Advertisment

കാശുകൊടുത്തിട്ടല്ലേ, നല്ലഭക്ഷണം കൊടുത്തുകൂടെ. കോട്ടയത്തു രണ്ടു കിലോ പഴകിയ ബിരിയാണി പിടിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ ബിരിയാണിയില്‍ പുഴു ! ആണ്ടിലൊരിക്കല്‍ മാത്രം പരിശോധനയെന്ന ഉദ്യോഗസ്ഥരുടെ നിലപാട് എന്നു മാറും ?

New Update
H

കോട്ടയം: കാശുകൊടുത്തു വിഷം വാങ്ങി കഴിക്കുന്ന അവസ്ഥയാണു നമ്മുടെ പല ഹോട്ടലുകളിലും ഭക്ഷണം കഴിക്കുന്നവരുടെ അവസ്ഥ. പഴകിയതും പുഴുകയറിയതും ഒക്കെയാണെങ്കിലും വിലക്കുറവൊന്നും പ്രതീക്ഷിക്കരുത്.

Advertisment

ഒരു ഫുള്‍ ബിരിയാണിക്ക് കൊടുക്കണം 140 രൂപ, ഊണിന് സ്‌പെഷല്‍ ഇല്ലാതെ 70. മീന്‍ വറുത്തതോ മറ്റെന്തെങ്കലും ഉണ്ടെങ്കില്‍ 100 മുതല്‍ 110 രൂപ വരെ, ഒരു പ്ലേറ്റ് ബീഫ് ഫ്രൈക്ക് 120 രൂപ, ചിക്കന് 100 എന്നിങ്ങനെയാണു വില നിലവാരം. പക്ഷേ, ഇത്രയും കാശുകൊടുത്തു ഭക്ഷണം വാങ്ങി കഴിക്കുമ്പോള്‍ അതു നല്‍കുന്ന ഹോട്ടല്‍ ഉടമ അല്‍പം മനസാക്ഷി ഉപഭോക്താക്കളോട് കാണിക്കേണ്ടതുണ്ട്.

പക്ഷേ, ഇവിടെ അതുണ്ടാകാറില്ലെന്നു മാത്രം. ലാഭം കിട്ടാന്‍ എന്തു വിഷവും മനുഷ്യനെ കൊണ്ട് തീറ്റിച്ചേ അടങ്ങൂ എന്ന പലരുടെയും വാശി നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും പേരുദോഷം ഉണ്ടാക്കുന്നുണ്ട്.

 

രണ്ടു ദിവസത്തിനുള്ളില്‍ കണ്ടെത്തിയ ഗുരുതര ക്രമക്കേടുകള്‍

ഇത്തരത്തില്‍ ആശങ്ക ഉണ്ടാക്കുന്ന വാര്‍ത്തകളാണു കഴിഞ്ഞ രണ്ടു ദിവസം കൊണ്ടു കോട്ടയത്ത് ഉയര്‍ന്നു വന്നത്. വൃത്തിഹീനമായ സഹചര്യത്തില്‍ ഉണ്ടാക്കുന്നതും പഴകിയ ഭക്ഷണം വളമ്പിയതുമായ നാഗമ്പടം ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ റീജെന്‍സിയില്‍ നിന്നും രണ്ടു കിലോ പഴകിയ ബിരിയാണി പിടിച്ചെടുത്തു.

കെ.ആര്‍ ബേക്കേഴ്‌സില്‍ നിന്നും പുനരുപയോഗ്യമല്ലാത്ത പേപ്പര്‍ കപ്പ് 500 എണ്ണം പിടിച്ചെടുത്തു. ശക്തി ടൂറിസ്റ്റ് ഹോം, ടി.ബി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഇംപീരിയല്‍, ബസന്ത്, പ്ലാസ, ഗ്രാന്റ് അംബാസിഡര്‍, ഇന്ത്യന്‍ കോഫി ഹൗസ് എന്നിവിടങ്ങളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.

