/sathyam/media/media_files/2025/02/20/BaQ97dqXgxTXKcN93cvr.jpg)
തിരുവനന്തപുരം: ഗവർണർ കണ്ണുരട്ടിയതോടെ യു.ജി.സി ചട്ട ഭേദഗതിക്ക് എതിരായ കൺവൻഷനുമായി ബന്ധപ്പെട്ട സർക്കുലർ തിരുത്തി സർക്കാർ.
കൺവെൻഷനിലെ പങ്കാളിത്തത്തെ കുറിച്ചും, ഡ്യൂട്ടി ലീവ്, ചെലവ് തുടങ്ങിയവയെ സംബന്ധിച്ചും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലർ ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണർ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് അറിയിച്ചതോടെയാണ് സർക്കുലർ തിരുത്താൻ സർക്കാർ നിർബന്ധിതമായത്.
യു.ജി.സി റഗുലേഷൻ 2025ൻെറ കരടിനെതിരെ ദേശിയ ഉന്നത വിദ്യാഭ്യാസ കൺവൻഷൻ സംബന്ധിച്ച് എന്ന സർക്കുലറിലെ വാചകത്തിലാണ് സർക്കാർ തിരുത്തൽ വരുത്തിയത്.
യു.ജി.സി കരടിന് "എതിരായ" എന്ന പരാമർശം നീക്കിക്കൊണ്ടാണ് തിരുത്തൽ. കൺവൻഷനിൽ നിശ്ചിത എണ്ണം ഡെലിഗേറ്റുകളെ പങ്കെടുപ്പിക്കണമെന്ന നിർദേശവും സർക്കുലറിൽ നിന്ന് നീക്കി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സർക്കുലർ സർവകലാശാലകൾ സ്വയംഭരണാവകാശമുളള സ്ഥാപനമാണെന്ന സങ്കൽപ്പത്തിന് തന്നെ എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചത്.
കൺവൻഷൻ ചേരുന്നതോ ചട്ട ഭേദഗതിയെ എതിർക്കുന്നതിനോ ഒന്നും താൻ എതിരല്ലെന്ന് വ്യക്തമാക്കിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഭരണഘടനാ വിരുദ്ധമായ സർക്കുലറിനെ അനുകൂലിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രിയെ അറിയച്ചത്.
ഗവർണറുടെ വാദം ശരിയെന്ന് സമ്മതിച്ച മുഖ്യമന്ത്രി വിവാദസർക്കുലർ പിൻവലിക്കാമെന്ന് അപ്പോൾ തന്നെ ഉറപ്പ് നൽകി. മുഖ്യമന്ത്രിക്ക് പിന്നാലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും രാജ് ഭവനെ ബന്ധപ്പെട്ട് സർക്കുലർ പിൻവലിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു.
ഇതിന് ശേഷമാണ് സർക്കുലർ തിരുത്താൻ തുടങ്ങിയത്. ആരിഫ് മുഹമ്മദ് ഖാൻെറ പിൻഗാമിയായി സംസ്ഥാന ഗവർണറായി ചുമതലയേറ്റശേഷം ഇതാദ്യമായാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സർക്കാർ നടപടിക്കെതിരെ വാളെടുക്കുന്നത്.
സർക്കാരുമായി നല്ല ബന്ധത്തിൽ പോകാനാണ് താൽപര്യമെന്ന് വ്യക്തമാക്കിയ ഗവർണർ അർലേക്കർ നിയമ നിർമ്മാണം അടക്കമുളള നിയമസഭയുടെ അവകാശങ്ങളിൽ കൈകടത്തില്ലെന്നും വ്യക്തമാക്കിയിരുന്നു.
കൂടിക്കാഴ്ചക്ക് എത്തിയ നിയമമന്ത്രി പി. രാജീവ്, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദവിനോടുമാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുളള ബന്ധവും ഊഷ്മളമായിരുന്നു.ഭാര്യാ സമേതനായി മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ കാണുകയും കുശലപ്രശ്നങ്ങൾ നടത്തുകയും ചെയ്തിരുന്നു.
രാജ്ഭവൻ വളപ്പിൽ പ്രഭാത നടത്തിപ്പിന് മുഖ്യമന്ത്രിയെ ഗവർണർ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ അതെല്ലാം മധുവിധുകാലം മാത്രമായിരുന്നുവെന്നും കാതലായ വിഷയങ്ങളിൽ സർക്കാരിനോട് വിട്ടുവീഴ്ചയില്ലെന്നുമാണ് സർക്കുലറിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിലൂടെ ഗവർണർ സർക്കാരിന് നൽകുന്ന സന്ദേശം.
നാളെയാണ് യുജിസി കരട് വിജ്ഞാപനത്തിനെതിരെ സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ.
കൺവൻഷനിലേക്ക് സി.പി.എം ഭരിക്കുന്ന വകുപ്പുകൾക്ക് കീഴിലുളള എല്ലാ സർവകലാശാലകളുടെയും വൈസ് ചാൻസലർമാരെയും ക്ഷണിച്ച ഉന്നത വിദ്യഭ്യാസ വകുപ്പ് ഓരോ സർവകലാശാലകളിൽ നിന്നും പങ്കെടുപ്പിക്കേണ്ടവരുടെ ക്വാട്ട നിശ്ചയിച്ച് കൊണ്ടാണ് സർക്കുലർ ഇറക്കിയത്.
പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനുളള ചെലവ് അതാത് സർവകലാശാലകളുടെ ഫണ്ടിൽ നിന്ന് എടുക്കണമെന്നും സർക്കുലറിലൂടെ നിർദ്ദേശിച്ചു.
സർക്കുലറിനെതിരെ വൈസ് ചാൻസലർമാർ ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകി. ഇതോടെയാണ് കാഴ്ചക്കാരനായി നിന്നിരുന്ന ഗവർണർ കളത്തിലിറങ്ങിയത്.
കൺവൻഷനിൽ വൈസ് ചാൻസലർമാരെ നിർബന്ധപൂർവം പങ്കെടുപ്പിക്കാൻ സർക്കാരിന് അധികാരമില്ല എന്ന് നിലപാടെടുത്ത ഗവർണർ സർക്കാരിന് ആദ്യത്തെ പ്രഹരം നൽകി.
ഗവർണർ അതൃപ്തി അറിയിക്കാൻ വിളിച്ചപ്പോൾ സർക്കാർ നടപടിയെ ന്യായീകരിക്കാനുളള വിഫല ശ്രമം മുഖ്യമന്ത്രി നടത്തിയിരുന്നു. സർക്കാർ സംഘടിപ്പിക്കുന്ന കൺവൻഷനിൽ യുജിസി കരട് ചട്ട ഭേദഗതിയെ അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും പങ്കെടുത്ത് അഭിപ്രായം പറയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.
ഗവർണർ വിയോജിപ്പ് അറിയിച്ച സാഹചര്യത്തിൽ എല്ലാവർക്കും എല്ലാത്തരം അഭിപ്രായവും പ്രകടിപ്പിക്കാനുള്ള വേദിയാക്കി കൺവെൻഷനെ മാറ്റുന്ന തരത്തിൽ പരിപാടി പുനഃസംവിധാനം ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഈ രീതിയിലുളള സർക്കുലർ അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഗവർണർ അർലേക്കർ ഉറച്ചു നിന്നു.ഇതോടെയാണ് സർക്കുലർ തിരുത്തി ഗവർണർക്ക് മുന്നിൽ സാഷ്ടാംഗം വീഴേണ്ട അവസ്ഥയിലേത്ത് സർക്കാർ എത്തിയത്.