/sathyam/media/media_files/ZTIJzEBSeckORP1AFXsA.jpg)
ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പേരിൽ സി.പി.എം സംസ്ഥാന നേതൃത്വം പ്രതിസ്ഥാനത്ത് നിർത്തി വിമർശിക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന് പിന്തുണയുമായി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. കമ്യൂണിസ്റ്റ് പാർട്ടിയെ നിർണായക ഘട്ടങ്ങളിൽ സഹായിച്ച വ്യക്തിയാണ് വെള്ളാപ്പള്ളിയെന്നും പാർട്ടി എടുത്ത നിലപാടുകളിലെ ശുദ്ധതയെ പറ്റി അദ്ദേഹത്തിന് സംശയം ഉണ്ടെങ്കിൽ അദ്ദേഹത്തോട് സംസാരിച്ച് തീർക്കണമെന്നും ജി. സുധാകരൻ തുറന്നടിച്ചു.
തിരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെടുന്ന വോട്ടുകളെ ഈഴവ വോട്ടുകളെന്ന് പറഞ്ഞ് സാമുദായികമായി വിഭജിക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് ചൂണ്ടിക്കാട്ടിയ സുധാകരൻ വെള്ളാപ്പള്ളിയെ വിമർശിച്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. വോട്ടുകളെ ജാതി തിരിച്ച് കണക്കാക്കുന്നതിന് പകരം വർഗ പരമായാണ് വിലയിരുത്തേണ്ടെതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഈഴവ വോട്ടുകളിൽ ഒരു വിഭാഗം ബി.ജെ.പിയിലേക്ക് പോയെന്നും അത് ശരിയാണോ എന്ന് ശ്രീനാരായണ ആദർശങ്ങളിൽ വിശ്വസിക്കുന്ന പ്രസ്ഥാനവും അതിൻെറ നേതൃത്വവും ആത്മപരിശോധന നടത്തണമെന്നുമായിരുന്നു തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. സംസ്ഥാന കമ്മിറ്റിക്ക് ശേഷമുളള പത്ര സമ്മേളനത്തിലും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇക്കാര്യം പറഞ്ഞിരുന്നു.
പാർട്ടി മുഖപത്രത്തിലെ പ്രതിവാര പംക്തിയിലും വെളളാപ്പളളി നടേശനെതിരായ വിമർശനം ആവർത്തിച്ച എം.വി. ഗോവിന്ദൻ വെളളാപ്പളളിയുടെ മുസ്ളീം പ്രീണന ആരോപണത്തെയും തളളിപ്പറഞ്ഞിരുന്നു.
എന്നാൽ ഈഴവ വോട്ടുകൾ ചോർന്നതിൽ വെളളാപ്പളളിയെ പ്രതിസ്ഥാനത്ത് നിർത്തുന്നതിനോട് ആലപ്പുഴയിലെ സി.പി.എമ്മിലെ വലിയൊരു വിഭാഗം യോജിക്കുന്നില്ല. അതാണ് ജി.സുധാകരൻെറ തുറന്നു പറച്ചിലിലൂടെ പുറത്തുവന്നിരിക്കുന്നത്.
വോട്ട് ചോർച്ചയുടെ പേരിൽ സി.പി.എം സംസ്ഥാന കമ്മിറ്റി എത്തിച്ചേർന്ന വിലയിരുത്തലിനെ ദീർഘകാലം ആ ഘടകത്തിൽ അംഗമായിരുന്ന മുതിർന്ന നേതാവ് തന്നെ തളളിപ്പറയുന്നു എന്നതാണ് സുധാകരൻെറ പ്രതികരണത്തിൻെറ പ്രസക്തി. വെളളാപ്പളളിയെ അനുകൂലിച്ച് ജി.സുധാകരൻ രംഗത്ത് വരുന്നതിന് മുൻപ് തന്നെ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ വെളളാപ്പളളിക്ക് വേണ്ടി എം.എൽ.എമാർ തന്നെ കച്ചകെട്ടിയിറങ്ങിയിരുന്നു.
വോട്ട് ചോർച്ചയിൽ വെളളാപ്പളളിയെ കുറ്റപ്പെടുത്തുന്ന സംസ്ഥാന നേതൃത്വത്തിൻെറ ലൈനിനൊപ്പം തങ്ങളില്ല എന്ന് പ്രഖ്യാപിക്കുകയാണ് എം.എൽ.എമാർ ചെയ്തത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാനുളള അടവ് നയമാണ് എം.എൽ.എമാരുടെ വെളളാപ്പളളി ഭക്തിയെന്ന് കരുതിയിരുന്നെങ്കിലും ജി. സുധാകരൻ കൂടി വെളളാപ്പളളിയെ പിന്തുണച്ച് വന്നതോടെ ആലപ്പുഴയിലെ പാർട്ടിയിൽ അതൊരു ഒറ്റപ്പെട്ട ശബ്ദമല്ലെന്ന് വ്യക്തമാക്കപ്പെടുകയാണ്.