ബേക്കര്‍ ജങ്ഷനിൽ ഹോട്ടല്‍ ആര്യാസ്, നാഗമ്പടത്തെ രമ്യ, സാമ്രാട്ട്, സീസര്‍ പാലസ്, കെ.എസ്.ആര്‍.ടി.സി കാന്റീന്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇവിടങ്ങളില്‍ പാകം ചെയ്ത് ഫ്രീസറില്‍ സൂക്ഷിച്ച ഭക്ഷണ പദാര്‍ത്ഥം, വൃത്തിഹീനമായ അടുക്കള, മതിയായ ടോയ്‌ലെറ്റ് സംവിധാനമില്ല, ലൈസന്‍സ് പ്രദര്‍ശിപ്പിച്ചിട്ടില്ല, ഹെല്‍ത്ത് കാര്‍ഡ് ഇല്ല, മാലിന്യങ്ങള്‍ തരംതിരിച്ചു സൂക്ഷിച്ചിട്ടില്ല തുടങ്ങിയ അപാകതകള്‍ കണ്ടെത്തുകയും ചെയ്തു. പിന്നാലെയാണു കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീനില്‍ വിതരണം ചെയ്ത ബരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയത്. പരാതിയെ തുടർന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കാന്റീന്‍ അടച്ചു പൂട്ടി.

കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നതാകട്ടെ മോര്‍ച്ചെറിക്കു തൊട്ടു സമീപം. ആശുപത്രിയിലെ ജീവനക്കാര്‍ പേലും ഇവിടെ നിന്നു പരമാവധി കഴിക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. രോഗികളാകട്ടെ നിവര്‍ത്തിയില്ലാതെയാണ് ഇവിടെ നിന്നു ഭക്ഷണം കഴിച്ചിരുന്നതും. പരിശോധനയില്‍ ഉണ്ടാക്കി വെക്കുന്ന ഭക്ഷണം എടുത്തു വെക്കാന്‍ ശുചിയായ ഒരു പാത്രം പോലും ഉണ്ടായിരുന്നിെല്ലന്നു കണ്ടെത്തിയിരുന്നു. 

 

നടപടി എന്തൊക്കെ

ഇത്രയൊക്കെ ക്രമക്കേടുകള്‍ നടന്നിട്ടും അധികൃതര്‍ എന്തു നപടി എടുത്തു എന്നു ചോദിച്ചല്‍ പിഴവുകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി എന്നാകും ഉത്തരം. കാഞ്ഞിരപ്പള്ളിയിലെ കാന്റീന്‍ അടച്ചു പൂട്ടാനും നിര്‍ദേശം നല്‍കി. ഇതോടെ ശിക്ഷാ നപടികള്‍ അവസാനിച്ചു.

എഴു ദിവസം കഴിഞ്ഞു പ്രശ്‌നം പരിഹരിച്ചു എന്ന പേരില്‍ സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങും. മറ്റു നിവര്‍ത്തിയില്ലാതെ ജനം ഇവിടെ നിന്നെല്ലാം ഭക്ഷണം കഴിച്ചു മടങ്ങുകയും ചെയ്യും. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീനിലെ 15 ജീവനക്കാരില്‍ ഒരാള്‍ക്കു മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരുന്നത്.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടേ കാന്റീന്‍ തുറക്കാവൂവെന്നു പഞ്ചായത്ത് നല്‍കിയ നോട്ടീസില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാന്റീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കരാറുകാരന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ നല്‍കിയ നിര്‍ദേശം. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ അടച്ചിടാനാണു നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം മോര്‍ച്ചറി പരിസരത്തു നിന്ന് കാന്റീന്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ജനം ഉന്നയിക്കുന്നുണ്ട്.

 

എന്ന് അവസാനിക്കും ആറു മാസം കൂടുമ്പോള്‍ മാത്രമുള്ള പരിശോധന?

