിരിക്കാന്‍ ഫുള്‍ സ്ലീവ് ഷര്‍ട്ടുകള്‍, പാന്റ്  എന്നിവ ധരിക്കുക.
?    ജോലി കഴിഞ്ഞു വന്നാല്‍ വസ്ത്രം മാറുകയും കുളിക്കുകയും ചെയ്യുക.
?    പനി, ശരീരം വിറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ഡോക്ടറെ കാണിക്കുക.


എലിപ്പനി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ :
?    ചെളിയിലും വെള്ളത്തിലും ജോലി ചെയ്യുന്ന എല്ലാവരും ആഴ്ചയിലൊരിയ്ക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുക.
?    ചെളിയിലും വെള്ളത്തിലും ഇറങ്ങുന്നവര്‍ കയ്യുറ, ഗംബൂട്ട് എന്നിവ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
?    പനി, ശരീരം വേദന, കണ്ണിന് ചുറ്റും വേദന, മൂത്രത്തിന് മഞ്ഞനിറം എന്നിവ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടുക.
?    വീട്ടില്‍ കന്നുകാലികള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ അടിയന്തിരമായി ഡോക്ടറെ കാണേണ്ടതും വീട്ടില്‍ വളര്‍ത്തു മൃഗങ്ങള്‍ ഉള്ള വിവരം ഡോക്ടറെ അറിയിക്കേണ്ടതുമാണ്.

പനി ബാധിച്ചാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
?    പനി ബാധിച്ചവര്‍ മറ്റുള്ളവരുമായി (പ്രത്യേകിച്ച് കുട്ടികള്‍, മറ്റ് അസുഖബാധിതര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി) സമ്പര്‍ക്കത്തില്‍ വരുന്നത് ഒഴിവാക്കേണ്ടതാണ്.
?    മാസ്‌ക് ധരിക്കേണ്ടതാണ്.
?    ഏതൊരു പനിയായാലും സ്വയം ചികിത്സ ഒഴിവാക്കേണ്ടതും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം മരുന്ന് കഴിക്കേണ്ടതുമാണ്.
?    കൈകള്‍ ഇടയ്ക്കിടെ വൃത്തിയുള്ള വെള്ളത്തില്‍ കഴുകുക.
?    തിളപ്പിച്ചാറിയ വെള്ളം 3-4 ലിറ്ററെങ്കിലും ദിവസേന കുടിക്കുക.
?    തുമ്മുമ്പോഴും ചുമയ്ക്കുമ്പോലും തൂവാല ഉപയോഗിക്കുക.
?    ഇടയ്ക്കിടയ്ക്ക് കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക.
?    ഡെങ്കിപ്പനി ലക്ഷണങ്ങള്‍ ആണെങ്കില്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
?    പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക.
?    തുടര്‍ച്ചയായ വയറുവേദന, തുടര്‍ച്ചയായ ഛര്‍ദ്ദി, ശരീരത്തില്‍ നീര്, വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരിക, കൂടുതല്‍ ക്ഷീണം അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടിയന്തിരമായി ഡോക്ടറെ കാണുക.


ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
?    രോഗിയെ കാണാന്‍ വരുന്ന സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുക.
?    രോഗിക്ക് കൃത്യമായ ഇടവേളകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം നല്കുക.
?    രോഗിക്ക് കൊതുക് കടിയേല്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
?    സ്വയം കൊതുക് കടിയേല്ക്കാതിരിക്കാന്‍ ശരീരത്തില്‍ ലേപനങ്ങള്‍ പുരട്ടുക.
?    മാസ്‌ക് ധരിക്കുക.

Advertisment