/sathyam/media/media_files/vVGZ7g4N0qzL1h0mAsTv.jpg)
ഇടുക്കിയില്‍ ആദിവാസി ഊരുകളില്‍ സര്‍ക്കാര്‍ വിതരണംചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റിലെ വെളിച്ചെണ്ണ
കോട്ടയം: ഓണക്കാലമെത്തി, വിപണിയില്‍ മായം കലര്‍ന്ന ഉല്‍പ്പന്നങ്ങളും പരിശോധന നടത്താതെ ഭക്ഷ്യസുരക്ഷാ വിഭാഗവും. ഓണക്കാലമെത്തിയതോടെ മായം കലര്‍ന്ന വെളിച്ചെണ്ണയടക്കം വിപണിയില്‍ സജീവമാണ്. സംസ്ഥാന സര്‍ക്കാര്‍ ഉല്‍പ്പന്നമായ കേരയ്ക്കു സമാനമായ പായ്ക്കിങ്ങുമെല്ലാമായി എത്തുന്ന വ്യാജനു വിലക്കുറവാണെന്നതിനാല്‍ സാധാരണക്കാര്‍ വാങ്ങിക്കുകയും ചെയ്യും.
ഇതു ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ക്കും വഴിവെക്കും. മായം കലര്‍ന്ന വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളും സജീവമാണ്. വെളിച്ചെണ്ണയില്‍ ഉണ്ടാക്കി എന്നതിന്റെ പേരില്‍ ഇവയ്ക്കു നല്ല വിലയും നല്‍കേണ്ടി വരുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ വ്യത്യസ്തമായ ബോട്ടിലുകളിലും മറ്റുമാണു വെളിച്ചെണ്ണയുടെ വരവ്.
പായ്ക്കറ്റിലെയും വിലയിലെയും ആകര്‍ഷണീയത കണ്ടു ഉല്‍പ്പന്നം വാങ്ങിയാല്‍ ആരോഗ്യം തകരാറിലാകുമെന്നു മാത്രം. ഇതിന് ഉദാഹരണമാണ് ഇടുക്കിയിൽ നടന്നത്.
സർക്കാർ കിറ്റിൽ നിന്നു ലഭിച്ച വെളിച്ചെണ്ണ ഉപയോഗിച്ച വെണ്ണിയാനി ഊരിലെ 60 ആദിവാസി കുടുംബങ്ങളിലെ ആളുകള്‍ക്കു ഭക്ഷ്യവിഷബാധയേറ്റിരുന്നു.
തുടർന്ന് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത കമ്പനിക്ക് ഏഴു ലക്ഷം രൂപ പിഴ ചുമത്തി ഇടുക്കി ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കിയതു മണിക്കൂറുകള്‍ക്കു മുന്‍പാണ്.
സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യക്കിറ്റിലുണ്ടായിരുന്ന കേരശക്തി എന്ന വെളിച്ചെണ്ണ വിതരണം ചെയ്ത സ്റ്റാര്‍ ഫുഡ്‌സ് സ്ഥാപനത്തിന്റെ ഉടമ ഷിജാസിനാണു പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ അടക്കാനാണു കമ്പനിക്കു കലക്ടറുടെ നിര്‍ദേശം.
കേരശക്തി കമ്പനിയുടെ വെളിച്ചെണ്ണയില്‍ മായമുണ്ടെന്നു ചൂണ്ടിക്കാട്ടി ആദിവാസി ഊരിലെ മൂപ്പന്റെ നേതൃത്വത്തില്‍ കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുവന്നു. തുടര്‍ന്നു ഭക്ഷ്യസുരക്ഷാ വകുപ്പു നടത്തിയ പരിശോധനയിലാണു മായം കലര്‍ന്നതായി കണ്ടെത്തിയത്. ഇതു ഒറ്റപ്പെട്ട സംഭവായി ചിത്രീകരിക്കാനും ശ്രമമുണ്ട്.
ഓണക്കാലത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയ്ക്കു പുറമെ പഴകിയ ശര്‍ക്കര ഉപയോഗിച്ചുള്ള ശര്‍ക്കരവരട്ടിയും വിപണിയില്‍ ലഭ്യമാണ്. പഴകിയ ശര്‍ക്കര തമിഴ്‌നാട്ടില്‍ നിന്നും വന്‍ വിലക്കുറവില്‍ ലഭിക്കുമെന്നതിനാല്‍ ഇരട്ടി ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്.
ഉഴുന്നുമാവും പപ്പടക്കാരവും നല്ലെണ്ണയും ഉപ്പുമാണു നല്ല പപ്പടത്തിന്റെ ചേരുവയെങ്കില്‍ ഓണക്കാല പപ്പടങ്ങളില്‍ മൈദയും കടലമാവും അലക്കുകാരം വരെയുണ്ടാകും. ഒരേ ആളുകള്‍ തന്നെ പല പേരുകളില്‍ പപ്പടം പായ്ക്ക് ചെയ്ത് എത്തിക്കുകയും ചെയ്യും. വെളിച്ചെണ്ണയില്‍ വറുത്ത ഏത്തക്കായ എന്ന പേരില്‍ പാമോയിലിലും മറ്റും വറുക്കുന്ന കറിക്കായ പോലും ഓണ ഉപ്പേരിയില്‍ സ്ഥാനം പിടിയ്ക്കും. വില്‍പ്പന പൊടിപൊടിക്കുമ്പോള്‍ ഗുണനിലവാരം ആരും ശ്രദ്ധിക്കാറുമില്ല.
എന്തെങ്കിലും പരാതി ഉയര്‍ന്നാല്‍ മാത്രം നടപടി എന്ന നിലപാടാണു കഴിഞ്ഞ കുറച്ചു നാളുകളായി ഭക്ഷ്യവകുപ്പു സ്വീകരിച്ചു വരുന്നത്. എല്ലാ വര്‍ഷവും ഓണമടുക്കുമ്പോള്‍ പേരിനൊരു പരിശോധന നടത്തി ഒന്നോ രണ്ടോ കമ്പനികള്‍ക്കെതിരേ നടപടി എടുത്തു എല്ലാം അവസാനിപ്പിക്കുകയാണു പതിവെങ്കിൽ ഇക്കുറി പരിശോധനകള്‍ കാര്യമായി നടന്നിട്ടുമില്ല.