ഒരു സ്ഥാനപനം ഒരിക്കല്‍ ക്രമക്കേട് കാണിച്ചാല്‍ അത് അറിവുകേടു കൊണ്ടാണെന്നു വെക്കാം. പക്ഷേ, ഇത്തരം സ്ഥാപനങ്ങള്‍ക്കു നേരെ ആരോഗ്യവിഭാഗം നടപടി എടുത്തിട്ടും അവര്‍ വീണ്ടും ക്രമക്കേട് തുടര്‍ന്നാല്‍ അത് ഉദ്യോസ്ഥരുടെ കഴിവുകേടുകൊണ്ടാണെന്നേ പറയാനാകൂ.

ആറു മാസം കൂടുമ്പോള്‍ മാത്രമാണ് ആരോഗ്യ വിഭാഗം പരിശോധന എന്ന പേരില്‍ പുറത്തിറങ്ങാറുള്ളൂ. അന്നു എന്തോ ചെയ്തു എന്ന മട്ടില്‍ വ്യാപക പരിശോധന നടത്തി പഴകിയ ഭക്ഷണത്തിനു മുന്നിൽ നിന്നു ചിത്രവും എടുത്തു പ്രശ്‌നം പരിഹരിക്കണമെന്ന ഉപദേശവും നല്‍കി മടങ്ങും. ഇതാണു പലയിടങ്ങളിലും നടക്കുന്നത്. ഹോട്ടലുകളിലെ തൊഴിലാകളികള്‍ക്കു ഹെല്‍ത്ത് കാര്‍ഡ് ഉണ്ടോ, ഹോട്ടല്‍ വൃത്തിയുള്ള സാഹചര്യത്തിലാണോ പ്രവര്‍ത്തിക്കുന്നത്.

 വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ കൃത്യമായി പരിശോധിക്കേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കുണ്ട്. എന്നാല്‍, ഒരു വര്‍ഷത്തില്‍ രണ്ടു തവ മാത്രം പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ നിലപാടാണു ഹോട്ടലുകള്‍ക്കു കേമക്കേടുകള്‍ കാണിക്കാന്‍ പ്രചോദനമാകുന്നത്. അല്‍പം പിടിപാടുള്ള ആളുകളുടെ ഉടമസ്ഥതയില്‍ ഉള്ള ഹോട്ടല്‍ ആണെങ്കില്‍ പരിശോധനയും ഉണ്ടാകില്ല.

ഇതാണു കാഞ്ഞിരപ്പള്ളിയില്‍ ഉണ്ടായത്. കലങ്ങളായി വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനെതിരെ ആരോപണം ഉണ്ടായിട്ടും ആരോഗ്യവിഭാഗം ഇങ്ങോട്ടേ തിരിഞ്ഞു നോക്കാന്‍ വരെ മടിച്ചു.

ശിക്ഷാ നടപടികള്‍ പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചു

ഒരാള്‍ക്കു വിഷം നല്‍കുന്നതു ക്രിമിനൽ കുറ്റമാണ്. അതേ കുറ്റം തന്നെയാണു പഴകിയ ഭക്ഷണം മനപൂര്‍വം ആഹാരം കഴിക്കാനെത്തുന്ന ജനങ്ങള്‍ക്കു നല്‍കുന്നതിലൂടെ ഹോട്ടലുകള്‍ ചെയ്യുന്നത്. പക്ഷേ, ഇവിടെ പഴകിയ ഭക്ഷണം കഴിച്ചു ആരുടെയെങ്കിലും ജീവന്‍ പൊലിഞ്ഞാല്‍ മാത്രം കടുത്ത ശിക്ഷ എന്ന നിലപാടാണ്. അല്ലെങ്കില്‍ ഏഴു ദിവസത്തെ നോട്ടീസ് നല്‍കി പ്രശ്‌നം പരിഹരിക്കണമെന്ന ഉപദേശം മാത്രം.

കൂടിപോയാല്‍ ഒരു തുക പിഴയും ഒടുക്കേണ്ടിവരും. പഴകിയ ഭക്ഷണം വിളമ്പുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുകയും ഇവര്‍ക്കെതിരെ മറ്റു നിയമ നപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന തരത്തിലേക്കു നിയമം മാറിയാലെ ഇത്തരം പ്രവണതകള്‍ അവസാനിക്കൂ.

 

 

 

Advertisment