അമ്പലപ്പുഴയിൽ വീണ്ടും മത്സരിക്കാനുളള ആഗ്രഹം നടക്കാതെ വന്നതിൽ പിന്നെ ശത്രുതയിലായിരുന്ന ജി. സുധാകരനും എച്ച്. സലാം എം.എൽ.എയും തമ്മിൽ വെളളാപ്പളളി വിഷയത്തിൽ യോജിച്ചതും ശ്രദ്ധേയമായി.
വോട്ട് ചോർച്ചയിൽ വെളളാപ്പളളിയെ കുറ്റപ്പെടുത്തുന്നതിൻെറ യുക്തി ചോദ്യം ചെയ്താണ് എം.എൽ.എമാരായ എച്ച്.സലാമും പി.പി.ചിത്തരഞ്ജനും വെളളാപ്പളളിയെ പ്രതിരോധിക്കുന്നതെങ്കിൽ 50 കൊല്ലമായി തുടരുന്ന ബന്ധം ഓർമ്മിച്ചാണ് ജി.സുധാകരൻ വെളളാപ്പളളിയെ പിന്തുണക്കുന്നത്.
''വെള്ളാപ്പള്ളി കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരുപാട് സഹായിച്ച വ്യക്തിയാണ്. 50 വർഷമായി എനിക്ക് അദ്ദേഹത്തെ നേരിട്ടറിയുന്നതാണ്. നമ്മൾ ഒരു കാര്യം പറഞ്ഞാൽ അദ്ദേഹം തള്ളില്ല.അദ്ദേഹം അഭിപ്രായം തുറന്നു പറയുന്ന ആളാണ്. ചിലപ്പോൾ
പാർട്ടിയെ ബുദ്ധിമുട്ട് ഉണ്ടാകുന്ന അഭിപ്രായം പറഞ്ഞു കാണും. അദ്ദേഹത്തിന് അഭിപ്രായം പറയാൻ ആരോടും ചോദിക്കേണ്ട ആവശ്യമില്ല, പക്ഷേ അദ്ദേഹം അത് എല്ലാവരെയും പറ്റിയും പറയുന്നതാണ്. അദ്ദേഹവുമായി സംസാരിച്ച് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കണം.ഈഴവ വോട്ടുകൾ എന്ന വോട്ട് ഇല്ല. വോട്ടുകളിൽ എല്ലാ സമുദായക്കാരും ഉണ്ട്. പാർട്ടി എടുത്ത നിലപാടുകളിലെ ശുദ്ധതയെ പറ്റി അദ്ദേഹത്തിന് സംശയം ഉണ്ടെങ്കിൽ അദ്ദേഹത്തോട് സംസാരിച്ച് തീർക്കണം. കമ്യൂണിസ്റ്റ് പാർട്ടിയെ നിർണായക ഘട്ടങ്ങളിൽ സഹായിച്ച വ്യക്തിയാണ് വെള്ളാപ്പള്ളി. അഭിപ്രായം തുറന്ന് പറയുന്ന ശീലം അദ്ദേഹത്തിനുണ്ട് .സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു'' ജി.സുധാകരൻ വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് കാലത്തും മറ്റും പാർട്ടിയെ കൈയ്യയച്ച് സഹായിച്ചതും ഗൗരിയമ്മയെ പുറത്താക്കിയ ഘട്ടത്തിൽ എസ്.എൻ.ഡി.പി അവർക്ക് വേണ്ടി രംഗത്തിറങ്ങാത്തതും ഓർമ്മിച്ചാണ് സുധാകരൻ വെളളാപ്പളളിയെ പിന്തുണക്കുന്നത്. മുസ്ലിം പ്രീണനമാണ് സി.പി.എമ്മും സർക്കാരും നടത്തുന്നതെന്ന വെളളാപ്പളളിയുടെ ആരോപണത്തെ കുറിച്ച് ജി. സുധാകരൻ ഒന്നും പറയാത്തതും ശ്രദ്ധേയമായി.
വോട്ടുകളെ ജാതീയമായി വിഭജിച്ച് കാണുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ലെന്ന് നേതൃത്വത്തെ ഓർമ്മിപ്പിക്കുന്ന സുധാകരൻ, നവോത്ഥാന സമിതിയുടെ അധ്യക്ഷ സ്ഥാനത്തിരുന്ന് കൊണ്ട് വെളളാപ്പളളി നടത്തിയ വിദ്വേഷ ചുവയുളള പ്രസ്താവനയെ കുറിച്ച് മൗനം പാലിക്കുന്നത് അതിശയകരമാണ്.