കോട്ടയം: ബിജെപി നേതാവായി ഒരു ക്രൈസ്തവ നാമധാരിയോ.. ? ജോർജ് കുര്യൻ എന്ന ബിജെപി നേതാവ് നാലു പതിറ്റാണ്ടിന് മുമ്പ് കേട്ട ചോദ്യമാണിത്.
ബിജെപിയോടും ആർ എസ് എസിനോടും ക്രൈസ്തവ സമുദായം അകലം പാലിച്ച കാലത്ത് തന്നെ ബിജെപിയായിരുന്നു ജോർജ് കുര്യൻ. വിദ്യാർത്ഥി ജനതയുടെയും യുവമോർച്ചയുടെയുമൊക്കെ നേതൃത്വത്തിലൂടെ ജോർജ് കുര്യൻ ബി ജെ പിയിൽ വളർന്നു.
കോട്ടയത്ത് നിന്ന് രണ്ടു വട്ടം പാർലമെന്റിലേക്കും ഒരു വട്ടം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലേക്കും ജോർജ് കുര്യൻ മത്സരിച്ച് തോറ്റു. തോൽവി ഉറപ്പായിരുന്നപ്പോഴും പാർട്ടി പറഞ്ഞത് എതിർവാക്കില്ലാതെ അംഗീകരിച്ചാണ് അദ്ദേഹത്തിന്റെ ശീലം.
ഒ രാജഗോപാൽ കേന്ദ്രമന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫംഗമായി പ്രവർത്തിച്ചു. പാർട്ടി ജനറൽ സെക്രട്ടറി പദം നൽകിയപ്പോൾ അതും ശിരസാ വഹിച്ചു.
പിന്നീട് കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായപ്പോഴും തലക്കനമില്ലാതെ പ്രവർത്തിക്കാൻ ജോർജ് കുര്യനായി.
പാർട്ടിയിൽ പല ന്യൂനപക്ഷ മുഖങ്ങളും ബൈപ്പാസ് ചെയ്ത് അധികാര സ്ഥാനങ്ങൾ നേടിയപ്പോൾ ജോർജ് കുര്യൻ അസ്വസ്ഥനായില്ല. എന്നും അടിയുറച്ച ബിജെപിക്കാരായിരുന്നു അദേഹം.
ഒടുവിൽ അർഹതയ്ക്കുള്ള അംഗീകാരമായി ജോർജ് കുര്യനെ തേടി കേന്ദ്രമന്ത്രി പദവിയെത്തുയെത്തുന്നു. കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ രാജി വയ്ക്കുന്ന രാജസ്ഥാനിലെ രാജ്യസഭാ സീറ്റാകും ജോർജ് കുര്യന് ലഭിക്കുക.